മകനേക്കാള്‍ മാര്‍ക്ക് വാങ്ങിയതിൽ അസൂയമൂത്ത് സഹപാഠിയുടെ മാതാവ് ജ്യൂസില്‍ വിഷം ചേര്‍ത്ത് നല്കി; എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം
സ്വന്തം ലേഖിക
പുതുച്ചേരി: മകന്റെ സഹപാഠിയെ ജ്യൂസില്‍ വിഷം കലര്‍ത്തി നല്കി കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍.
കാരയ്ക്കല്‍ നെഹ്റു നഗറിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബാലമണികണ്ഠനാണ് മരിച്ചത്. ജ്യൂസ് പായ്ക്കറ്റില്‍ വിഷം കലര്‍ത്തിയ ശേഷം സ്കൂളിലെ സുരക്ഷാ ജീവനക്കാരന് മുഖേനെ കുട്ടിക്ക് നല്‍കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിയുടെ മകനേക്കാള്‍ ബാലമണികണ്ഠന് മാര്‍ക്ക് കിട്ടിയതാണ് കൃത്യം നടത്താന്‍ കാരണം. ഇന്നലെ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ കുട്ടി ഛര്‍ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷം അകത്തുചെന്നിട്ടുണ്ടെന്ന സംശയം ഡോക്ടര്‍മാര്‍ പ്രകടിപ്പിച്ചതോടെ, സ്കൂളിലെ സുരക്ഷാ ജീവനക്കാരന് ജ്യൂസ് നല്കിയ വിവരം കുട്ടി മാതാപിതാക്കളോട് പറയുകയായിരുന്നു.
കുട്ടിയുടെ ബന്ധുവെന്ന് പറഞ്ഞെത്തിയ സ്ത്രീയാണ് ജ്യൂസ് പായ്ക്കറ്റ് അവന് നല്കാന് പറഞ്ഞതെന്ന് സുരക്ഷാ ജീവനക്കാരന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.