
12 മണിക്കൂറിനുള്ളിൽ പുതിയ ന്യൂനമർദം; ചക്രവാതച്ചുഴി; സംസ്ഥാനത്ത് കനത്ത മഴ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബംഗാൾ ഉൾകടലിലും ആന്താമാൻ കടലിലും പുതിയ ന്യുന മർദം അടുത്ത 12 മണിക്കൂറിനുള്ളിൽ രൂപപ്പെടാൻ സാധ്യത. തിങ്കളാഴ്ചയോടെ മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിൽ എത്തിച്ചേർന്നു തീവ്ര ന്യുന മർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ബംഗാൾ ഉൾക്കടലിൽ ഇന്നു രൂപം കൊള്ളുന്ന ന്യൂനമർദം ചുഴലിക്കാറ്റായി മാറി ആന്ധ്ര തീരത്തു കയറുമെന്നാണു വിലയിരുത്തൽ. രണ്ട് ദിവസത്തിനുള്ളിൽ മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം എത്തിച്ചേരും. ബംഗാൾ ഉൾക്കടലിൽ നിന്നു തമിഴ്‌നാട്ടിൽ കരയിലെത്തിയ തീവ്ര ന്യൂനമർദം ദുർബലമായി പടിഞ്ഞാറോട്ടു നീങ്ങി അറബിക്കടലിലെത്തി വീണ്ടും ശക്തി പ്രാപിച്ച് കേരള തീരത്ത് ന്യൂനമർദമായി മാറാനും ഇടയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെക്ക് കിഴക്കൻ അറബികടലിലും വടക്കൻ തമിഴ് നാടിനു മുകളിലും ചക്രവാതചുഴി നിലനിൽക്കുന്നു.ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസം അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. തെക്കൻ കേരളത്തിൽ കൂടുതൽ ജാഗ്രതവേണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്കു സാധ്യത. തിരുവനന്തപുരം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും (അതിശക്തമായ മഴ) മറ്റു ജില്ലകളിൽ യെലോ അലർട്ടും (ശക്തമായ മഴ) പ്രഖ്യാപിച്ചു. നാളെ ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെലോ അലർട്ടും നൽകിയിട്ടുണ്ട്. 15നും 16നും പരക്കെ മഴ തുടരും. കേരള തീരത്ത് മത്സ്യബന്ധനത്തിനു പോകരുത്. കേരളത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.