
കെട്ടിക്കിടക്കുന്നത് 1.44 ലക്ഷം പെറ്റി-ക്രിമിനല്‍ കേസുകൾ ; കോടതിയും പൊലീസും ഒരുമിച്ച് ; അതിവേഗ പെറ്റി കേസ് ഡ്രൈവ്
തിരുവനന്തപുരം: തലസ്ഥാനത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന 1.44 ലക്ഷം പെറ്റി-ക്രിമിനല്‍ കേസുകളിലെ നടപടികള്‍ ഒഴിവാക്കുന്നതിന് വേണ്ടി ജില്ലാ കോടതിയും പൊലീസും അതിവേഗ പെറ്റി കേസ് ഡ്രൈവ് സംഘടിപ്പിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മേയ് മാസം 30 വരെ ജില്ലയിലെ മുഴുവന്‍ മജിസ്‌ട്രേറ്റ് കോടതികളില്‍ നടക്കുന്ന ഡ്രൈവില്‍ പിഴ അടച്ചു കേസ് തീര്‍ക്കാവുന്നതാണ്.
വിവിധ പെറ്റിക്കേസുകളില്‍ പെട്ട് നിരവധി വര്‍ഷം കോടതി നടപടികളില്‍ കുരുങ്ങിയിട്ടുള്ളവര്‍ക്ക് പാസ്‌പോര്‍ട്ട് എടുക്കാനും, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ലഭിക്കുന്നതിനും ബുദ്ധിമുട്ടുള്ള സാഹചര്യമാണ് നിലവില്‍ ഉള്ളത്.
ഈ സാഹചര്യത്തില്‍ കോടതിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പ്രധാന കേസുകള്‍ പരിഗണിക്കാനാകാതെ പെറ്റിക്കേസുകള്‍ പരിഗണിച്ച് സമയനഷ്ടം ഉണ്ടാകുന്ന സാഹചര്യമാണ്. അതിനാലാണ് അതിവേഗ പെറ്റി കേസ് ഡ്രൈവ് നടത്താന്‍ ജില്ലാ ജുഡീഷറി തീരുമാനെടുത്തത്. അതിന്റെ അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ പെറ്റിക്കേസുകള്‍ ഉള്ളവര്‍ മേയ് 30തിനകം അതാത് കോടതികളില്‍ ഹാജരായി കേസുകള്‍ തീര്‍പ്പാക്കാനാണ് പദ്ധതിയിലുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ കോടതികളില്‍ നിന്നും ഒരു വാറണ്ട് ഉത്തരവ് പുറപ്പെടുവിച്ചാല്‍ ആ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുന്നത് വരെ എത്ര വര്‍ഷം ആയാലും ആ വാറണ്ട് നില നില്‍ക്കുന്ന സാഹചര്യമാണ്. ഇതേത്തുടര്‍ന്ന് ആ പ്രതിയെ വര്‍ഷങ്ങള്‍ കഴിഞ്ഞാലും പൊലീസിന് അറസ്റ്റ് ചെയ്യേണ്ട സാഹചര്യവും നിലനില്‍ക്കുന്നു.