
ആറു വയസുകാരന് ജെറോമിന് മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ജീവന് രക്ഷാസമിതി ചോദിച്ചത് 30 ലക്ഷം രൂപ; ഒരു കോടിയോളം രൂപ സമാഹരിച്ച് നല്കി അതിരമ്പുഴ നിവാസികൾ
സ്വന്തം ലേഖകൻ
അതിരമ്പുഴ: ആറു വയസുകാരന് ജെറോമിന് മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ജീവന് രക്ഷാസമിതി ചോദിച്ചത് 30 ലക്ഷം രൂപ. ഒരു കോടിയോളം രൂപ സമാഹരിച്ച് നല്കി അതിരമ്പുഴ നിവാസികൾ മാതൃകയായി.
അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ (ബ്ലഡ് കാന്‍സര്‍) ബാധിച്ച ആറു വയസുകാരന് ജെറോമിന് മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കുമായാണ് ജീവന് രക്ഷാസമിതി ധന സമാഹരണത്തിനായി പ്രവർത്തിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിരമ്പുഴ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കീഴേടത്ത് ജസ്റ്റിന്റെയും ജിന്‍സിയുടെയും മകനായ ജറോമിന്റെ ചികിത്സയ്ക്കായാണ് ജീവന് രക്ഷാസമിതിയും അതിരമ്പുഴ പഞ്ചായത്തും ഫാ. സെബാസ്റ്റ്യന്‍ പുന്നശേരിയുടെ നേതൃത്വത്തിലുള്ള ചങ്ങനാശേരി പ്രത്യാശയും ചേര്‍ന്ന് പൊതുധനസമാഹരണം നടത്തിയത്. ഇന്നലെ രാവിലെ ഒൻപതു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ അഞ്ച് മണിക്കൂര്‍കൊണ്ട് പഞ്ചായത്തിലെ 22 വാര്‍ഡുകളിലും ഒരേ സമയം ധനസമാഹരണം നടത്തി 30 ലക്ഷം രൂപ സമാഹരിക്കുകയായിരുന്നു ലക്ഷ്യം.
ഒരാഴ്ച മുന്‍പേ വീടുകളില്‍ അറിയിപ്പ് നല്‍കിയിരുന്നു. ജനങ്ങള്‍ ആവേശപൂര്‍വം ധനസമാഹരണത്തില്‍ പങ്കാളികളായപ്പോള്‍ ആകെ സമാഹരിച്ചത് 90,86,147 രൂപ. സമാപന ചടങ്ങില്‍ തുക കൈമാറാനെത്തിയ മന്ത്രി വി.എന്‍. വാസവന് അദ്ദേഹത്തിന്റെ സംഭാവനയായി പതിനായിരം രൂപ നല്‍കിയതോടെ ആകെ തുക 90,96,147 രൂപയായി. ചങ്ങനാശേരി പ്രത്യാശ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരിയുടെ നേതൃത്വത്തില്‍ 35 അംഗ പ്രത്യാശാ സംഘം സന്നദ്ധ സംഘാംഗങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.
മന്ത്രി വി.എന്‍. വാസവന് ജറോമിന്റെ പിതാവ് ജസ്റ്റിന് പ്രതീകാത്മകമായി തുക കൈമാറി. സഹകരണ വകുപ്പിന്റെ കീഴിലുള്ള കോഴിക്കോട് എംവിആര്‍ ഹോസ്പിറ്റലിലാണ് ജെറോം ചികിത്സയില്‍ കഴിയുന്നത്. അവിടെ ചികിത്സാ ചെലവ് പരമാവധി കുറയ്ക്കുന്നതിനും മുഖ്യമന്ത്രിയുടെ ഫണ്ടില്‍നിന്നും ചികിത്സാ സഹായം ലഭ്യമാക്കുന്നതിനും ഇടപെടുമെന്ന് മന്ത്രി വി.എന്‍. വാസവന് പറഞ്ഞു.
ചടങ്ങിനു ശേഷം തുക അതിരന്പുഴ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചു. ചികിത്സയ്ക്ക് ആവശ്യമായ തുക കുടുംബത്തിന് യഥാസമയം കൈമാറും. ജറോമിന്റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കും തുടര്‍ ചികിത്സയ്ക്കുമായി 30 ലക്ഷം രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. അവശേഷിക്കുന്ന തുക അക്കൗണ്ടില്‍ സൂക്ഷിക്കുകയും അതിരന്പുഴ പഞ്ചായത്ത് പരിധിയില്‍നിന്നും അവയവമാറ്റ ചികിത്സ ആവശ്യമായി വരുന്ന രോഗികള്‍ക്ക് നല്‍കുകയും ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല പറഞ്ഞു.
അതിരന്പുഴ ഫൊറോനാ വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തില്‍, ചങ്ങനാശേരി പ്രത്യാശ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, അസിസ്റ്റന്റ് വികാരി ഫാ. ലിബിന് തുണ്ടിയില്‍, പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, ജില്ലാ പഞ്ചായത്ത് മെംബര്‍ ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ ആന്‍സ് വര്‍ഗീസ്, ജയിംസ് കുര്യന്, അന്നമ്മ മാണി, ഒന്നാം വാര്‍ഡ് മെംബര്‍ ജോജോ ആട്ടേല്‍, ജനറല്‍ കണ്‍വീനര്‍ ജോണ്‍ ജോസഫ് പാറപ്പുറം, പഞ്ചായത്ത് മെംബര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.