play-sharp-fill
കന്നാസിൽ ഇരുപത് ലിറ്റർ കോട കടത്തി: തുരുത്തിയിൽ യുവാവ് വാറ്റൊരുക്കാനുള്ള ശ്രമത്തിനിടെ പൊലീസ് പിടിയിൽ

കന്നാസിൽ ഇരുപത് ലിറ്റർ കോട കടത്തി: തുരുത്തിയിൽ യുവാവ് വാറ്റൊരുക്കാനുള്ള ശ്രമത്തിനിടെ പൊലീസ് പിടിയിൽ

ക്രൈം ഡെസ്‌ക്

ചങ്ങനാശേരി: ലോക്ക് ഡൗൺ കാലത്ത് വാറ്റ് ചാരായം ഒരുക്കാൻ ഇരുപത് ലിറ്റർ കോടയുമായി കടക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് തുരുത്തിയിൽ പിടിയിൽ. തുരുത്തിയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും കന്നാസിൽ കോടയുമായി വരുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ചങ്ങനാശേരി വാഴപ്പള്ളി വെസ്റ്റിൽ തുരുത്തി കുന്നേപ്പടി വീട്ടിൽ കണിയാമ്പറമ്പിൽ വീട്ടിൽ കെ.ഒ മുകേഷ് കുമാറിനെയാണ് (35) ചങ്ങനാശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ പ്രശാന്ത്കുമാർ അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. തുരുത്തി ഭാഗത്ത് വൻ തോതിൽ ചാരായം വാറ്റും വിൽപ്പനയും നടക്കുന്നതായി പൊലീസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു പൊലീസ് സംഘം പ്രദേശത്ത് ദിവസങ്ങളായി നിരീക്ഷണം നടത്തി വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് ബുധനാഴ്ച ഉച്ചയോടെ പ്രതിയായ മുകേഷ്‌കുമാർ തുരുത്തി പ്രദേശത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ നിന്നും ടാങ്കിൽ കോടയുമായി റോഡിലേയ്ക്കു ഇറങ്ങിയതായി പൊലീസ് സംഘത്തിനു വിവരം ലഭിച്ചത്. തുടർന്നു പൊലീസ് സംഘം രഹസ്യമായി സ്ഥലത്ത് എത്തി. വിവരം അറിഞ്ഞ പ്രതി പൊലീസിനെ കണ്ട് ഓടിരക്ഷപെടാൻ ശ്രമിച്ചു. തുടർന്നു പിന്നാലെ എത്തിയ പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കുറിച്ചി തുരുത്തി പ്രദേശം കേന്ദ്രീകരിച്ച് ഇയാൾ വൻ തോതിൽ ചാരായം വാറ്റിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടം കേന്ദ്രീകരിച്ചു കൂടുതൽ വാറ്റ് നടത്തുന്നവരെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.