
തിരുവനന്തപുരം: ഒളിമ്പിക്സ് മാതൃകയിലുള്ള അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഒരുങ്ങി തലസ്ഥാനം. 21 മുതൽ 28 വരെയാണ് കായികമേള സംഘടിപ്പിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം 4.00 മണിക്ക് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും.
കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാകും ഉദ്ഘാടനച്ചടങ്ങിന് തുടക്കമാവുക. തുടർന്ന് ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാനതാരം ഐ.എം.വിജയൻ മന്ത്രി വി.ശിവൻകുട്ടിയ്‌ക്കൊപ്പം ദീപശിഖ കൊളുത്തും. പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആണ് മേളയുടെ ബ്രാൻഡ് അംബാസഡർ.
ചലച്ചിത്ര താരം കീർത്തി സുരേഷ് മേളയുടെ ഗുഡ്‌വിൽ അംബാസഡർ ആണ്. ഉദ്ഘാടന ചടങ്ങിന് ശേഷം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികൾ അരങ്ങേറും. മൂവായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടികളും ഓരോ ജില്ലയിൽ നിന്നും മുന്നൂറ് കുട്ടികൾ പങ്കെടുക്കുന്ന വിപുലമായ മാർച്ച് പാസ്റ്റുമാണ് ഒരുക്കിയിരിക്കുന്നത്. പതിനാറോളം സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മേളയ്ക്കായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒക്ടോബർ 22 മുതൽ 28 വരെ 12 വേദികളിലായി കായിക മത്സരങ്ങൾ നടക്കും. മേളയിൽ ഇൻക്ലൂസീവ് സ്പോർട്സിന്റെ ഭാഗമായി 1944 കായിക താരങ്ങൾ അടക്കം ഇരുപതിനായിരത്തിലധികം താരങ്ങൾ പങ്കെടുക്കുന്നു.
ഗൾഫ് മേഖലയിൽ കേരള സിലബസ് പഠിപ്പിക്കുന്ന ഏഴ് സ്‌കൂളുകളിൽ നിന്നും 35 കുട്ടികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഇത്തവണ 12 പെൺകുട്ടികൾ കൂടി ഈ സംഘത്തിൽ ഉണ്ടെന്ന പ്രത്യേകതയുമുണ്ട്.
ആയിരത്തോളം ഒഫീഷ്യൽസും രണ്ടായിരത്തോളം വോളന്റിയേഴ്സും കായിക മാമാങ്കത്തിന്റെ ഭാഗമാകുന്നു. സ്‌കൂൾ കായിക മേള ചരിത്രത്തിൽ ആദ്യമായി പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ഗാനരചനയും സംഗീത സംവിധാനവും ഗാനാലാപനവും നിർവ്വഹിച്ച തീം സോംഗാണ് ഇത്തവണത്തേത്.
ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണ്ണക്കപ്പാണ് ഇത്തവണ നൽകുന്നത്. ഒക്ടോബർ 16 ന് കാസർകോട് നീലേശ്വരത്ത് നിന്ന് ആരംഭിച്ച ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയുടെ പര്യടനം മറ്റെല്ലാ ജില്ലകളും താണ്ടി ഞായറാഴ്ച തിരുവനന്തപുരത്തെത്തിയിരുന്നു.
തിങ്കളാഴ്ച തിരുവനന്തപുരം ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലൂടെയും സ്വർണ്ണക്കപ്പുമായുള്ള ഘോഷയാത്ര സഞ്ചരിച്ചു. ഇന്ന് രാവിലെ 10ന് പട്ടം ഗേൾസ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ എത്തിച്ചേരുന്ന സ്വർണ്ണക്കപ്പ് ഘോഷയാത്ര അവിടെ നിന്നും ഉദ്ഘാടന വേദിയായ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലേക്ക് എത്തും.