കുമരകത്ത് സ്കൂളിൽ മോഷണം: കമ്പ്യൂട്ടറിന്റെ മോണിറ്റർ മോഷ്ടിച്ച പ്രതിയെ സിസിടിവി ക്യാമറ കുടുക്കി
സ്വന്തം ലേഖകൻ
കോട്ടയം: രാത്രിയിൽ സ്കൂളിന്റെ മതിൽ ചാടിക്കടന്ന് അകത്ത് കടക്കുന്നതിനിടെ ഒരാൾ എല്ലാം കാണുന്നുണ്ടെന്ന് കള്ളൻ അറിഞ്ഞിരുന്നില്ല. സുഖമായും സ്വതന്ത്രമായും എത്തി കുമരകത്തെ സ്കൂളിൽ കയറി വിദ്യാർത്ഥികൾക്ക് പഠിക്കാൻ സ്ഥാപിച്ചിരുന്ന കമ്പ്യൂട്ടറുകൾ മോഷ്ടിച്ചെടുത്ത് മുങ്ങിയപ്പോൾ പ്രതി അറിഞ്ഞിരുന്നില്ല എല്ലാം ഒരാൾ കാണുന്നുണ്ടെന്ന്. മോഷണക്കേസിൽ ഇയാളെ തപ്പി പൊലീസ് സംഘം വീട്ടിലെത്തിയപ്പോൾ മാത്രമാണ് താൻ കുടുങ്ങിയെന്ന വിവരം പ്രതി പോലും തിരിച്ചറിഞ്ഞത്. എല്ലാം കണ്ട സിസിടിവി ക്യാമറയുടെ മിടുക്കിൽ കുടുങ്ങിയ പ്രതി ഇപ്പോൾ ജയിലിൽ കഴിയുകയാണ്.
കുമരകം ഗവ.ഹൈസ്കൂളിനുള്ളിൽ കയറിയാണ് കഴിഞ്ഞ ദിവസം പ്രദേശ വാസിയായ പ്രതി മോഷണം നടത്തിയത്. സ്കൂളിലെ കമ്പ്യൂട്ടറിന്റെ മോണിറ്ററാണ് ഇയാൾ തന്ത്രപരമായി മോഷ്ടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുമരകം ചീപ്പുങ്കൽ വാഴേപ്പറമ്പിൽ ജയ്മോനെ (44) കുമരകം എസ്.ഐ ജി.രജൻകുമാർ അറസ്റ്റ് ചെയ്യുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ഒൻപത് മണിയ്ക്കു ശേഷമായിരുന്നു സംഭവം ഉണ്ടായത്. സ്കൂളിന്റെ മതിൽ ചാടി അകത്തു കടന്ന പ്രതി വാതിൽ പൊളിച്ച് അകത്തു കയറുകയായിരുന്നു. തുടർന്ന് സ്കൂളിന്റെ ഓഫിസിൽ ഇരുന്ന കമ്പ്യൂട്ടറിന്റെ മോണിറ്റർ പ്രതി മോഷ്ടിച്ചെടുത്ത് രക്ഷപെടുകയായിരുന്നു. തുടർന്ന് പ്രതി ഈ കമ്പ്യൂട്ടറിന്റെ മോണിറ്റർ പ്രദേശത്തെ കുറ്റിക്കാടിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. തുടർന്ന് പ്രതി ഇവിടെ നിന്നും രക്ഷപെട്ടു.
സംഭവത്തിന് ശേഷം രാവിലെ സ്കൂളിൽ എത്തിയ പ്യൂണാണ് മോഷണം നടന്നത് കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹം വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് സിസിടിവി ക്യാമറാ ദൃശ്യങ്ങൾ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കാടിനുള്ളിൽ ഒളിപ്പിച്ചിരുന്ന കമ്പ്യൂട്ടറിന്റെ മോണിറ്റർ പൊലീസ് സംഘത്തിന് പ്രതി കാട്ടിക്കൊടുക്കുകയും ചെയ്തു. ഇയാളെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.