
തേർഡ് ഐ ബ്യൂറോ
പനച്ചിക്കാട്: പരുത്തുംപാറയിൽ മോഷണത്തിന് പുതിയ മുഖം. ഇരുപതിനായിരം രൂപയിലധികം വിലയുള്ള ആടിനെ രാത്രിയിൽ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയതായാണ് പരാതി. പരുത്തുംപാറ ഷാപ്പുകുന്ന് കാട്ടുപറമ്പിൽ കെ ആർ പ്രസാദിന്റെ ആട് ഫാമിൽ നിന്നാണ് കറുത്ത മുട്ടനാടിനെ മോഷ്ടിച്ചത്.ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ബുധനാഴ്ച രാവിലെ ഒൻപത് മണിക്ക് തീറ്റ കൊടുക്കുവാൻ ചെന്നപ്പോഴാണ് ആടിനെ കാണാനില്ലെന്നു പ്രസാദ് മനസ്സിലാക്കുന്നത്.
തുടർന്ന് ആടിനെ കണ്ടെത്തുന്നതിനായി പ്രദേശത്താകെ തിരച്ചിൽ നടത്തിയിരുന്നു. പരുത്തുംപാറയിലെ കാട്ടുപറമ്പിൽ ഹാർഡ് വെയേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമ പ്രസാദിന്റെ ഉടമസ്ഥതയിലുള്ള ഫാമിൽ നിന്നാണ് ആടിനെ കാണാതായത്. പ്രസാദിന്റെ വീട്ടിൽ നിന്നും 100 മീറ്റർ അകലെയാണ് ഈ സ്ഥലം.14 ആടിനെയാണ് ഈ സ്ഥലത്ത് വളർത്തിയിരുന്നത്.അതിൽ കറുത്ത നിറമുള്ള ഈ ആണാടിനെ മാത്രം മോഷ്ടിച്ചു കൊണ്ടു പോകുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സമീപത്ത് പയറു കൃഷി ചെയ്യുന്ന സ്ഥലത്ത് ആടിനെ നടത്തികൊണ്ടു പോയ കാൽപ്പാടുകൾ കണ്ടെത്തി. ഒപ്പം തലേ ദിവസം രാത്രിയിൽ പെയ്ത മഴയിൽ നനഞ്ഞു കിടന്ന മണ്ണിൽ മോഷ്ടാക്കളുടെ കാൽപ്പാടുകളും ഉണ്ടായിരുന്നു. ചുറ്റും ഇരുമ്പു വല കൊണ്ട് മറച്ച തുറസായ സ്ഥലത്തായിരുന്നു കൂട് സ്ഥാപിച്ചിരുന്നത്. ചിങ്ങവനം പോലീസിൽ പരാതി നൽകി.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.പ്രധാന റോഡിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ക്യാമറകൾ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.