
കോഴിക്കോട്: കോഴിക്കോട് കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ നടപടിയെടുത്ത് പൊലീസും എംവിഡിയും.
കാർ ഓടിച്ചത് പതിനാറുകാരനാണെന്ന വിവരം പുറത്തുവന്നതോടെയാണ് നടപടികള്‍ ശക്തമായത്. കാറിന്റെ ആർസി സസ്‌പെൻഡ് ചെയ്യുന്നതായും 16കാരന് 25 വയസുവരെ ലൈസൻസ് അനുവദിക്കില്ലെന്നുമാണ് എംവിഡിയുടെ തീരുമാനം. വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തുകഴിഞ്ഞതായി അധികൃതർ സ്ഥിരീകരിച്ചു.
ഉപജില്ലാ കലോത്സവ പരിപാടിയായതിനാല്‍ സ്കൂളിന് അവധി നല്‍കിയിരുന്നെങ്കിലും ഫുട്ബോള്‍ ടീമിലെ വിദ്യാർത്ഥികള്‍ രാവിലെ പത്തോടുകൂടി പരിശീലനത്തിനായി ഗ്രൗണ്ടില്‍ എത്തിയിരുന്നു. ഈ സമയത്താണ് അതിവേഗത്തില്‍ കാർ ഗ്രൗണ്ടിലേക്ക് കുതിച്ചുകയറിയത്. വിദ്യാർത്ഥികള്‍ ഓടി മാറിയതോടെ വലിയ അപകടം ഒഴിവായി. തുടർന്നു കാർ വീണ്ടും അതിവേഗത്തില്‍ റോഡിലേക്കു തിരിഞ്ഞ് പാഞ്ഞോടി. ശബ്ദം കേട്ട് അധ്യാപകർ ഗ്രൗണ്ടിലെത്തിയപ്പോഴേക്കും കാറും ഡ്രൈവറും സ്ഥലം വിട്ടുകഴിഞ്ഞിരുന്നു. സംഭവം അധ്യാപകർ പോലീസില്‍ റിപ്പോർട്ട് ചെയ്തതോടെയാണ് അന്വേഷണം ആരംഭിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസ് നടത്തിയ അന്വേഷണത്തില്‍ പൈതോത്ത് സ്വദേശിയുടേതാണ് ഈ വാഹനം എന്ന് കണ്ടെത്തി. വാഹനം ഹാജരാക്കാൻ ഉടമയ്ക്ക് നോട്ടീസ് നല്‍കി, തുടർന്ന് വാഹനത്തെ പോലീസ് കസ്റ്റഡിയില്‍ സ്വീകരിച്ചു.
ഡ്രൈവ് നടത്തിയ ബാലനെതിരെയും കാർ ഉടമയ്ക്കെതിരെയും നിയമാനുസൃത നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചത്. ഡ്രൈവറുടെ നിലവിലെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കുട്ടികളുടെ ജീവൻ അപകടത്തിലാക്കിയ ഈ സംഭവത്തില്‍ ഗുരുതരമായ അശ്രദ്ധയും നിയമ ലംഘനവുമുണ്ടായതായും അന്വേഷണം തുടരുന്നതായും അധികൃതർ അറിയിച്ചു.




