കുട്ടികളെ പീഡിപ്പിക്കുന്ന കുറ്റവാളികൾക്ക് താക്കീതായി പൊലീസിന്റെ പ്രദർശനം: മടിക്കേണ്ട പ്രതികരിക്കുക നിങ്ങൾക്കൊപ്പം പൊലീസ് കാവലുണ്ട്
സ്വന്തം ലേഖകൻ
കോട്ടയം: കേരള പൊലീസ് കൈപിടിച്ചു കൂടെയുണ്ട്.. നിങ്ങൾ ഒന്നും ഭയക്കേണ്ടതില്ല… കുട്ടികളുടെ സുരക്ഷയ്ക്കായി കുഞ്ഞേ നിനക്കായി എന്ന പേരിൽ സംസ്ഥാന പൊലീസ് തയ്യാറാക്കിയ വീഡിയോ സന്ദേശം പറയുന്നത് ഇതാണ്. ചാക്യാർ കൂത്തിന്റെ മാതൃകയിൽ കേരള പൊലീസ് തയ്യാറാക്കിയ ഈ വീഡിയോ സന്ദേശം കേരളത്തിലെ കുട്ടികൾക്കും, ഇവർക്ക് സുരക്ഷ ഒരുക്കുന്നവർക്കും ആത്മവിശ്വാസം നൽകുന്നതാണ്.
വ്യാഴാഴ്ച തിരുനക്കര ബസ് സ്റ്റാൻഡിനുള്ളിൽ ജില്ലാ പൊലീസ് മേധാവി പി.എസ് സാബു ബോധവത്കരണ വീഡിയോ പ്രദർശനം ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുൺ, എസ്.ഐ ടി.ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.മൂന്നു ദിവസങ്ങളിലായി ജില്ലയിൽ പ്രചാരണം നടത്തുന്ന വാഹനങ്ങളിലൂടെ ജില്ലയിലെ 32 പൊലീസ് സ്റ്റേഷൻ പരിധിയിലും ബോധവത്കരണ സന്ദേശം പ്രചരിപ്പിക്കും. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിയാണ് പ്രചാരണ വാഹനത്തെ നയിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനു മുന്നിൽ നടന്ന പരിപാടിയിൽ ചലച്ചിത്രതാരം മീനാക്ഷി മുഖ്യാതിഥിയായി പങ്കെടുത്തു. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എ.ജെ തോമസ്, എസ്.ഐ അനൂപ് സി.നായർ എന്നിവർ പങ്കെടുത്തു. നവംബർ 29 നും മുപ്പതിനുമായി ഒരു പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂന്നു കേന്ദ്രങ്ങളിൽ വീതം പ്രചാരണ വാഹനം പര്യടനം നടത്തും.
സംസ്ഥാന വ്യാപകമായി പ്രദർശിപ്പിക്കുന്നതിനായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്‌റയുടെ നിർദേശ പ്രകാരമാണ് വീഡിയോ നിർമ്മിച്ചത്. കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ ബോധവത്കരണം എന്ന ലക്ഷ്യത്തോടെ ചാക്യാർക്കൂത്ത് മാതൃകയിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ അറിഞ്ഞാൽ ഓരോരുത്തരും ചെയ്യേണ്ടത് എന്ന് കൃത്യമായി പഠിപ്പിക്കുന്നതായിരുന്നു ബോധവത്കരണ സന്ദേശം.