സാമ്പത്തിക പ്രതിന്ധിയിൽ നട്ടം തിരിയുമ്പോഴും സമരം വിജയിപ്പിക്കാൻ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളത്തോടെ കൂട്ട അവധി ; സമീപ ഡിപ്പോകളിൽ നിന്ന് ജീവനക്കാരെ എത്തിച്ച് സർവ്വീസ് നടത്താൻ നെട്ടോട്ടമോടി അധികൃതരും
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോഴും സമരം വിജയിപ്പിക്കാൻ കെ. എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളത്തോടെ കൂട്ട അവധി. തിരുവനന്തപുരം ജില്ലയിലെ കണിയാപുരം ഡിപ്പോയിൽ 18 ഡ്രൈവർമാർക്കും 20 കണ്ടക്ടർമാർക്കും അവധി നൽകണമെന്നാവശ്യപ്പെട്ട് ഒരു സംഘടന ലെറ്റർപാഡിൽ നൽകിയ അപേക്ഷയാണ് അംഗീകരിച്ചിരിക്കുന്നത്.
സംഘടനാ പ്രവർത്തകർ സമരത്തോട് വിമുഖത പ്രകടിപ്പിച്ചു തുടങ്ങിയതോടെയാണ് സമരത്തിന് ആളെ കൂട്ടാൻ നേതാക്കളുടെ പുതിയ തന്ത്രം. അവധി അനുവദിച്ചതോടെ ഈ ഡിപ്പോയിൽ നിന്നുള്ള ഭൂരിപക്ഷം സർവീസുകളും മുടങ്ങുന്ന അവസ്ഥയിലാണ്. സമീപ ഡിപ്പോകളിൽനിന്നു ജീവനക്കാരെ എത്തിച്ച് അത്യാവശ്യ സർവീസുകൾ നടത്താനുള്ള നെട്ടോട്ടത്തിലാണു ഡിപ്പോ അധികൃതർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യൂണിയൻ പ്രവർത്തനത്തിന് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് അവധി അനുവദിക്കില്ലെന്ന് മുൻ സി.എം.ഡിമാരായ എം.ജി. രാജമാണിക്യവും ടോമിൻ തച്ചങ്കരിയും പുറത്തിറക്കിയ ഉത്തരവ് നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കോർപ്പറേഷൻ ജീവനക്കാർക്ക് അവധി അനുവദിക്കുന്നത്. കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) രാപകൽ സമരത്തിനും ഐ.എൻ.ടി.യു.സി. പിന്തുണയോടെ ടി.ഡി.എഫ്. നടത്തുന്ന ഓഫീസ് ടൈംസമരത്തിനും ജീവനക്കാരുടെ പങ്കാളിത്തം കുറവാണ്. സി.ഐ.ടി.യു. സമരത്തിൽ പകൽ ആളുണ്ടെങ്കിലും സന്ധ്യ മയങ്ങിയാൽ സംസ്ഥാന നേതാക്കളടക്കം പന്തൽ വിടുനന്ന സ്ഥിതിയാണ് നിലവിലുള്ളത്.
അതേസമയം ടി.ഡി.എഫിന്റെ സമരപ്പന്തൽ ഉച്ചകഴിയുമ്പോൾ തന്നെ കാലിയാകും.സമരത്തിൽ പങ്കടുക്കാൻ ജീവനക്കാരില്ലാതായതോടെയാണു നേതാക്കൾ ജീവനക്കാർക്കു ഡ്യൂട്ടി ലീവ് നൽകണമെന്നാവശ്യപ്പെട്ട് മാനേജ്‌മെന്റിനെ സമീപിച്ചത്. നേതാക്കളുടെ ആവശ്യം അംഗീകരിച്ച് ഡ്യൂട്ടി ലീവ് അനുവദിക്കുകയും ചെയ്തു.