ളോഹയുടെ മറവിൽ കൊടും ക്രൂരത നടത്തിയ വൈദികന് ഇരുപത് വർഷം കഠിന തടവ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ഫാ.റോബിന് ഇനി തടവറ
സ്വന്തം ലേഖകൻ
കണ്ണൂർ: ളോഹയുടെ പരിശുദ്ധി നഷ്ടപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ നരാധമൻ ഫാ.റോബിന് ഇരുപത് വർഷം കഠിനതടവ്.
കണ്ണൂർ കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഫാദർ റോബിൻ വടക്കുംചേരിയെയാണ് 20 വർഷത്തെ കഠിന തടവിന് കോടതി ശിക്ഷിച്ചത്. തടവ് അനുഭവിക്കുന്ന പ്രതി മൂന്ന് ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും തലശേരി പോക്‌സോ കോടതി ജഡ്ജി പി.എൻ വിനോദ് വിധിച്ചു. വിവിധ വകുപ്പുകളിലായി അറുപത് വർഷമാണ് ശിക്ഷിച്ചതെങ്കിലും, ശിക്ഷ ഒന്നിച്ച് അനുഭവച്ചാൽ മതി. വൈദികന്റെ ഭീഷണിയ്ക്കും സ്വാധീനത്തിനും വഴങ്ങി കേസിൽ കള്ളസാക്ഷി പറഞ്ഞതിനു കുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും കോടതി നടപടി ശുപാർശ ചെയ്തു.
പീഡനത്തിനിരയായ കുട്ടിയുടേയും അവരുടെ കുട്ടിയുടേയും സംരക്ഷണം ലീഗൽ സർവ്വീസസ് അതോറിറ്റിക്ക് കോടതി നൽകി. സ്‌പെഷ്യൽ പബ്ലിക് പ്രോസികൂട്ടർ ബീന കാളിയത്താണ് വാദി ഭാഗത്തിനായി ഹാജരായത്. വൈദികരും കന്യാസ്ത്രീകളും അടക്കം ബാക്കിയുള്ള ആറ് പ്രതികളെ വെറുതെ വിട്ടു
പള്ളി വികാരിയായിരുന്ന റോബിൻ വടക്കുംചേരി പള്ളിമേടയിൽ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കി എന്നാണ് കേസ്. പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ കടത്താനും കേസ് ഒതുക്കാനും ശ്രമിച്ചവരും കേസിൽ പ്രതികളായി. വൈദികർ ഉൾപ്പെട്ട ലൈംഗിക കുറ്റകൃത്യങ്ങളിൽ സുപ്രീംകോടതി വരെ ഞെട്ടൽ രേഖപ്പെടുത്തുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിചാരണക്കിടെ പെൺകുട്ടി മൊഴിമാറ്റിയിരുന്നു. ഉഭയകക്ഷി സമ്മത പ്രകാരമാണ് ബന്ധം നടന്നതെന്നും ഈ സമയത്ത് പ്രായപൂർത്തി ആയതാണെന്നും കോടതിയിൽ പെൺകുട്ടി പറഞ്ഞു. റോബിൻ വടക്കുഞ്ചേരിക്ക് ഒപ്പം ജീവിക്കണമെന്നും പെൺകുട്ടി പറഞ്ഞു. കേസിലെ പ്രധാന സാക്ഷികളായ പെൺകുട്ടിയുടെ മാതാപിതാക്കളും ഇതേ നിലപാട് എടുത്തു.
കേസിലെ ഡിഎൻഎ പരിശോധന ഫലത്തെ പ്രതിരോധിക്കാൻ രാജ്യത്തെ തന്നെ പ്രമുഖ ഡിഎൻഎ വിദഗ്ധനായ അഭിഭാഷകൻ ജി വി റാവുവിനെ ആണ് വൈദികൻ രംഗത്തിറക്കിയത്. എന്നാൽ, പൊലീസ് ഹാജരാക്കിയ ജനന രേഖകളും കുഞ്ഞിൻറെ പിതൃത്വം തെളിയിച്ച ഡിഎൻഎ ഫലവും പോക്‌സോ കേസിൽ നിർണായകമായി.
കേസിൽ നിന്നൊഴിവാക്കാൻ ഇവർ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും വിചാരണ നേരിടാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പെൺകുട്ടി പ്രസവിച്ച ക്രിസ്തുരാജ ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റർ അടക്കം മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി.
പോക്‌സോ കേസിലെ കൂറുമാറ്റം കൊണ്ട് ശ്രദ്ധ ആകർഷിച്ച കേസ് ഇതിനാൽ തന്നെ വിധി പ്രഖ്യാപനവും നിയമ വൃത്തങ്ങളും പൊതുസമൂഹവും ഉറ്റുനോക്കുന്ന ഒന്നാണ്. 3,000 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കിയാണ് ഒരു വർഷമെത്തും മുൻപ് തലശ്ശേരി പോക്‌സോ കോടതി വിധി പ്രഖ്യാപിച്ചത്.