ആളില്ലാതെ ഇനി സമൻസുകൾ മടങ്ങില്ല ; സമൻസുകളും കോടതിനടപടികളും ഇനി അറിയിക്കുന്നത് വാട്‌സ്ആപ്പിലൂടെ
സ്വന്തം ലേഖകൻ
കൊല്ലം: മേൽവിലാസങ്ങളിലെ പ്രശ്‌നങ്ങൾ മൂലവും ആളില്ലാതെ സമൻസുകൾ മടങ്ങുന്ന രീതിയും ഇനി ഉണ്ടാവില്ല. കോടതികളിൽനിന്നുള്ള സമൻസ് ഇനി വാട്‌സ്ആപ്പിലൂടെയും കൈമാറും. കോടതിനടപടികൾ അറിയിക്കാനും സമൻസ് കൈമാറാനും സാമൂഹികമാധ്യമങ്ങൾ ഉൾപ്പെടെ ഉപയോഗിക്കാൻ തീരുമാനമായി. സംസ്ഥാന കോർട്ട് മാനേജ്‌മെന്റ് സിസ്റ്റം കമ്മിറ്റിയുടെയാണ് ഈ തീരുമാനം. ഹൈക്കോടതി ജഡ്ജിമാരും രജിസ്ട്രാറും ഡി.ജി.പിയും ആഭ്യന്തരവകുപ്പിലെയും ഹൈക്കോടതിയിലെയും ഉന്നത ഉദ്യോഗസ്ഥരും ജില്ലാ ജഡ്ജിമാരുമടങ്ങുന്നതാണ് ഈ സമിതി.
വാട്‌സ്ആപ്പിനുപുറമേ, എസ്.എം.എസ്., ഇമെയിൽ എന്നിവ വഴിയും നടപടി നടത്താം. ഇതിനായി ക്രിമിനൽ നടപടിചട്ടം 62-ാം വകുപ്പ് ഭേദഗതി ചെയ്യേണ്ടിവരും. ഇത് ഹൈക്കോടതി സർക്കാരിനെ അറിയിക്കും. വാദികളുടെയും പ്രതികളുടെയും മൊബൈൽ നമ്പറും ഇനി കേസിനൊപ്പം ഉണ്ടാവും.
കോടതികളിൽ തീർപ്പാക്കാതെ കിടക്കുന്ന കേസുകൾ വേഗംതീർപ്പാക്കാൻ ജില്ലാകളക്ടർമാരെക്കൂടി പങ്കാളിയാക്കാനും തീരുമാനിച്ചു. പഴയകേസുകൾ വേഗത്തിൽ തീർപ്പാക്കാൻ എല്ലാമാസവും ജില്ലാ ജഡ്ജിയും കളക്ടറും ജില്ലാ പോലീസ് മേധാവിയും യോഗം ചേരും. കളക്ടർമാരും ജില്ലാ പോലീസ് മേധാവിയും യോഗത്തിന് എത്തുമെന്ന് സംസ്ഥാന സർക്കാരും ഡി.ജി.പിയും ഉറപ്പാക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടുവർഷമെങ്കിലുമായ പെറ്റിക്കേസുകൾ കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ ജഡ്ജി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകയോഗം ചേർന്ന് വേഗം തീർപ്പാക്കും. രണ്ടുവർഷത്തിനിടയിൽ പലവട്ടം വാറന്റ് ഇറക്കിയിട്ടും കോടതിയിൽ ഹാജരാകാത്തവരുടെ വിവരങ്ങൾ ജനുവരി 31നകം ജില്ലാ പോലീസ് മേധാവിമാർക്ക് കൈമാറാനും തീരുമാനിച്ചു.
സംസ്ഥാനത്ത് മൊത്തം തീർപ്പാക്കാതെ 12,77,325 കേസുകളാണുള്ളത്. ഇതിൽ 3,96,889 എണ്ണം സിവിൽ കേസും 8,80,436 ക്രിമിനൽ കേസുകളുമാണ്. ഹൈക്കോടതിയിലെ കണക്ക് ഇതിൽ ഉൾപ്പെട്ടിട്ടില്ല