play-sharp-fill
വാട്ട്സാപ് ഗ്രൂപ്പുവഴി ലഹരി ആസ്വദിക്കാൻ ഒത്തുചേരൽ;പൊള്ളാച്ചിയിലെ സ്വകാര്യ റിസോർട്ടിൽ നിന്ന് മലയാളികൾ അടക്കം 165 പേർ അറസ്റ്റിൽ.

വാട്ട്സാപ് ഗ്രൂപ്പുവഴി ലഹരി ആസ്വദിക്കാൻ ഒത്തുചേരൽ;പൊള്ളാച്ചിയിലെ സ്വകാര്യ റിസോർട്ടിൽ നിന്ന് മലയാളികൾ അടക്കം 165 പേർ അറസ്റ്റിൽ.

സ്വന്തംലേഖകൻ
പൊള്ളാച്ചി: തമിഴ്‌നാട് പൊള്ളാച്ചിയിൽ സ്വകാര്യ വ്യക്തിയുടെ തെങ്ങിൻതോട്ടത്തിന് നടുവിലെ റിസോർട്ടിൽ ലഹരി പാർട്ടി നടത്തിയതിന് മലയാളികൾ ഉൾപ്പെടെ 165 പേരെ അണ്ണാമലൈ പൊലീസ് അറസ്റ്റ് ചെയ്തു.ഇവിടെ നിന്നും വലിയ അളവിൽ കഞ്ചാവ്, ചരസ്, കൊക്കയ്ൻ, ലഹരി ഗുളികകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. വാട്‌സ്ആപ്പ് കൂട്ടായ്മകളിൽ കൂടി സംഘടിച്ചെത്തിയ ഇവർ സേതുമടയിലെ സ്വകാര്യ റിസോർട്ടിലാണ് ഒത്തുചേർന്നത്. ശക്തിമാൻ എന്നപേരിൽ 13 വാട്‌സ്ആപ്പ് കൂട്ടായ്മകൾ വഴിയാണ് വിദ്യാർത്ഥികൾ പരിപാടിക്കായി ഒത്തുചേർന്നത്. വിദ്യാർത്ഥികൾക്ക് പുറമേ തോട്ടം ഉടമ ഗണേശനും റിസോർട്ട് ജോലിക്കാരുമടക്കം ആറുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഐ.ടി പ്രൊഫഷണലുകളും പാർട്ടിയിൽ പങ്കെടുത്തതായാണ് വിവരം.തെങ്ങിൻതോപ്പിന് നടുവിൽ അധികൃതരുടെ അനുമതിയില്ലാതെ പ്രവർത്തിച്ച റിസോർട്ട് റവന്യൂ അധികൃതർ അടച്ച് പൂട്ടിയിട്ടുണ്ട്. പാർട്ടി ഏർപ്പാട് ചെയ്തയാളടക്കം 10 പേരുടെ പേരിൽ കേസെടുത്തു. വെള്ളിയാഴ്ച വൈകുന്നേരം റിസോർട്ടിലേക്ക് കാറുകളിലും ബൈക്കുകളിലുമായിട്ടാണ് വിദ്യാർത്ഥികളെത്തിയത്. അർദ്ധരാത്രിയായപ്പോൾ ഉച്ചത്തിൽ പാട്ടും നൃത്തവും തുടങ്ങി. എല്ലാവരും മദ്യപിച്ചിരുന്നു. ഇതിനിടയിൽ പാർട്ടിക്കെത്തിയവർ തമ്മിൽ തർക്കമുണ്ടായി. പലരും തമ്മിൽ തല്ലാനും തുടങ്ങി. ബഹളം അതിരുകടന്നതോടെ സമീപത്തെ വീട്ടുകാർ പൊലീസിനെ അറിയിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇവിടെ പൊലീസ് എത്തുമ്പോൾ വൻ പാർട്ടി നടക്കുകയായിരുന്നു. വൻ മദ്യശേഖരവും കഞ്ചാവ് അടക്കമുള്ള ലഹരി മരുന്നുകളും പൊലീസ് പിടിച്ചെടുത്തു.