video
play-sharp-fill
കളത്തിപ്പടി ഗിരിദീപം കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ: അൻപതോളം കുട്ടികൾ ആശുപത്രിയിൽ ; 15 പേർ നിരീക്ഷണത്തിൽ

കളത്തിപ്പടി ഗിരിദീപം കോളജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ: അൻപതോളം കുട്ടികൾ ആശുപത്രിയിൽ ; 15 പേർ നിരീക്ഷണത്തിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കളത്തിപ്പടി ഗിരിദീപം കോളജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിന്റെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് അൻപതോളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പി.ജി ബിരുദ വിദ്യാർത്ഥികളായ കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധ ഏറ്റത്. ഛർദിലും വയറിളക്കവും അനുഭവപ്പെട്ട അൻപത് കുട്ടികളാണ് കളത്തിപ്പടി വെൽഫാസ്റ്റ് ആശുപത്രിയിലും വടവാതൂർ ജെ.കെ ആശുപത്രിയിലും ചികിത്സ തേടിയത്.
വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ബുധനാഴ്ച വൈകിട്ട് ഹോസ്റ്റലിൽ പൊറോട്ടയും ബീഫുമായിരുന്നു ഭക്ഷണം. ഭക്ഷണം കഴിച്ച ശേഷം കുട്ടികൾ കിടന്നപ്പോൾ മുതൽ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ഹോസ്റ്റൽ അധികൃതരോട് പരാതിപ്പെട്ടെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായില്ലെന്ന് കുട്ടികൾ പറയുന്നു. തുടർന്ന്‌ രാവിലെ കുട്ടികൾ കുട്ടത്തോടെ ഛർദിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് കോളജ് – ഹോസ്റ്റൽ അധികൃതർ സംഭവം ഗൗരവത്തിൽ എടുത്തത്. വയറിളക്കവും ഛർദിയും പിടിപെട്ട് പല കുട്ടികളും അവശനിലയിലായിരുന്നു. തുടർന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
ഭക്ഷ്യവിഷബാധയുടെ ലക്ഷണമുള്ളതിനാൽ ആശുപത്രി അധികൃതരാണ് വിവരം ഭക്ഷ്യ സുരക്ഷാ വിഭാഗത്തെ അറിയിച്ചത്. ഭക്ഷ്യ സുരക്ഷാ വിഭാഗം അധികൃതരും ഈസ്റ്റ് പൊലീസും സ്ഥലത്ത് എത്തി പരിശോധന നടത്തി. ഹോസ്റ്റൽ സീൽ ചെയ്ത് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
ഹോസ്റ്റൽ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവർത്തിച്ചിരുന്നതെന്നും നേരത്തെ തന്നെ പരാതി ഉയർന്നിരുന്നതാണെന്നും വിദ്യാത്ഥികൾ തേർഡ് ഐ ന്യുസ് ലൈവിനോട് പറഞ്ഞു. 35 വിദ്യാർത്ഥികളെയാണ് കളത്തിപ്പടി ബെൽഫാസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ 15 പേർ ഗുരുതരാവസ്ഥ തുടരുന്നതിനാൽ ഇപ്പോഴും നിരീക്ഷണത്തിലാണ്. 22 പേരെയാണ് ജെ.കെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.