play-sharp-fill
തിരുവല്ലയിൽ അഞ്ചു കോടിയുടെ ബിയർ ആറ്റിലൊഴുക്കാൻ ബിവറേജസ് കോർപ്പറേഷൻ: ബിയർ നശിപ്പിക്കുന്നത് കാലാവധി കഴിഞ്ഞതിനെ തുടർന്ന്; കൊറോണക്കാലത്ത് കുടിയന്മാർക്ക് കൂടുതൽ ആഘാതം..!

തിരുവല്ലയിൽ അഞ്ചു കോടിയുടെ ബിയർ ആറ്റിലൊഴുക്കാൻ ബിവറേജസ് കോർപ്പറേഷൻ: ബിയർ നശിപ്പിക്കുന്നത് കാലാവധി കഴിഞ്ഞതിനെ തുടർന്ന്; കൊറോണക്കാലത്ത് കുടിയന്മാർക്ക് കൂടുതൽ ആഘാതം..!

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണക്കാലത്ത് ബാറുകളും ബിവറേജുകളും അടച്ചിട്ടതിനു പിന്നാലെ കുടിയന്മാർക്ക് തലയ്ക്കടിയുമായി ബിവറേജസ് കോർപ്പറേഷൻ..! മദ്യശാലകളിലൂടെ ഒഴുകേണ്ട അഞ്ചു കോടി രൂപയോളം വില വരുന്ന ബിയറാണ്  ഒഴുക്കിക്കളയാൻ കോർപ്പറേഷൻ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. വേനൽക്കാലത്ത് ഏറ്റവും കൂടുതൽ വിൽപ്പന നടക്കേണ്ടിയിരുന്ന ബിയറാണ് ഒഴുക്കിക്കളയുന്നതിന് കോർപ്പറേഷൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കേസ് നമ്പരും ബാച്ചും എക്‌സ്പയറി ഡേറ്റും നോക്കിയ ശേഷം മാത്രമേ ഇതിൽ തീരുമാനം ഉണ്ടാകൂ.

23 വെയർഹൗസുകളിലും 270 ഓളം ചില്ലറ വില്പനശാലകളിലുമായി സ്റ്റോക്ക് ചെയ്തിട്ടുള്ള നല്ലൊരു പങ്ക് ബിയറും ലോക്ക് ഡൗൺ നീണ്ടാൽ ഉപയോഗ ശൂന്യമാവും. അഞ്ചു കോടിയുടെയങ്കിലും ബീയർ ഇപ്പോൾ സ്റ്റോക്കുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുപ്പികളിൽ നിറച്ചാൽ ആറ് മാസം വരെയാണ് ഉപയോഗ കാലാവധി.സ്റ്റോക്കുള്ള ബാച്ചുകളുടെ ബോട്ടിലിംഗ് തീയതി പരിശോധിച്ചാലേ ഉപയോഗ ശൂന്യമാവുന്നതിന്റെ കണക്ക് വ്യക്തമാവൂ. .കെ.ടി.ഡി.സിയുടെ ബിയർ -വൈൻ പാർലറുകളിലും നല്ല സ്റ്റോക്കുണ്ട്. മാർച്ച്, ഏപ്രിൽ ,മേയ് മാസങ്ങളിലാണ് ബിയറിന് ഏറ്റവുമധികം വില്പനയുള്ളത്. ഗോഡൗണുകളിൽ ഇറക്കിയതിന് പുറമെ ലക്ഷക്കണക്കിന് കെയ്‌സുകളാണ് ലോറികളിൽ കയറ്റി വെയർഹൗസുകളിലെത്തിച്ചിട്ടുള്ളത്.

ഈ ലോഡുകൾ ഇറക്കാൻ കഴിഞ്ഞിട്ടില്ല. യു.ബി .ഗ്രൂപ്പിന്റെ കിംഗ് ഫിഷർ, കോൾഡ് ആൻഡ് സ്റ്റെറൻ, എ.ബി.എൻ ബ്രുവറീസ്, എസ്.എൻ.ജെ , വുഡ്‌പെക്കർ തുടങ്ങിയ ബ്രാൻഡുകൾക്കാണ് കേരളത്തിൽ ഏറെ പ്രിയം.

ഉപയോഗ ശൂന്യമായ ബിയർ നശിപ്പിക്കുന്നത് തിരുവല്ലയിലെ പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്‌സ് കോമ്പൗണ്ടിലുള്ള എഫ്‌ളുവന്റ് ട്രീറ്റ്‌മെന്റ് പ്‌ളാന്റിലാണ്.എല്ലാ വെയർഹൗസുകളിൽ നിന്നുമുള്ള കെയ്‌സുകൾ ഇവിടെ എത്തിക്കും. കുപ്പി പൊട്ടിച്ചാണ് പ്‌ളാന്റിലേക്ക് ബിയർ ഒഴുക്കുന്നത്. കുപ്പിയുടെ അവശിഷ്ടങ്ങൾ വേർതിരിച്ച് മാറ്റും. മുമ്ബ് പാലക്കാട്ടാണ് ഉപയോഗ ശൂന്യമാവുന്ന ബിയർ ഒഴുക്കിക്കളഞ്ഞിരുന്നത്.

കൂടുതൽ സ്റ്റോക്ക് ചെയ്തിട്ടില്ലാത്ത ബാറുകാർക്ക് വലിയ നഷ്ടം വരാനിടിയില്ല. ബിയർ നിർമ്മാതാക്കൾ വേഗത്തിൽ സ്റ്റോക്ക് വിറ്റഴിക്കാൻ അവരെ അല്പം പിന്തുണയ്ക്കും.രണ്ട് ബിയർ വാങ്ങിയാൽ ഒന്ന് ഫ്രീ എന്ന ഓഫറും മറ്റും ഇങ്ങനെയാണ്.അധികം പോകുന്നതിന്റെ പണം നിർമ്മാതാക്കൾ വഹിക്കും.

ബാർലി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളാണ് ബിയർ ഉത്പാദനത്തിനുള്ള മുഖ്യഅസംസ്‌കൃത വസ്തു.പൊടിച്ച ധാന്യം നന്നായി തിളപ്പിക്കും. പ്രത്യേക ചവർപ്പ് കിട്ടാൻ ഹോപ്‌സ് എന്ന സസ്യത്തിന്റെ അംശം ചേർക്കും. ഇത് തണുപ്പിച്ച് ഈസ്റ്റും ചേർത്താണ് പുളിപ്പിക്കുന്നത്. നന്നായി അരിച്ചെടുത്ത് കുപ്പികളിൽ പ്രത്യേക മർദ്ദത്തിൽ നിറയ്ക്കും.കേടാവാതിരിക്കാൻ ചെറിയ ഊഷ്മാവിൽ ചൂടാക്കി തണുപ്പിച്ചാണ് കെയ്‌സുകളിൽ നിറയ്ക്കുക.

എന്തായാലും കൊറോണക്കാലത്ത് ബാറുകളും ബിവറേജുകളും തുറക്കാൻ വൈകിക്കുന്ന സർക്കാർ തീരുമാനം മദ്യപാനികളുടെ ചങ്കിടിപ്പിക്കുകയാണ്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇടിത്തീ പോലെ മറ്റൊരു പ്രഖ്യാപനം കൂടി എത്തിയിരിക്കുന്നത്. കോടികളുടെ ബിയർ നശിപ്പിച്ചു കളയുന്നതിലും നല്ലത് ഇങ്ങു തരൂ ഞങ്ങൾ പൊന്നു പോലെ കുടിച്ചോളാമെന്നാണ് മദ്യപാനികൾ ഇപ്പോൾ പറയുന്നത്.