play-sharp-fill
നീതി കിട്ടി ; അവളുടെ ആത്മാവിന് ശാന്തി ലഭിച്ചു ; പ്രതികളെ വെടിവച്ച് കൊന്നതിൽ സന്തോഷം : വനിതാ ഡോക്ടറുടെ കുടുംബം

നീതി കിട്ടി ; അവളുടെ ആത്മാവിന് ശാന്തി ലഭിച്ചു ; പ്രതികളെ വെടിവച്ച് കൊന്നതിൽ സന്തോഷം : വനിതാ ഡോക്ടറുടെ കുടുംബം

 

സ്വന്തം ലേഖിക

ഹൈദരാബാദ്: വനിതാ വെറ്ററിനറി ഡോക്ടറെ മാനഭംഗപ്പെടുത്തിയ ശേഷം കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവച്ചുകൊന്നതിൽ പ്രതികരണവുമായി ഡോക്ടറുടെ കുടുംബം. സംഭവത്തെ കുറിച്ച് രാവിലെ അറിഞ്ഞപ്പോൾ ഞെട്ടലാണ് ഉണ്ടായതെന്നും നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അവളുടെ ആത്മാവ് ഇപ്പോൾ സന്തോഷിക്കുന്നുണ്ടെന്നും കൊല്ലപ്പെട്ട യുവതിയുടെ സഹോദരി പറഞ്ഞു. കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടതിൽ സന്തോഷവും കുടുംബം അറിയിച്ചു.

വനിത വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് തീ കൊളുത്തി ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ പൊലീസ് പുലർച്ചെ മൂന്നരയോടെയാണ് വെടിവെച്ച് കൊന്നത്. ഡ്രൈവറും മുഖ്യപ്രതിയുമായ ആരിഫ് (24), ലോറി ക്ലീനർമാരായ ജോലു ശിവ (20), ജോലു നവീൻ (20), ചിന്തകുണ്ട ചെന്നകേശവലു (20) എന്നിവരെയാണ് തെലുങ്കാന പൊലീസ് കൊല്ലപ്പെടുത്തിയത്. പുലർച്ചെ മൂന്നരയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെളിവെടുപ്പിനിടയിൽ പ്രതികൾ ഓടി രക്ഷപെടാൻ ശ്രമിച്ചെന്നും ഇത് തടയാൻ ശ്രമിച്ചപ്പോൾ ആക്രമിക്കുകയായിരുന്നെന്നുമാണ് പൊലീസിന്റെ വിശദീകരണം. പ്രതികൾ ആക്രമിച്ചപ്പോൾ വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ ആക്രമിച്ചപ്പോൾ സ്വയംരക്ഷയ്ക്കാണ് വെടിവെച്ചതെന്ന് തെലുങ്കാന പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.

14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ ചെർളാപ്പള്ളി സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രതികളെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽവിട്ടിരുന്നു. പൊലീസ് കസ്റ്റഡിയിൽ വാങ്ങി 48 മണിക്കൂറിനിടെയാണ് പ്രതികൾ കൊല്ലപ്പെടുന്നത്.

നവംബർ 27-ാം തീയ്യതി രാത്രിയാണ് 26കാരിയായ വെറ്ററിനറി ഡോക്ടറെ ക്രൂരമായി കൊല ചെയ്തത്. യുവതിയുടെ സ്‌കൂട്ടറിന്റെ ടയർ പഞ്ചറാക്കിയ പ്രതികൾ, സഹായിക്കാനെന്ന വ്യാജേന കൂടെക്കൂടി ലോറി പാളയത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.