
ഉത്തർപ്രദേശ് : വന്ദേഭാരത് ട്രെയിൻ ഇടിച്ച് 16കാരൻ മരിച്ച സംഭവത്തിൽ കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രി അടിച്ചുതകർത്ത് ഡോക്ടർമ്മാരെ കയ്യേറ്റം ചെയ്ത്, ബന്ധുക്കള്‍.
യുപിയിലെ ഷാജഹാൻപൂർ ജില്ലയിലെ ഇന്ദിരാ നഗർ റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ചയാണ് സംഭവം. അങ്കിത് കുമാർ എന്ന കുട്ടിയാണ് മരിച്ചത്. പാളം മുറിച്ചുകടക്കുകയായിരുന്ന കുട്ടിയെ ട്രെയിൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവമറിഞ്ഞെത്തിയ ബന്ധുക്കള്‍ ജീവനക്കാരോട് തട്ടിക്കയറുകയും ബഹളം വയ്ക്കുകയും ആശുപത്രി അടിച്ചുതകർക്കുകയുമായിരുന്നു. ഇതോടെ, വനിതാ ഡോക്ടർമാരടക്കമുള്ളവർ ജീവരക്ഷാർഥം റെസ്റ്റ്റൂമില് അഭയം തേടി. സംഭവത്തില്‍ കുടുംബാംഗങ്ങള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ചയാണ് ആണ്‍കുട്ടിയെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നതെന്ന് മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍ രാജേഷ് കുമാർ പറഞ്ഞു. ഡോക്ടർ പരിശോധിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. മരണം ഉറപ്പിക്കാൻ ഇസിജി എടുത്തെങ്കിലും ഹൃദയമിടിപ്പുണ്ടായിരുന്നില്ലെന്നും തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയതായും പ്രിൻസിപ്പല്‍ വ്യക്തമാക്കി.
പിന്നീട് വിവരമറിഞ്ഞ് അങ്കിതിന്റെ ബന്ധുക്കള്‍ ആശുപത്രിയിലേക്ക് എത്തുകയും അത്യാഹിതവിഭാഗം അടിച്ചുതകർക്കുകയുമായിരുന്നു. ഡോക്ടർമാരെ കൈയേറ്റം ചെയ്ത ഇവർ ആശുപത്രി രേഖകള്‍ നശിപ്പിച്ചെന്നും പ്രിൻസിപ്പല്‍ ആരോപിച്ചു.
അതിക്രമത്തിനിടെ, റെസ്റ്റ്റൂമില് അഭയം തേടിയ വനിതാ ഡോക്ടർമാരെ ഉപദ്രവിക്കാൻ ഇവർ വാതില്‍ തല്ലിത്തകർക്കാൻ ശ്രമിച്ചതായും അപ്പോഴേക്കും പൊലീസ് സംഘം എത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആശുപത്രിയിലെ അതിക്രമത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെ ഭാരതീയ ന്യായ് സംഹിത 131, 132, 221, 324(5), 351(3), 352 എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി എസ്പി ദ്വിവേദി പറഞ്ഞു.
പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമത്തിലെ വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും അദ്ദേഹം പറഞ്ഞു.



