video
play-sharp-fill
പുതുവർഷത്തിൽ ഒരു ലോഡ് അവധി: കോളടിച്ച് സർക്കാർ ജീവനക്കാരും അധ്യാപകരും; പുതുവർഷത്തിന്റെ ആദ്യ രണ്ട് ദിവസം അരങ്ങിലെത്തിയത് വിവാദങ്ങളും ചരിത്രസംഭവങ്ങളും

പുതുവർഷത്തിൽ ഒരു ലോഡ് അവധി: കോളടിച്ച് സർക്കാർ ജീവനക്കാരും അധ്യാപകരും; പുതുവർഷത്തിന്റെ ആദ്യ രണ്ട് ദിവസം അരങ്ങിലെത്തിയത് വിവാദങ്ങളും ചരിത്രസംഭവങ്ങളും

തേർഡ് ഐ ബ്യൂറോ

കോട്ടയം: പ്രളയവും നിപ്പയും ശബരില സ്ത്രീ പ്രവേശനത്തിലെ സുപ്രീം കോടതിയും നിറഞ്ഞ 2018 ന് ശേഷം എത്തിയ 2019 പക്ഷേ, തുടക്കത്തിലെ രണ്ടു ദിവസം കൊണ്ടു തന്നെ ചരിത്രം കുറിച്ചു. ലോകറെക്കോർഡിൽ എത്തിയ വനിതാ മതിലും, ചരിത്രത്തിന്റെ ഭാഗമായി തീർന്ന ശബരിമല സ്ത്രീ പ്രവേശനവുമാണ് ഈ രണ്ടു ദിവസം കൊണ്ടു പുതുവർഷത്തിൽ ചരിത്ര സംഭവങ്ങളായി മാറിയത്. പക്ഷേ, പുതുവർഷത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്കും സന്തോഷത്തിന്റെ വൻ ഓഫറാണ് കാത്തിരിക്കുന്നത്. 
പുതുവർഷത്തിന്റെ ആദ്യദിനമായിരുന്നു ഉദ്യോഗസ്ഥർക്ക് കോളടിച്ചത്. തിങ്കളാഴ്ച പുതുവത്സരാഘോഷം കഴിഞ്ഞ ഓഫിസിൽ എത്തിയപ്പോൾ കാത്തിരിക്കുന്നത് വമ്പൻ വനിതാ മതിൽ. വനിതാ മതിലിന്റെ പ്രവർത്തനങ്ങൾക്കായി ഉദ്യോഗസ്ഥർ കൂട്ടത്തോടെ കസേര വിട്ടു.

പതിവില്ലാതെ ഓഫിസുകൾ അവധിയുടെ ആലസ്യത്തിലായി. ജനുവരി ഒന്നിന് പൂർണമായും, ഉച്ചയ്ക്ക് ശേഷവും അടച്ച സ്‌കൂളുകൾ സംസ്ഥാനത്ത് ഉണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ മിക്ക സ്‌കൂളുകളും ഒന്നാം തീയതി അവധിയ്ക്കു തുല്യമായ രീതിയിലാണ് പ്രവർത്തിച്ചത്. എൻഎസ്എസിന്റെ കീഴിലുള്ള സ്ഥാപനങ്ങൾക്കും സ്‌കൂളുകൾക്കും മന്നംജയന്തിയെ തുടർന്ന് ജനുവരി ഒന്നിന് അവധിയായിരുന്നു എന്നതും ഇതിനോട് കൂട്ടി വായിക്കണം.  
സംസ്ഥാന സർക്കാരും സിപിഎമ്മും എസ്എൻഡിപിയും കെപിഎംഎസും വിവിധ സംഘടനകളും ചേർന്ന് നടത്തിയ വനിതാ മതിൽ ചരിത്രമായി മാറിയതും ഇതേ ദിവസം തന്നെയായിരുന്നു. കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ വനിതകൾ നിരന്നു നിന്ന വനിതാ മതിൽ ചരിത്രമായതും ഇതേ ജനുവരി ഒന്നിന് തന്നെയായിരുന്നു. ഇതോടെ വിവിധ റെക്കോർഡ് പുസ്തകങ്ങളിൽ വനിതാ മതിലും ഇടം പിടിച്ചു.  
രണ്ടാം തീയതി മന്നം ജയന്തി പ്രമാണിച്ച് സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. ഈ അവധിയും ഉദ്യോഗസ്ഥരും അധ്യാപകരും അടക്കമുള്ളവർ ആഘോഷമാക്കി. ഈ അവധിയ്ക്കിടെയാണ് കനകദുർഗയും, ബിന്ദുവും സന്നിധാനത്ത് എത്തുകയും ശബരിമലയിലേയ്ക്ക് സുഖമായി കടന്നു പോകുകയും ചെയ്തത്. സുപ്രീം കോടതിവിധിയ്ക്ക് ശേഷം യുവതികൾ ശബരിമല സന്നിധാനത്ത് ദർശനം നടത്തുക എന്ന ചരിത്ര സംഭവത്തിനാണ് മന്നംജയന്തി ദിനമായ ജനുവരി രണ്ട് സാക്ഷിയായത്. ഇതിനു പിന്നാലെ കേരളത്തെ തെരുവ് യുദ്ധത്തിലേയ്ക്ക് നയിക്കുന്ന കലാപം ഉണ്ടാകുകയും ചെയ്തു. ഇതിനു പിന്നാലെ പ്രഖ്യാപനം എത്തി, ജനുവരി മൂന്നിന് ഹർത്താൽ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ജനുവരി മൂന്നിനും അവധി ലഭിച്ചു. ഇതോടെ പുതുവർഷത്തിലെ ആദ്യ മൂന്നു ദിവസവും അവധി ഉറപ്പാക്കിയിരിക്കുകയാണ്. 
ഇനി ഈ വർഷത്തിലെ ആദ്യ ആഴ്ച ബാക്കിയുള്ളത് നാലാം തീയതി വെള്ളിയാഴ്ച മാത്രമാണ്. അഞ്ചും ആറും ശനിയും ഞായറും. അതുകൊണ്ടു തന്നെ സ്വാഭാവികമായും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അവധി ലഭിക്കുകയും ചെയ്യും. പിന്നീട് തിങ്കളാഴ്ച ഏഴാം തീയതിയാണ്. ഒന്നും സംഭവിച്ചില്ലെങ്കിൽ ഏഴ് സുഗമമായി കടന്നു പോകും. പിന്നീട് വരുന്ന എട്ടും ഒൻപതും തീയതികളിൽ ദേശീയ പണിമുടക്കാണ് നടക്കുന്നത്. ഇതോടെ അടുത്ത ആഴ്ചയും പുതുവർഷത്തിൽ കാത്തിരിക്കുന്നത് അവധികളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group