ചിലന്തിയാർ ഗുഹയ്ക്ക് സമീപം എക്സൈസ് നടത്തിയ പരിശോധനയിൽ കൃഷി ചെയ്തിരുന്ന 96 കഞ്ചാവ് ചെടികൾ കണ്ടെടുത്തു; കഞ്ചാവ് ചെടികൾ മൂന്ന് മാസത്തിനുള്ളിൽ വിളവെടുപ്പിന് പാകമായവ

Spread the love

ഇടുക്കി: ഇടുക്കി ചിലന്തിയാർ ഗുഹയ്ക്ക് സമീപം എക്സൈസ് നടത്തിയ പരിശോധനയിൽ തടങ്ങളിൽ കൃഷി ചെയ്തിരുന്ന 96 കഞ്ചാവ് ചെടികൾ കണ്ടെടുത്തു. മൂന്ന് മാസത്തിനുള്ളിൽ വിളവെടുപ്പിന് പാകമായ നിലയിലുള്ള കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.

മൂന്നാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി ആർ അനിൽകുമാറിന്‍റെ നേതൃത്വത്തിൽ, ഇടുക്കി ഐബി പാർട്ടിയുമായി ചേർന്ന് നടത്തിയ റെയ്‌ഡിലാണ് കഞ്ചാവ് ചെടികൾ കണ്ടെടുത്തത്.

എക്സൈസ് ഇന്‍റലിജൻസിലെ എക്സൈസ് ഇൻസ്പെക്ടർ പ്രസാദ് എ ബി, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ കെ വി പ്രദീപ്, എം ഡി സജീവ് കുമാർ, മൂന്നാർ എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) കെ ജെ ബിനോയി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) മീരാൻ കെ എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഹാരിഷ് മൈതീൻ എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, പെരുമ്പാവൂറിന്റെ വിവിധ പ്രദേശങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ പെരുമ്പാവൂർ ടൗണിൽ വച്ച് 13.05 ഗ്രാം ഹെറോയിനുമായി ഹരിയാന സ്വദേശിയായ റിജ് അലി (32) എന്നയാളെ പിടികൂടി. ബൈക്കിൽ ഹെറോയിൻ വിൽക്കാൻ ഇറങ്ങുന്ന സമയത്താണ് പ്രതി പിടിയിലായത്.

കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിലാണ് ഹെറോയിൻ കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സലിം യൂസഫ്, രാജേഷ് സി എൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ജിതിൻ ഗോപി, അരുൺലാൽ, ബെന്നി പീറ്റർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.