പ്രധാനമന്ത്രിയെ കൊന്നു തിന്നണം: ഫെയ്‌സ്ബുക്കിൽ വിവാദ പരാമർശവുമായി ടിനി ടോം; ബിജെപി പരാതിയുമായി എത്തിയതോടെ ലൈവിലെത്തി മാപ്പു പറഞ്ഞു രക്ഷപെടാൻ നീക്കം; ടിനി ടോമിനെതിരെ കോട്ടയം ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതി
സ്വന്തം ലേഖകൻ
കോട്ടയം: പൗരത്വ ബിൽ വിഷയത്തിൽ താരങ്ങൾ പ്രതിഷേധവുമായി രംഗത്ത് എത്തിയപ്പോൾ ഇവർക്കു പിൻതുണയുമായി എത്തിയ ടിനി ടോം അതിരുവിട്ട പ്രതികരണത്തിന്റെ പേരിൽ പുലിവാൽ പിടിച്ചു. പ്രധാനമന്ത്രിയെ കൊന്നു തിന്നണമെന്ന രീതിയിൽ ഫെയ്‌സ്ബുക്കിൽ പ്രതികരണം നടത്തിയ ടിനി ടോം ഒടുവിൽ ലൈവിൽ എത്തി മാപ്പ് പറയുകയായിരുന്നു. ടിനി ടോമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും ബിജെപി പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. ടിനി ടോമിനെതിരെ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എം.വി ഉണ്ണികൃഷ്ണനാണ് ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതി നൽകിയത്.
പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തെ പിൻതുണച്ചാണ് ടിനി ടോം ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടത്. മറ്റേതോ രാജ്യത്തെ പ്രധാനമന്ത്രിയെ ജനവിരുദ്ധ നയങ്ങളുടെ പേരിൽ നാട്ടുകാർ തല്ലിക്കൊന്ന് ഭക്ഷിച്ചു എന്നതായിരുന്നു ടിനി ടോമിന്റെ പോസ്റ്റ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ, തല്ലിക്കൊല്ലണമെന്ന് ഫെയ്‌സ്ബുക്കിലൂടെ ആഹ്വാനം ചെയ്തതായി ആരോപിച്ചാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന് എം.വി ഉണ്ണികൃഷ്ണൻ പരാതി നൽകിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിസംബർ 18 ന് രാവിലെ ഒൻപതിനാണ് ഇതു സംബന്ധിച്ചുള്ള പോസ്റ്റ് ടിനി ടോം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ബിജെപി – സംഘപരിവാർ പ്രവർത്തകർ പോസ്റ്റിനെതിരെ വ്യാപകമായി പ്രചാരണം നടത്തുകയും, കേസ് നൽകുകയും ചെയ്തതോടെ ടിനി ടോം പോസ്റ്റ് പിൻവലിക്കുകയായിരുന്നു. പോസ്റ്റ് പിൻവലിച്ചതിനു ശേഷവും ടിനി ടോമിനെതിരെ വ്യാപകമായി കമന്റിലൂടെ സംഘപരിവാർ അനുകൂലികൾ ആക്രമണം തുടരുകയായിരുന്നു.
ഇതിനിടെയാണ് ടിനി ടോം ഫെയ്‌സ്ബുക്ക് ലൈവിൽ എത്തി തന്റെ പോസ്റ്റിനു വിശദീകരണവും മാപ്പ് അപേക്ഷയുമായി എത്തിയത്. എന്നെ ഇങ്ങനെ ഉപദ്രവിക്കരുത്, തെറ്റു പറ്റി എന്നതായിരുന്നു ടിനി ടോമിന്റെ വാദം. എന്നാൽ, ഇത് വകവയ്ക്കാതെ കേസും, പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലെ കടുത്ത ആക്രമണവുമാണ് ടിനി ടോമിന് ഇപ്പോൾ നേരിടേണ്ടി വന്നിരിക്കുന്നത്. ടിനി ടോമിനെതിരെ സംഘപരിവാറിന്റെ വധ ഭീഷണിയും, കൂടാതെ അസഭ്യ വർഷവും സാമൂഹ്യ മാധ്യമങ്ങൾ വഴി തുടരുകയാണ്.