
എം.സി റോഡിൽ ലോറിയും കാറും കൂട്ടിയിടിച്ചു; സഹോദരങ്ങൾ അടക്കം മൂന്നു യുവാക്കൾ മരിച്ചു; ഒരാളുടെ നില അതീവഗുരുതരം
സ്വന്തം ലേഖകൻ
മൂവാറ്റുപുഴ: ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ മൂന്ന് യുവാക്കൾ മരിച്ചു. ഒരാളുടെ നില അതീവഗുരുതരം. ഇന്ന് പുലർച്ചെ നാലോടെ എംസി റോഡിൽ തൃക്കളത്തൂർ കാവുംപടിക്ക് സമീപത്തായിരുന്നു അപകടം.
തൊടുപുഴ പുറപ്പുഴ സ്വദേശികളായ മൂക്കിലകാട്ടിൽ രാജേന്ദ്രന്റെ മകൻ ആദിത്യൻ (23), കുന്നേൽ ബാബുവിന്റെ മകൻ വിഷ്ണു (24), സഹോദരൻ അരുൺ ബാബു(22) എന്നിവരാണ് മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറിൽ ഇവർക്കൊപ്പമുണ്ടായിരുന്ന പുറപ്പുഴ മൂക്കിലകാട്ടിൽ അമർനാഥി (20)നെ ഗുരുതരപരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു.
തൃശൂരിലേക്ക് മണ്ണുമാന്തി യന്ത്രം കയറ്റി പോവുകയായിരുന്ന ലോറിയും മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. നാട്ടുകാരും പോലീസും അഗ്‌നിരക്ഷാ സേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്ന് പേരെയും രക്ഷിക്കാനായില്ല.
ബംഗളൂരുവിൽ നിന്നും ബന്ധുവിന് കാർ എടുത്തശേഷം ഇരുകാറുകളിലായി മടങ്ങവെയാണ് യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്. പിന്നാലെ മറ്റൊരു കാറിൽ ബന്ധുവും ഉണ്ടായിരുന്നു.
ആദിത്യന്റെയും വിഷ്ണുവിന്റെയും മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും അരുണിന്റെ മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.