രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്: കുട്ടികളിലെ അമിത മൊബൈൽ ഫോൺ ഉപയോഗം വരുത്തിവയ്ക്കുന്ന പ്രശ്‌നങ്ങൾ
കുഞ്ഞുങ്ങളെ അടക്കിയിരുത്താൻ ഇന്നത്തെ കാലത്ത് മാതാപിതാക്കൾ കണ്ടെത്തിയൊരു എളുപ്പ മാതൃകയാണ് മൊബൈൽ ഫോൺ നൽകുന്നത്. എന്നാൽ ഇപ്പോൾ എന്തിനും ഏതിനും കുട്ടികൾക്ക് മൊബൈൽ ഫോണും ടാബ്ലറ്റുമൊക്കെ ആവശ്യമാണ്. ഭക്ഷണം കഴിക്കുമ്പോളും പഠിക്കുമ്പോഴും കളിക്കുമ്പോളും എന്തിനേറെ ഉറങ്ങാൻ കിടക്കുമ്പോഴും മൊബൈൽ കൈയ്യിലില്ലാതെ പറ്റില്ലെന്നായിട്ടുണ്ട് പല കുട്ടികൾക്കും. വളരെ സാധാരണ അയി കൊണ്ടിരിക്കുന്ന ഈ സ്വാഭാവത്തിന്റെ ദൂഷ്യവശങ്ങൾ എന്തൊക്കെ ??
1.ആദ്യമായി കുഞ്ഞുങ്ങളുടെ തലയോട്ടിക്കു കട്ടി കുറവായതു കൊണ്ട് മൊബൈലിൽ നിന്നു വരുന്ന ഇലക്ട്രോ മാഗ്‌നറ്റിക്ക് റേഡിയേഷൻ മുതിർന്നവരെക്കാൾ 60 ശതമാനം കുട്ടികളെ ദോഷകരമായി ബാധിക്കുന്നു.
2.ഹൈപ്പർ ആക്റ്റിവിറ്റി (ഒരിടത്തും അടങ്ങിയിരിക്കാൻ പറ്റാത്ത അവസ്ഥ) പ്രശ്‌നങ്ങൾ കുട്ടികളിൽ കൂടിവരുന്നതിന് പിന്നിലും മൊബൈൽ ഫോണിന്റെ ഉപയോഗത്തിന് പങ്കുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
3.മൊബൈലിലും കംപ്യൂട്ടറിലുമൊക്കെ കളിക്കുന്നത് കാരണം പുറത്തിറങ്ങിയുള്ള കളികളിൽ താത്പര്യം കുറയുന്നു. ആരോഗ്യമുള്ള മനസും ആരോഗ്യമുള്ള ശരീരവും കുട്ടികളിൽ വേണമെങ്കിൽ ദേഹം അനങ്ങിയുള്ള കളികൾ ആവശ്യമാണ്. കുട്ടിയുടെ പ്രാഥമികമായ സാമൂഹിക ഇടപെടാലാണ് കൂട്ടം ചേർന്നുള്ള കളി. അത് പോലെ തന്നെ കുട്ടിയുടെ ബുദ്ധിപരമായ പൂർണവികാസത്തിന് വ്യത്യസ്തമായ കളികൾ ആവശ്യമാണ്.
4.പതിവായി ദീർഘസമയം വിഡിയോഗെയിം ഉൾപ്പെടെയുള്ളവ കളിക്കുന്ന കുട്ടികളിൽ ആത്മഹത്യാ പ്രവണത, ആത്മാരാധന (നാർസിസം) എന്നിവ കാണുന്നതായി പഠനങ്ങളുണ്ട്. ഇവർക്ക് ഭാവനാപരമായ ശേഷികൾ കുറവായിരിക്കും.
5.പതിവായി രണ്ടു മണിക്കൂറിൽ കൂടുതൽ സ്‌ക്രീൻ സമയം ചെലവിടുന്ന 1000 കുട്ടികളിൽ നടത്തിയ പഠനത്തിൽ മനശാഃശാസ്ത്രപരമായ പ്രയാസങ്ങൾ വ്യാപകമാണെന്ന് കണ്ടിരുന്നു. വിഷാദം, ഉത്കണ്ഠ. ശ്രദ്ധക്കുറവ്, പെരുമാറ്റ പ്രശ്‌നങ്ങൾ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാണ് ഇവരിൽ കണ്ടത്.
6.പിടിവാശി, അമിതമായ ദേഷ്യം, ഇരിപ്പുറയ്ക്കാതെ ഉഴറി നടക്കുക. ചെറിയ കാര്യങ്ങൾക്കു പോലും വയലന്റാവുക, കൊച്ചുകുറ്റപ്പെടുത്തലുകൾക്കു പോലും സ്വയം മുറിവേൽപ്പിച്ചു ശിക്ഷിക്കുക എന്നിവയൊക്കെ ഇങ്ങനെയുള്ള കുട്ടികളിൽ കാണാറുണ്ട്.
7.ആളുകളെ കൊല്ലുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നതിനായി ചിത്രീകരിക്കുന്ന വീഡിയോ ഗെയിമുകൾ കുട്ടികളെ ദേഷ്യക്കാരും അക്രമണപ്രവണതയുള്ളവരുമായി രൂപപ്പെടുത്താം. വൈകാരികമായ മരവിപ്പുമുണ്ടാക്കാം. സ്‌ക്രീനിൽ കാണുന്നത് അനുകരിക്കാനുള്ള പ്രവണതയും കുട്ടികളിൽ കൂടുതലാണ്. കാർ റെയ്‌സ് ഗെയിം കളിക്കുന്ന കുട്ടി റോഡിലിറങ്ങുമ്പോഴും ‘പോയി ഇടിക്ക്, ഇടിച്ചു തകർക്ക്’ എന്നാവേശം കൊണ്ടാൽ അദ്ഭുതപ്പെടേണ്ടതില്ല.
8.മൂന്ന് വയസ്സിനു താഴെയുള്ള കുട്ടികളിലെ ദീർഘനേര ഗാഡ്ജറ്റ് ഉപയോഗം ശ്രദ്ധക്കുറവ് പഠനത്തകരാറുകൾ, ഗ്രഹണശേഷി സംബന്ധിച്ച പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് മറ്റൊരു പഠനം പറയുന്നു.
9.നെറ്റ് ഉപയോഗം ലൈംഗികമായ ചൂക്ഷണങ്ങൾക്കിരയാകാൻ കാരണമാകാം. പല കുട്ടികളും ലൈംഗികമായ പീഡിപ്പിക്കപ്പെടുന്നതിന്റെ പ്രധാന കാരണം ഇന്റർനെറ്റ് ദുരുപയോഗം ആണ്.
10.അനുഭവങ്ങളുടെ ലോകം ചെറുതായിരുന്നതിനാൽ അവർ ലോകത്തെ കാണുന്നതും ആ ചുരുങ്ങിയ അറിവനുസരിച്ചാകും. പ്രശ്‌നങ്ങൾ പരിഹരിക്കുക ഉൾപ്പെടെയുള്ള സാമൂഹികശേഷികൾ, ഭാവിയിൽ അവരിൽ പരിമിതമായിരിക്കും.
കുഞ്ഞുങ്ങൾക്ക് സ്മാർട്ട് ഫോണുകൾ അഥവാ നൽകിയാൽ മാതാപിതാക്കൾ എന്തൊക്കെ ശ്രദ്ധിക്കണം?
1.കുഞ്ഞുങ്ങൾ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിക്കുമ്പോൾ അവർ എന്തൊക്കെയാണ് കാണുന്നതെന്ന് നിർബന്ധമായും മാതാപിതാക്കൾ ശ്രദ്ധിക്കണം. ഏതൊക്കെ വിഡിയോ ഗെയിമുകൾ, സിനിമകൾ, അവർ ഇന്റർനെറ്റിൽ പരതുന്നത് എന്തൊക്കെ അങ്ങനെ എല്ലാം മാതാപിതാക്കളുടെ മേൽനോട്ടത്തിലാകണം.
2.കുട്ടികളോടു തന്നെ അവരുടെ അഭിപ്രായങ്ങൾ ചോദിക്കുക. അവർ കാണുന്നതിൽ നിന്നും അവർ പഠിച്ച കാര്യങ്ങളെ കുറിച്ചും ചോദിച്ചറിയാം.
3.വെറുതെ അടിയും ഇടിയും മാത്രമുള്ള വിഡിയോ ഗെയിമുകൾ കാണാൻ വിടാതെ കുഞ്ഞുങ്ങൾക്ക് ഉപകാരപ്രദമായവ കാണാൻ അനുവദിക്കാം. ഉദാഹരണത്തിന് എങ്ങനെ പൂന്തോട്ടം ഒരുക്കാം, നുറുങ്ങു പാചകവിഡിയോകൾ, നല്ല ശീലങ്ങൾ എങ്ങനെ പഠിക്കാം തുടങ്ങിയ കാര്യങ്ങൾ പ്രതിപാദിക്കുന്ന വിഡിയോകൾ കാണിച്ചു കൊടുക്കാം.
4. എന്തു സാഹചര്യമായാലും ഒരിക്കലും കുട്ടികളുടെ തനിച്ചു കിടക്കുന്ന മുറിയിൽ മൊബൈലോ കമ്പ്യൂട്ടറോ വയ്ക്കാൻ പാടില്ല.
5.മാതാപിതാക്കളുടെ കൺവെട്ടത്തു വേണം കുട്ടികൾ കംപ്യൂട്ടർ ഉപയോഗിക്കേണ്ടത്. എത്ര അത്യാവശ്യമുണ്ടെങ്കിലും കംപ്യൂട്ടർ ഉപയോഗിക്കുന്ന സമയം കൂടെ ഉണ്ടാകുക.
6.നിശ്ചിത സമയത്തിനു മേൽ ഒരിക്കലും സ്മാർട്ട് ഫോണോ കംപ്യൂട്ടറോ ഉപയോഗിക്കാൻ കുട്ടികളെ അനുവദിക്കാൻ പാടില്ല. ഉദാ: ദിവസവും 30 മിനിറ്റ്.
7.ഫോൺ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ തന്നെ ഒരിക്കലും കുട്ടികളുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങിവെക്കരുത്. പകരം തെറ്റിനെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. വീണ്ടും തെറ്റ് ആവർത്തിച്ചാൽ മാത്രമേ കർശനരീതിയിൽ പെരുമാറാൻ ശ്രമിക്കാവൂ.
8.പതിനെട്ടു വയസിനു താഴെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കുട്ടികളുടെ അക്കൗണ്ടുകൾ മാതാപിതാക്കൾക്കും തുറക്കാൻ പറ്റണം. അതു സമ്മതിക്കുവാണെങ്കിൽ മാത്രമേ മൊബൈൽ കുട്ടികൾക്ക് കൊടുക്കാവൂ.
9.പല തരത്തിലുള്ള കില്ലർ (Killer) ഗെയിംസ് ഇപ്പോൾ വിപണിയിലുണ്ട്. കളിയിലൂടെ മരണത്തിലേക്കോ അപകടങ്ങളിലേക്കോ ഇത് എത്തിക്കും. ഒരു കാരണവശാലും തമാശക്ക് പോലും ഇത്തരം കളികൾ കളിക്കരുത് എന്ന് കുട്ടിക്ക് പറഞ്ഞു കൊടുക്കുക.
10.സൈബർ നിയമങ്ങൾക്കായുളള ക്ലാസുകളോ, പുസ്തകങ്ങളോ കുട്ടികൾക്ക് നൽകുക.സൈബർ ലോകത്തെ അപകടങ്ങളും ചതികളും വ്യക്തമായി കുട്ടിക്ക് അങ്ങനെ മനസിലാക്കാം.
എപ്പോഴാണ് കുട്ടികൾക്ക് സ്വന്തമായി മൊബൈൽ കൊടുക്കേണ്ടത് ?
പെട്ടെന്നൊരു ദിവസം അവർക്ക് മുന്നിൽ വലിയൊരു ലോകം തുറന്നുകൊടുക്കുകയാണ്. ഇത്തരമൊരു തീരുമാനം എടുക്കുന്നതിന് മുൻപ് ചിന്തിക്കേണ്ട കാര്യങ്ങൾ നിരവധിയാണ്.
ഒന്നാമതായി കുട്ടികളുടെ വയസ്സും പക്വതയും. അവർക്ക് വ്യക്തിജീവിതത്തിൽ സ്വന്തമായി തീരുമാനമെടുക്കാനും, തെറ്റും ശരിയും തിരിച്ചറിയാനുമുളള കഴിവ് ഉണ്ടോ എന്നാണ് നോക്കേണ്ടത്.
വലിയൊരു ലോകത്തോട് താൻ സംവദിക്കുന്നതെന്നും, പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങൾ സ്വകാര്യതയെ എത്രമാത്രം ബാധിക്കുമെന്ന കാര്യവും കുട്ടിയെ പറഞ്ഞു മനസിലാക്കണം. ഫോട്ടോകൾ അപ്ലോഡ് ചെയ്യുന്നതിലും സോഷ്യൽ മീഡിയയിൽ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിലും വരുന്ന പിഴവുകളെക്കുറിച്ചും കുട്ടിക്ക് പറഞ്ഞു കൊടുക്കണം.
ഈ മൊബൈൽ ഉപയോഗം കുട്ടികളിൽ എങ്ങനെ കുറക്കാം?
1.ക്ലാസ്സിലെ കുട്ടികൾക്കെല്ലാം മൊബൈലുണ്ട്. എനിക്കു മാത്രമാണ് ഇല്ലാത്തത്-ഇത്തരം വാശികളുടെ പേരിൽ കളിപ്പാട്ടം വാങ്ങി നൽകും പോലെ ഫോൺ വാങ്ങരുത്. യഥാർഥത്തിൽ മൊബൈലിന്റെ ആവശ്യം ഉണ്ടോയെന്നു നോക്കുക. വാശി പിടിച്ചാൽ എന്തും സാധിക്കുമെന്ന ചിന്ത മുളയിലെ നുള്ളണം.
2.അച്ഛനുമമ്മയും മൊബൈലിൽ ഒത്തിരി നേരം ഇരുന്നാൽ കുട്ടികളും സ്വാഭാവികമായും മൊബൈലിനോട് ആകൃഷ്ടമാകാം.
3.കൂടുതൽ സമയം കുഞ്ഞുമായി ചിലവിടുക. ഇന്ന് അച്ഛനമ്മമാരിൽ ഭൂരിഭാഗവും ഉദ്യോഗസ്ഥരും തിരക്കിലുമാണ്. കുഞ്ഞിനോടൊപ്പം സമയം പങ്കിടാനാവാത്തതിന്റെ കുറ്റബോധം തീർക്കാൻ ഇത്തരം ചില ‘സന്തോഷിപ്പിക്കലുകൾ’ നടത്തുന്നു. തിരക്കേറിയ ജീവിതത്തിൽ കുട്ടികളുമായി ആശയവിനിമയം നടത്തുവാൻ രക്ഷിതാക്കൾ സമയം കണ്ടെത്തണം.
4. ഏറ്റവും പ്രധാന പ്രശ്‌നം കുട്ടിയുടെ ആനന്ദം മൊബൈലിലോ ടാബിലോ ഒതുങ്ങിപ്പോകുമെന്നതാണ്.പല തരത്തിലുള്ള പുതിയ കളികളോ ഹോബ്ബികളോ കുട്ടികളെ പഠിപ്പിക്കുക. മൊബൈലിനോടുള്ള താല്പര്യം പതുക്കെ അങ്ങനെ കുറയും.
5.വീട്ടിൽ കുട്ടി ഒറ്റപ്പെടുന്നില്ല എന്നുറപ്പാക്കണം. കുട്ടിയോട് ധാരാളം സംസാരിക്കുക. സുഹൃത്തായി കൂടെ നീക്കുക. ഇടയ്ക്ക് ചെറിയ പിക്‌നിക്കുകൾക്കു കൊണ്ടുപോവുക.
6.കമ്പ്യൂട്ടർ കളികളോട് നല്ല അടുപ്പമുണ്ടെങ്കിൽ സുഡോക്കു, സ്‌പെല്ലിങ് ക്വിസ്, ബ്രെയിൻ ഗെയിം പോലുള്ള ഉപയോഗപ്രദമായ കളികളിലോട്ടു താല്പര്യം മാറ്റുക. എന്നാൽ ഇവയുടെ ഉപയോഗം മാതാപിതാക്കളുടെ നിയന്ത്രണത്തിലാകണം.
7.അൽപനേരം ഫോണോ കമ്പ്യൂട്ടറോ നൽകിയ ശേഷം കുട്ടിയോട് ഇനിയൽപ്പം വിശ്രമമാകാം എന്നു പറയാം. ഈ സമയം പുറത്തു കളിക്കാനോ വീഡിയോയിൽ കണ്ട പോലെ പൂന്തോട്ടം ഒരുക്കാനോ നിർദേശിക്കാം. ഇത് കുഞ്ഞുങ്ങളിൽ ആത്മവിശ്വാസവും ഉത്തരവാദിത്തബോധവും നൽകും.
8.ഗാഡ്ജറ്റ് ഉപയോഗത്തിന് നിശ്ചിതസമയം വയ്ക്കുകയാണ് മറ്റൊരു പോംവഴി. സമയപരിധി അനുസരിക്കുന്നില്ലെങ്കിൽ ഉപയോഗം വിലക്കുക.
9.കുട്ടി വിഡിയോ ഗെയിം കളിക്കുമ്പോൾ കൂടെകൂടുക. ഗെയിം എപ്പോൾ നിർത്തണം എന്ത് കളിക്കണം എന്നൊക്കെ തീരുമാനിക്കാൻ കഴിയും.
10.ഇതെല്ലാം ശ്രമിച്ചിട്ടും നിയന്ത്രിക്കാൻ പ്രയാസമെന്നു തോന്നിയാൽ മനഃശാസ്ത്രവിദഗ്ധനെ കാണിക്കണം.
മിക്ക കുട്ടികളുടെയും ലോകം ഇന്ന് മൊബൈൽ ഫോണും ഇതിലെ വീഡിയോകളും ഗെയിമുകളുമായി മാറിയിരിക്കുന്നു.മൊബൈൽ കുട്ടികളിൽ മയക്കുമരുന്നിനെക്കാൾ മാരകമായ പ്രത്യാഖാതങ്ങൾ സൃഷ്ടിക്കുമെന്ന് മനസിലായെന്ന് കരുതുന്നു. വളരുന്ന പ്രായത്തിൽ ആ കുഞ്ഞിക്കൈകൾക്ക് സ്മാർട്ട് ഫോൺ സമ്മാനിക്കുന്നത് എത്രമാത്രം സുരക്ഷിതമാണ് എന്ന് ഒന്ന് കൂടി ചിന്തിച്ചു നോക്കു?