
സ്വന്തം ലേഖിക
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും മികച്ച വിജയുമായി ബിജെപി ശക്തി തെളിയിച്ചിരിക്കുകയാണ്.
കര്‍ഷക പ്രക്ഷോഭം അടക്കമുള്ള വെല്ലുവിളികളെ അതിജീവിച്ച് യുപിയില്‍ നേടിയ വിജയത്തിന് മധുരം കൂടുതലാണ്. യുപിയില്‍ മത്സരിച്ച 376 സീറ്റുകളില്‍ 251ലും ബിജെപി മുന്നിലാണ്. ഉത്തരാഖണ്ഡിലെ 70 സീറ്റുകളില്‍ 48ലും വിജയിച്ച് ഭരണത്തുടര്‍ച്ച നേടി. മണിപ്പൂരില്‍ 60 സീറ്റുകളില്‍ 30 ഇടത്തും വിജയം ഉറപ്പാക്കി. ഗോവയിലാകട്ടെ 40 സീറ്റുകളില്‍ 20 എണ്ണത്തില്‍ വിജയിച്ച് ഭരണം പിടിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2024ല്‍ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നാണ് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയില്‍ ബിജെപിയുടെ തേരോട്ടം തല്‍ക്കാലത്തേങ്കിലും തുടരുമെന്ന സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.
ഉത്തര്‍പ്രദേശില്‍ ഒറ്റക്ക് അധികാരത്തില്‍ വരിക എന്നത് ഒരുഘട്ടത്തില്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം ദുഷ്കരമായ ഒന്നായിരുന്നു. ആ യുപിയെയാണ് മോദി- യോഗി കൂട്ടുകെട്ട് മാറ്റിമറിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷം തികച്ച് ഭരിച്ചതിനൊപ്പം വീണ്ടും അധികാരത്തിലെത്തുകയെന്നത് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ പുതിയ ഏടാണ്. സംഘപരിവാര്‍ രാഷ്ട്രീയത്തില്‍ പുതുചലനം ഉണ്ടാക്കുന്നതാണ് യോഗി ആദിത്യനാഥിന്റെ വിജയം.
1985ന് ശേഷം തുടര്‍ച്ചയായി അധികാരത്തിലെത്തുന്ന ആദ്യ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകും യോഗി ആദിത്യനാഥ്. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി ഒരു മുഖ്യമന്ത്രി ഭരണത്തുടര്‍ച്ച നേടുന്നതും ഇതാദ്യമാണ്. മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് ഗോരഖ്പൂര്‍ അര്‍ബന്‍ സീറ്റില്‍ 1,02,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. നിലവില്‍ 269 സീറ്റുകളിലാണ് ബിജെപി സഖ്യം യുപിയില്‍ മുന്നിട്ട് നില്‍ക്കുന്നത്. 403 അസംബ്ലി സീറ്റുകളുള്ള സംസ്ഥാനത്ത് ഭൂരിപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 202 സീറ്റുകളാണ് വേണ്ടത്.
ഉത്തരാഖണ്ഡിലും
ബിജെപിക്ക് അധികാര തുടര്‍ച്ച ലഭിച്ചെങ്കിലും മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമിയുടെ തോല്‍വി ബിജെപിക്ക് തിരിച്ചടിയായി. ഖതിമ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഭുവന് ചന്ദ്ര കാപ്രിയോട് 6932 വോട്ടുകള്‍ക്കാണ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി പരാജയം രുചിച്ചത്. അതേസമയം ധാമിയുടെ തോല്‍വിയോടെ മുഖ്യമന്ത്രിമാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന പതിവും ഉത്തരാഖണ്ഡില്‍ ആവര്‍ത്തിച്ചിരിക്കുകയാണ്.
ഉത്തരാഖണ്ഡില്‍ നിലവില്‍ 48 സീറ്റ് നേടിയാണ് ബി ജെ പിയുടെ മുന്നേറ്റം തുടരുന്നത്. ഇക്കുറി സംസ്ഥാനത്ത് പതിവ് ആവര്‍ത്തിച്ച് ഭരണം പ്രതീക്ഷിച്ച കോണ്‍ഗ്രസിന് വെറും 18 സീറ്റുകളില്‍ ഒതുങ്ങേണ്ടി വന്നു. കഴിഞ്ഞ തവണ 11 സീറ്റുകളായിരുന്നു കോണ്‍ഗ്രസ് നേടിയത്. ബി ജെ പിക്ക് ലഭിച്ചത് 57 സീറ്റുകളായിരുന്നു. അതേസമയം കന്നി പോരാട്ടത്തിറങ്ങിയ ആം ആദ്മിക്ക് സംസ്ഥാനത്ത് നിലംതൊടാന്‍ സാധിച്ചിട്ടില്ല. സ്വതന്ത്രര്‍ ഉള്‍പ്പടെയുള്ള മറ്റുള്ളവര്‍ 5 സീറ്റില്‍ മൂന്നിട്ട് നില്‍ക്കുന്നുണ്ട്.
മണിപ്പൂരിലും ബിജെപി അധികാരം ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. ആകെയുള്ള 60 സീറ്റുകളില്‍ 30 ഇടത്ത് ബിജെപി മുന്നിട്ടുനില്‍ക്കുന്നു. കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ താരമായത് നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടിയും (എന്‍പിപി) ജനതാദളും (യു) അടക്കമുള്ള ചെറുപാര്‍ട്ടികള്‍ പിടിച്ചുനിന്നു. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ പിന്തള്ളി ബിജെപിയെ അധികാരത്തിലെത്തിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ച എന്‍പിപി എട്ട് സീറ്റുകളിലാണ് മുന്നിട്ടു നില്‍ക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 28ഉം ബിജെപിക്ക് 21ഉം സീറ്റുകളാണു ലഭിച്ചത്. പക്ഷേ, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനു പകരം ബിജെപിയെയാണു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത്. നാലു സീറ്റുകള്‍ വീതമുള്ള എന്‍പിപിയുടെയും എന്‍പിഎഫിന്റെയും പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു. 21 എംഎല്‍എമാരുമായി തുടങ്ങിയ ബിജെപിക്ക് ഇപ്പോള്‍ 28 എംഎല്‍എമാരുണ്ട്. 28 എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ അംഗസംഖ്യ 13 ആയി ചുരുങ്ങി. മണിപ്പുരില്‍ വ്യക്തമായ മുന്നേറ്റം ഉണ്ടായതോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടണ്ട്.
ഗോവയിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. ആകെയുള്ള 40 സീറ്റുകളില്‍ 20 എണ്ണത്തിലും ബിജെപി ലീഡ് ചെയ്യുന്നു. 12 സീറ്റുകളില്‍ കോണ്‍ഗ്രസും 2 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസും 2 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടിയും മുന്നിട്ടുനില്‍ക്കുകയാണ്. പ്രമോദ് സാവന്ത്, വിശ്വജീത് റാണെ എന്നീ ബിജെപി നേതാക്കളില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു. സ്വതന്ത്രരുടെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കുമെന്ന് ബിജെപി നേതൃത്വം പ്രഖ്യാപിച്ചു കഴിഞ്ഞു.



