
സ്വന്തം ലേഖിക
ന്യൂഡൽഹി: മൊബൈൽ കമ്പനികളുടെ 28 ദിവസത്തെ റീച്ചാർജിംഗ് കൊളളയ്ക്ക് പൂട്ടിട്ട് കേന്ദ്രസർക്കാർ.
ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്)യുടെ നിയമ ഭേദഗതിയ്‌ക്ക് പിന്നാലെ റീച്ചാർജ് പ്ലാനുകളിൽ ടെലികോം കമ്പനികൾ മാറ്റം വരുത്തി. 30 ദിവസം കാലാവധിയുള്ള റീച്ചാർജ് പ്ലാനുകളാണ് ടെലികോം കമ്പനികൾ ആരംഭിച്ചത്. ഇതുവരെ 28 ദിവസത്തെ റീച്ചാർജ് പ്ലാനുകളാണ് ഒരു മാസമെന്ന രീതിയിൽ ടെലികോം കമ്പനികൾ നൽകിയിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു മാസമെന്ന പേരിൽ 28 ദിവസത്തെ റീച്ചാർജ് പ്ലാനുകൾ വഴി ടെലികോം കമ്പനികൾ വൻ കൊള്ളയാണ് നടത്തുന്നതെന്ന ആക്ഷേപം ഉപയോക്താക്കളിൽ ശക്തമായിരുന്നു. ഇതേ തുടർന്നാണ് ചട്ടം ഭേദഗതി ചെയ്യാൻ ട്രായ് തീരുമാനിച്ചത്. 30 ദിവസത്തെ റീച്ചാർജ് പ്ലാനിന് പുറമേ എല്ലാ മാസവും ഒരേ തിയതികളിൽ പുതുക്കാവുന്ന റീച്ചാർജ് പ്ലാനിനും ടെലികോം കമ്പനികൾ രൂപം നൽകിയിട്ടുണ്ട്.
28 ദിവസത്തെ പ്ലാൻ അനുസരിച്ച് ഉപഭോക്താവിന് ഒരു വർഷത്തിൽ 13 തവണയാണ് റീച്ചാർജ് ചെയ്യേണ്ടിവരുന്നത്. ഇതിലൂടെ ഒരു മാസത്തെ അധിക പണം കമ്പനികൾക്ക് ലഭിച്ചിരുന്നു. ഇത് കടുത്ത നഷ്ടവും കമ്പനിയ്‌ക്ക് കൊള്ളലാഭവുമാണ് ഉണ്ടാക്കുന്നത് എന്ന് ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്ന് 30 ദിവസ കാലാവധിയുള്ള പ്ലാൻ നടപ്പിലാക്കാൻ ട്രായ് നിർദ്ദേശിക്കുകയായിരുന്നു.