മഴ കനത്തു; വാഴക്കൃഷിക്ക് വെല്ലുവിളിയായി ‘ഇലപ്പുള്ളി’ രോഗം; ജില്ലയിലെ അൻപത് ശതമാനത്തോളം തോട്ടങ്ങളിലും രോഗ ബാധ

Spread the love

മുണ്ടക്കയം: വാഴ കർഷകർക്ക് തലവേദനയായി ഇലപ്പുള്ളി രോഗം . ഓണം വിപണി ലക്ഷ്യമിട്ട് വളർത്തിയ ഏത്ത വാഴകളിലാണു രോഗ വ്യാപനം കൂടുതൽ. ‘സിഗട്ടോക്ക’ എന്ന കുമിൾ രോഗം കൃഷിയിൽ വ്യാപകമായതോടെ കർഷകർ പ്രതിസന്ധിയിലായി. കുമിൾ രോഗത്തെ (ഇലപ്പുള്ളി) തുടർന്ന് ഇല മഞ്ഞ നിറത്തിൽ ആകുകയും അത് വേഗം ഉണങ്ങി പോകുകയുമാണ്.

പലപ്പോഴും കർഷകരുടെ ശ്രദ്ധയിൽ പെടാതെ രോഗത്തിന് തുടക്കമിടുന്ന ഇവ പിന്നീട് അനുകൂല സാഹചര്യങ്ങളിൽ തോട്ടങ്ങളിൽ വളരെ വേഗം പടരുകയും, ദിവസങ്ങൾ കൊണ്ട് വാഴയുടെ വിവിധ ഭാഗങ്ങൾ പ്രേത്യേകിച്ച് ഇലകൾ, മാണം, കുലകൾ എന്നിവയെ നശിപ്പിച്ചു അതി ഭീകരമായ വിള നാശം ഉണ്ടാക്കുകയും ചെയ്യുന്നു.

ഇതോടെ വാഴക്കുലകളുടെ വളർച്ച തന്നെ മുരടിച്ചു പോകും. ജില്ലയിൽ അറുപത് ശതമാനം ചെറുകിട കർഷകരും ചിങ്ങം വരെയുള്ള സമയത്ത് വാഴക്കൃഷിയാണ് ചെയ്യുന്നത്. ഇതിൽ അൻപത് ശതമാനത്തോളം തോട്ടങ്ങളിലും രോഗ ബാധയുണ്ടെന്നാണ് കൃഷി ഓഫിസുകളിൽ നിന്നും ലഭിക്കുന്ന വിവരം. രോഗം ബാധിച്ച ഇലകൾ വെട്ടി നീക്കുകയാണ് കർഷകർ. വെട്ടി നീക്കിയ വാഴ ഇലകൾ കൃഷിയിടത്തിൽ നിന്നും ദൂരെ കൊണ്ടുപോയി നശിപ്പിക്കുകയും ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിവിൽ കൂടുതലായി ലഭിച്ച മഴയാണ് രോഗ ബാധ കൂടാൻ വഴിയൊരുക്കിയത്. 80 ശതമാനത്തിൽ അധികം ഇൗർപ്പവും കുമിൾ ബാധ വ്യാപിക്കാൻ കാരണമായി. അമ്ലത കൂടിയ പിഎച്ച് കുറഞ്ഞ മണ്ണുള്ള സ്ഥലങ്ങളിൽ രോഗ വ്യാപനം കൂടുതലാണ്.

നീർവാർച്ച ഉറപ്പാക്കണം
ഇലപ്പുള്ളി രോഗങ്ങൾ വ്യാപകമായതിനാൽ മഴക്കാലത്ത് രോഗങ്ങൾ തടയുന്നതിനും, പടരാതിരിക്കാനും കൃഷിയിടത്തിൽ നീർവാർച്ച ഉറപ്പു വരുത്തണം. കൂടാതെ, തൈകൾ നടുമ്പോൾ ശുപാർശ പ്രകാരമുള്ള ഇടയകലം പാലിക്കണം. രോഗ നിയന്ത്രണത്തിന് സഹായിക്കുന്ന മിത്ര ജീവാണുക്കൾ കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിൽ ലഭ്യമാണ്.(കുമരകം കൃഷി വിജ്ഞാന കേന്ദ്രം)

നിയന്ത്രണ മാർഗങ്ങൾ
ഗുരുതരമായി രോഗബാധയുള്ള വാഴയും ഇലകളും നീക്കം ചെയ്യുക.
മിനറൽ ഓയിൽ എമൽഷൻ തളിക്കുക.
ബോർഡോ മിശ്രിതം പശയും ചേർത്ത് തളിക്കുക.
രോഗം രൂക്ഷമായാൽ കൃഷി ഓഫിസുകളുമായി ബന്ധപ്പെടുക.
(സാന്ദ്ര സെബാസ്റ്റ്യൻ കൃഷി ഓഫിസർ, മുണ്ടക്കയം).