video
play-sharp-fill

സംസ്ഥാനത്ത് ആരാച്ചാരില്ല ; കേരളത്തിലെ ജയിലുകളിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്നത് 36 പേർ ; അവസാനം നടപ്പിലാക്കിയത് 1994 ൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ

സംസ്ഥാനത്ത് ആരാച്ചാരില്ല ; കേരളത്തിലെ ജയിലുകളിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്നത് 36 പേർ ; അവസാനം നടപ്പിലാക്കിയത് 1994 ൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : 15 പ്രതികൾക്ക് വധശിക്ഷ ലഭിക്കുന്നത് സംസ്ഥാനത്ത് ആദ്യമെന്ന് നിയമവിദഗ്ധർ. ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കാണ് മാവേലിക്കര അഡിഷനൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. കൊലപാതകം ആസൂത്രിതമാണെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു.

ഇത്രയധികം പ്രതികൾക്കു വധശിക്ഷ ലഭിക്കുന്നത് രാജ്യത്ത് ആദ്യമല്ല. 2016 ൽ ബിഹാറിൽ ദലിതരെ കൂട്ടക്കൊല ചെയ്തതിന് 16 പേർക്കും രാജീവ് ഗാന്ധി വധക്കേസിൽ 28 പേർക്കും 2000 ലെ അഹമ്മദാബാദ് സ്ഫോടനക്കേസിൽ 38 പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു. വധശിക്ഷ വിധിച്ചാലും മിക്ക കേസുകളിലും അപ്പീലുകളിലൂടെ ശിക്ഷ ജീവപര്യന്തമായി കുറയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ ജയിലുകളിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്നത് 21 പേരാണ്. വിധിക്കെതിരെ അവരെല്ലാം അപ്പീൽ നൽകിയിട്ടുണ്ട്. ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ കുടുംബത്തിലെ അഞ്ചു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാർ സ്വദേശി അസഫാക് ആലത്തിനാണ് (28) ഇതിനു മുൻപ് വധശിക്ഷ ലഭിച്ചത്.

കണ്ണൂർ സെന്‍ട്രൽ ജയിൽ–4
വിയ്യൂർ സെൻട്രൽ ജയിൽ–5
വിയ്യൂരിലെ അതീവ സുരക്ഷാ ജയിൽ–3
തിരുവനന്തപുരം സെൻട്രൽ ജയിൽ–9

വധശിക്ഷ വിധിക്കാറുണ്ടെങ്കിലും നടപ്പിലാക്കുന്നത് കുറഞ്ഞതിനാൽ സംസ്ഥാനത്ത് ആരാച്ചാരില്ല. കണ്ണൂരിലും തിരുവനന്തപുരത്തുമാണ് വധശിക്ഷ നടപ്പിലാക്കാനുള്ള കഴുമരങ്ങളുള്ളത്. കണ്ണൂർ സെൻട്രൽ ജയിലിൽ റിപ്പർ ചന്ദ്രനെയാണ് അവസാനമായി തൂക്കിലേറ്റിയത്; 1991 ൽ. തിരുവനന്തപുരം സെൻട്രൽ ജയിലിൽ കളിയാക്കാവിള സ്വദേശി അഴകേശനെയാണ് അവസാനമായി തൂക്കിലേറ്റിയത്; 1994 ൽ. പെരുമ്പാവൂരിൽ നിയമവിദ്യാർഥിയെ കൊലപ്പെടുത്തിയ അസം സ്വദേശി മുഹമ്മദ് അമിറുൾ ഇസ്‌ലാം, ചെങ്ങന്നൂരിലെ ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിച്ച ബംഗ്ലദേശി പൗരൻ ലബലു ഹസൻ, ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ പ്രതി നിനോ മാത്യു എന്നിവർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നവരുടെ അപ്പീൽ ലഭിച്ചാൽ സുപ്രീം കോടതി നിർദേശത്തിന്റ അടിസ്ഥാനത്തിൽ ഹൈക്കോടതി വിശദമായ പരിശോധന നടത്തും. ഇതിനായി വിദഗ്ധരുൾപ്പെടുന്ന പ്രത്യേക ഏജൻസിയെ നിയോഗിച്ചിട്ടുണ്ട്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ മാനസിക നില മെഡിക്കൽ കോളജിലെ വിദഗ്ധ സംഘം പരിശോധിക്കും.

ജയിലിലെ പെരുമാറ്റം, കുടുംബ–സാമൂഹിക പശ്ചാത്തലം, സാമൂഹിക ജീവിതത്തിനു പറ്റിയ നിലയിലേക്ക് സ്വഭാവത്തിൽ മാറ്റം വന്നിട്ടുണ്ടോ, തൊഴിൽ സാധ്യത തുടങ്ങിയ കാര്യങ്ങളടക്കം പരിശോധിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി തീരുമാനമെടുക്കുന്നത്. ഹൈക്കോടതി വിധി എതിരായാൽ സുപ്രീംകോടതിയിൽ അപ്പീൽ നൽകാം. സുപ്രീം കോടതിയും തള്ളിയാൽ രാഷ്ട്രപതിക്കു ദയാഹർജി സമർപ്പിക്കാം. വധശിക്ഷ പരമാവധി ഒഴിവാക്കുന്ന രീതിയാണ് കോടതികൾ സ്വീകരിക്കുന്നത്.