പതിനാല് വർഷത്തെ സർവീസ് ഇനി വട്ടപ്പൂജ്യം…! കെവിൻ കേസിലെ എസ്.ഐ ഷിബു നേരിട്ടത് സമാനതകളില്ലാത്ത നടപടി: തരം താഴ്തിയത് സംസ്ഥാനത്തെ ഏറ്റവും ജൂനിയർ എസ്‌ഐആയി; എട്ടു വർഷം പണിയെടുത്തത് വെറുതെയായി

പതിനാല് വർഷത്തെ സർവീസ് ഇനി വട്ടപ്പൂജ്യം…! കെവിൻ കേസിലെ എസ്.ഐ ഷിബു നേരിട്ടത് സമാനതകളില്ലാത്ത നടപടി: തരം താഴ്തിയത് സംസ്ഥാനത്തെ ഏറ്റവും ജൂനിയർ എസ്‌ഐആയി; എട്ടു വർഷം പണിയെടുത്തത് വെറുതെയായി

തേർഡ് ഐ ബ്യൂറോ

കോട്ടയം: എട്ടു വർഷം എസ്.ഐ ആയും ആറു വർഷത്തോളം പൊലീസുകാരനായും ജോലി ചെയ്ത ഗാന്ധിനഗർ സ്‌റ്റേഷനിലെ മുൻ എസ്എച്ച്ഒ എസ്.ഐ എം.എസ് ഷിബു നേരിടുന്നത് സമാനതകളില്ലാത്ത നടപടി. 13 വർഷത്തെ സർവീസ് ഇനി വട്ടപ്പൂജ്യം. കെവിൻ കേസിൽ സസ്‌പെൻഷന് ശേഷം തിരികെ സർവീസിൽ പ്രവേശിച്ച എസ്.ഐ എം.എസ് ഷിബുവിനെ ഇനി പരിഗണിക്കുക സംസ്ഥാനത്തെ ഏറ്റവും ജൂനിയർ എസ്.ഐ ആയി. ഇതുവരെയുള്ള സർവീസ് കാലം യാതൊരു വിധ ആനുകൂല്യങ്ങൾക്കും പരിഗണിക്കുക പോലും ഇല്ലെന്ന് ആഭ്യന്തര വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. സർവീസിൽ തിരികെ പ്രവേശിച്ച ഷിബുവിനെ ഇനി കോട്ടയം ജില്ലയിൽ ജോലി ചെയ്യാൻ അനുവദിക്കുകയില്ല. പകരം ഇടുക്കി ജില്ലയിലേയ്ക്കാണ് നടപടിയുടെ ഭാഗമായി ഷിബുവിന്റെ മാറ്റം. ഷിബുവിനെ ഇടുക്കിയിലെ ക്രമസമാധാന പാലനത്തിൽ നിന്നും മാറ്റി നിർത്തണമെന്ന നിർദേശം ആഭ്യന്തര വകുപ്പ് ഇടുക്കി ജില്ലാ പൊലീസ് മേധാവിയ്ക്ക് നൽകിയിട്ടുണ്ട്.
കെവിൻ കേസിൽ ഗുരുതരമായ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ഷിബുവിനെതിരെ നടപടിയെടുത്തത്. ഷിബുവിന്റെ സർവീസിൽ ഇതുവരെയുള്ള എല്ലാ ആനൂകൂല്യങ്ങളും റിവാർഡുകളും നഷ്ടമാകും. ഇതിനു പകരം പുതിയ സർവീസാവും ഷിബുവിന് ലഭിക്കുക. ഇതുവരെയുള്ള എല്ലാ എസ്.ഐമാരുടെയും പ്രമോഷൻ അടക്കമുള്ളവ പരിഗണിച്ച ശേഷമാവും ഷിബുവിനെ ഇനി പ്രമോഷനായി പരിഗണിക്കുക.
എട്ടു വർഷം സർവീസ് പൂർത്തിയാക്കിയ ഷിബുവിന് സിഐ ആയി പ്രമോഷൻ ലഭിച്ചേനെ. ഇതിനിടെയാണ് ഇപ്പോൾ സസ്‌പെൻഷനും, തരം താഴ്ത്തലും അടക്കമുള്ള നടപടികൾ നേരിടേണ്ടി വന്നിരിക്കുന്നത്. ഇത് സർവീസിൽ വൻ തിരിച്ചടിയാണ് ഷിബുവിന് നൽകുന്നത്. എൽഎൽഎം ബിരുദ ധാരിയാണ് ഷിബു. എസ്.ഐ ആകും മുൻപ് ആറു വർഷത്തോളം കേരള പൊലീസിൽ കോൺസ്റ്റബിളായും ഷിബു ജോലി ചെയ്തിട്ടുണ്ട്.
സർവീസിൽ തിരിച്ചെടുത്ത നടപടി പ്രഖ്യാപിച്ചതിനെ തുടർന്ന് ഷിബു ബുധനാഴ്ച രാവിലെ തന്നെ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ എത്തി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ഇടുക്കിയിലേയ്ക്ക് പോകുന്നത്. എന്നാൽ, ഷിബുവിനെ സർവീസിൽ തിരിച്ചെടുത്ത വിവരം താൻ അറിഞ്ഞിട്ടേയില്ലെന്നാണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയുടെ വാദം. കെവിന്റെ ബന്ധുക്കൾ ഷിബുവിനെ തിരികെ എടുത്തതിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെയാണ് ഡിജിപി ഈ നിലപാട് എടുത്തത്.