സന്നിധാനത്ത് മാത്രമല്ല വാവര് പള്ളിയിലും കയറും; 40 സ്ത്രീകൾ ശബരിമലയിലേക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സന്നിധാനത്ത് മാത്രമല്ല വാവര് പള്ളിയിലും ഇനി യുവതീ പ്രവേശനം. മണ്ഡലകാലം അവസാനിക്കുന്നതിന് മുമ്പ് തന്നെ ശബരിമലയിൽ സ്ത്രീകളെ എത്തിക്കാൻ തമിഴ്‌നാട്ടിലെ പ്രമുഖ ഹൈന്ദവ സംഘടന പദ്ധതിയിടുന്നതായി റിപ്പോർട്ട്. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ സുരക്ഷാ ചുമതലയുള്ള സ്പെഷ്യൽ ഓഫീസർമാർ, പത്തനംതിട്ട, കോട്ടയം എസ്.പി മാർക്കുമാണ് ദക്ഷിണമേഖലാ എ.ഡി.ജി.പി അനിൽകാന്ത് റിപ്പോർട്ട് കൈമാറിയത്. എന്നാൽ എന്നാണ് സ്ത്രീകൾ ശബരിമലയിലെത്തുകയെന്നത് വ്യക്തമാക്കിയിട്ടില്ല.
ഹിന്ദു മക്കൾ കക്ഷി എന്ന ഹൈന്ദവ സംഘടനയുടെ നേതൃത്വത്തിലാണ് സ്ത്രീകളെ ഇവിടേക്ക് എത്തിക്കുന്നത്. എരുമേലി വാവര് പള്ളിയിലെ പ്രാർത്ഥനാലയത്തിൽ കടക്കുകയാണ് സംഘടനയുടെ ആദ്യ ലക്ഷ്യം. സന്നിധാനത്തേക്ക് കടക്കാനും ശ്രമിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് അർജുൻ സമ്പത്ത്, തിരുവള്ളൂർ ജില്ലാ പ്രസിഡന്റ് സോമു രാജശേഖർ എന്നിവരുടെ നേതൃത്വത്തിൽ ഒന്നാം ഘട്ടമായാണ് 40 പേരെ എത്തിക്കുന്നത്. വരും ദിവസങ്ങളിൽ ഇത് വർദ്ധിക്കുമെന്നും റിപ്പോർട്ട് തുടരുന്നു. ശബരിമലയ്ക്ക് പിന്നാലെ വാവര് പള്ളിയെക്കൂടി പ്രശ്നത്തിലേക്ക് വലിച്ചിഴക്കുമെന്ന വിലയിരുത്തലിലാണ് പൊലീസ്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നത് തടയാൻ കർശന സുരക്ഷ ഏർപ്പെടുത്തണമെന്നും ആവശ്യമായ സമയത്ത് തുടർ നടപടികൾ സ്വീകരിക്കണമെന്നും എ.ഡി.ജി.പി നിർദ്ദേശം നൽകി.