ഒറ്റയ്ക്ക് താമസിക്കുന്ന 78കാരിയുടെ വീടിൻ്റെ വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കയറി വൃദ്ധയുടെ മാലപിടിച്ചു പറിച്ചു; പ്രതികള്‍ പിടിയില്‍ ; പ്രതികളെ പിടികൂടിയത് കൂടൽ എസ്എച്ച്ഒ എം ജെ അരുണും സംഘവും
സ്വന്തം ലേഖകൻ
ഒറ്റയ്ക്ക് താമസിക്കുന്ന 78കാരിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഒന്നര പവന്റെ മാലപിടിച്ചുപറിച്ച രണ്ടു പേര്‍ അറസ്റ്റില്‍. കലഞ്ഞൂര്‍ കഞ്ചോട് ഭാഗത്ത് താമസിക്കുന്ന 78കാരിയായ തങ്കമ്മയെയാണ് പ്രതികള്‍ ആക്രമിച്ചത്. അനൂപ്, ഗോകുല്‍കുമാര്‍ എന്നിവരാണ് പിടിയിലായത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. ഉറങ്ങാന്‍ കിടന്ന തങ്കമ്മയെ ശക്തമായ മഴപെയ്യുന്നതിനിടയില്‍ അര്‍ധരാത്രി വാതില്‍ ചവിട്ട് തുറന്ന് ഭീഷണപ്പെടുത്തിയാണ് മാല തട്ടിപ്പറിച്ചത്. ഭയപ്പെട്ടുപോയ വയോധിക അടുത്ത ദിവസം ബന്ധുക്കളെ വിവരം അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് കൂടല്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും എസ്‌ഐ ഷെമിമോളുടെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിക്കുകയും ചെയ്തു. പ്രതികള്‍ മാല വില്‍ക്കാന്‍ കൊണ്ടുപോയ കടയില്‍ നിന്നും മോഷണ മുതല്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നിരവധി വാഹന മോഷണ കേസിലുള്‍പ്പെടെ പ്രതിയാണ് പിടിയിലായ അനൂപ്.
ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കോന്നി ഡിവൈഎസ്പി നിയാസുദ്ദീന്റെ നേതൃത്വത്തില്‍ കൂടല്‍ എസ്എച്ച്ഒ എംജെ അരുണ്‍, എസ്‌ഐ ഷെമിമോള്‍ കെആര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്വകാഡ് രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.