video
play-sharp-fill
ഒറ്റ രാത്രിയിൽ കോട്ടയം നഗര പരിധിയിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി: രണ്ടു പേർ കിണറ്റിൽ മരിച്ച നിലയിൽ; പതിനാറുകാരനായ ഒരാൾ വീടിനുള്ളിൽ തൂങ്ങി മരിച്ചു

ഒറ്റ രാത്രിയിൽ കോട്ടയം നഗര പരിധിയിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി: രണ്ടു പേർ കിണറ്റിൽ മരിച്ച നിലയിൽ; പതിനാറുകാരനായ ഒരാൾ വീടിനുള്ളിൽ തൂങ്ങി മരിച്ചു

ക്രൈം ഡെസ്ക്

കോട്ടയം: ഒറ്റ രാത്രിയിൽ കോട്ടയം നഗരപരിധിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് മൂന്നു പേർ. രണ്ടു പേരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ, ഒരാൾ വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴര മുതൽ ചൊവ്വാഴ്ച രാവിലെ ഏഴര വരെയുള്ള സമയത്തിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൂവൻതുരുത്തിൽ വ്യവസായ മേഖലയിലെ ഫാക്ടറിയ്ക്കുള്ളിലെ കിണറ്റിലാണ് ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിന് മീറ്ററുകൾ അകലെയായാണ് പതിനാറുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാഗമ്പടം എസ്.എച്ച് മൗണ്ടിന് സമീപമായാണ് തട്ടുകട ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പൂവൻതുരുത്ത് വ്യവസായ മേഖലയിലെ സെന്റ് ജോൺസ് റബർ ഇൻഡസ്ട്രീസ് ജീവനക്കാരൻ അസം സ്വദേശി ലളിത് പ്രധാനി (51) നെയാണ് ഫാക്ടറിയ്ക്കുള്ളിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസമായി ലളിതിനെ കാണാനില്ലായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ദിവസങ്ങളായി ഇയാളെ തിരയുകയായിരുന്നു. ഇതിനിടെയാണ് ഇയാളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈസ്റ്റ് പൊലീസ് എത്തി ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഫോൺ ചെയ്ത് നടന്ന് പോയ ലളിത് കാൽ വഴുതി കിണറ്റിൽ വീണ് മരണം സംഭവിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂവൻതുരുത്തിന് സമീപത്ത് തന്നെ മോഡൽ സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥി പൂവൻതുരുത്ത് കുളപ്പറമ്പിൽ മോൻസി മാത്യുവിന്റെ മകൻ സാം കെ മോൻസി (16) യെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇളയ സഹോദരൻ അസുഖ ബാധിതനായതിനാൽ സാമിന്റെ മാതാപിതാക്കൾ മറ്റൊരു വീട്ടിലാണ് താമസം. സാം വല്യമ്മയ്ക്കൊപ്പമാണ് താമസിക്കുന്നത്. തിങ്കളാഴ്ച രാത്രി 11.30 നാണ് സാമിനെ വീടിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. വല്യമ്മ ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തി. തുടർന്ന് പൊലീസ് എത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. ഡേറ്റ് ഓഫ് ബർത്തും മരണ തീയതിയും രേഖപ്പെടുത്തിയ കുറിപ്പും സാമിന്റെ മുറിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈസ്റ്റ് പൊലീസ് കേസെടുത്തു.മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.

എസ് എച്ച് മൗണ്ട് ഭാഗത്താണ് തട്ടുകട ജീവനക്കാരൻ പ്രകാശനെ കിണറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുമായി വഴക്കിട്ട ശേഷം വീട്ടിൽ നിന്നും ഇറങ്ങിയ പ്രകാശൻ കിണറിന്റെ തൊട്ടിക്കയറിൽ തുങ്ങിമരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ എസ് എച്ച് മൗണ്ട് ഭാഗത്തായിരുന്നു സംഭവം. മദ്യത്തിന് അടിമ ആയിരുന്ന പ്രകാശൻ , ദിവസങ്ങളോളമായി ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ നിന്നും തിരികെ എത്തിയ പ്രകാശൻ വീണ്ടും മദ്യപിച്ചു. ഇതേച്ചൊല്ലി പ്രകാശനും ഭാര്യയും തമ്മിൽ വാക്കേറ്റം ഉണ്ടായി. തുടർന്ന് പ്രകാശൻ ഭാര്യയെ കൊലപ്പെടുത്താൻ കത്തി മൂർച്ച കൂട്ടി. തുടർന്ന് ഭാര്യ ഗാന്ധി നഗർ പൊലീസിൽ വിവരം അറിയിച്ചു.

പൊലീസ് എത്തിയപ്പോഴേയ്ക്കും പ്രകാശൻ കിണറിന്റെ കമ്പിയിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. തുടർന്ന് കോട്ടയത്ത് നിന്നും അഗ്നി രക്ഷാ സേന എത്തി പ്രകാശന്റ കഴുത്തിലെ കുടുക്ക് എടുത്ത ശേഷം മൃതദേഹം പുറത്ത് എടുത്തു. തുടർന്ന് മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.