play-sharp-fill
24 മണിക്കൂറിനിടെ മൂന്നിടങ്ങളിൽ നിന്ന് എംഡിഎംഎ പിടികൂടി; പിടിയിലായ സംഘത്തിൽ മൂന്ന് യുവതികളടക്കം 14 പേർ

24 മണിക്കൂറിനിടെ മൂന്നിടങ്ങളിൽ നിന്ന് എംഡിഎംഎ പിടികൂടി; പിടിയിലായ സംഘത്തിൽ മൂന്ന് യുവതികളടക്കം 14 പേർ

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ 24 മണിക്കൂറിനിടെ മൂന്നിടങ്ങളിൽ നിന്ന് എംഡിഎംഎ പിടികൂടി. എറണാകുളം കലൂർ, പത്തനംതിട്ട പന്തളം, തിരുവനന്തപുരം ആക്കുളം എന്നിവിടങ്ങളിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്.

മൂന്നിടങ്ങളിലുമായി 3 യുവതികൾ അടക്കം 14 പേർ പിടിയിലായി. കലൂരിലെയും പന്തളത്തെയും ലോഡ്ജുകളിൽ നിന്നും ആക്കുളത്തെ വാടക വീട്ടിൽ നിന്നുമാണ് ലഹരിമരുന്ന് പിടികൂടിയത്. എറണാകുളത്ത് നിന്ന് 0.34 ഗ്രാം എംഡിഎംഎയും 155 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പന്തളത്ത് നിന്ന് 154 ഗ്രാം എംഡിഎംഎയും ആക്കുളത്ത് നിന്ന് 100 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.

എറണകുളത്ത് മയക്കുമരുന്നുമായി ലോഡ്ജിൽ താമസിച്ചിരുന്ന ലക്ഷദ്വീപ് സ്വദേശികളും യുവതിയുമടക്കം അഞ്ചുപേർ പിടിയിൽ. ലക്ഷദ്വീപ് കൽപേനി സ്വദേശികളായ മുഹമ്മദ് താഹിർ ഹുസൈൻ (24), നവാൽ റഹ്മാൻ (23), സി പി സിറാജ് (24), ചേർത്തല എഴുപുന്ന സ്വദേശിനി സോനു സെബാസ്റ്റിയൻ (23), തൃശ്ശൂർ അഴീക്കോട് സ്വദേശി അൽത്താഫ് (24) എന്നിവരെയാണ് നർക്കോട്ടിക് സെൽ എസിപിക്ക് കീഴിലുള്ള ഡാൻസാഫ് സംഘം പിടികൂടിയത്. ഇവരിൽ നിന്നും 0.34 ഗ്രാം എം.ഡി.എം.എ.യും 155 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കലൂർ കറുകപ്പിള്ളിയിലെ ലോഡ്ജിൽ അഞ്ചംഗ സംഘം താമസിച്ചിരുന്നത്. ഇവർക്ക് മയക്കുമരുന്ന് എത്തിച്ച് നൽകിയവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. ലക്ഷദ്വീപിലേക്ക് കടത്തുകയായിരുന്ന 190 ഗ്രാം കഞ്ചാവുമായി അക്ബർ എന്നയാളെ സിഐഎസ്എഫ് പിടികൂടുകയും ഹാർബർ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കറുകപ്പിള്ളിയിലെ ലോഡ്ജിലുള്ളവരെക്കുറിച്ച് വിവരം ലഭിച്ചത്.

പത്തനംതിട്ട പന്തളത്ത് എംഡിഎംഎയുമായി പിടികൂടിയ പ്രതികളെല്ലാം ലഹരി ഉപയോഗിക്കുന്നവരാണെന്ന് പൊലീസ്. പ്രതികളിൽനിന്ന് എംഡിഎംഎ കൂടാതെ കഞ്ചാവും ഗർഭനിരോധന ഉറകളും ലൈംഗിക ഉത്തേജന മരുന്നുകളും പൊലീസ് പിടിച്ചെടുത്തു. പിടിയിലായ യുവതി ഒപ്പമുണ്ടായിരുന്ന ഒരു യുവാവിൻറെ കാമുകിയാണെന്ന സൂചനയും പൊലീസ് നൽകുന്നു.

ഇവർ ഉപയോഗിച്ച ഒമ്പത് മൊബൈൽ ഫോണുകളും രണ്ടു കാറുകളും ഒരു ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പന്തളത്തെ ഒരു ലോഡ്ജിൽനിന്ന് 154 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയത്.ഇവിടെനിന്ന് പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയിൽ ലക്ഷങ്ങൾ വില വരുമെന്നാണ് പൊലീസ് നൽകുന്ന വിവരം. .

അടൂർ പറക്കോട് സ്വദേശി രാഹുൽ (29), കൊല്ലം കുന്നിക്കോട് സ്വദേശിനി ഷാഹിന (23), പള്ളിക്കൽ പെരിങ്ങനാട് സ്വദേശി ആര്യൻ (21), പന്തളം കുടശനാട് സ്വദേശി വിധു കൃഷ്ണൻ(20), കൊടുമൺ സ്വദേശി സജിൻ (20) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീമിന്റെ നേത്യത്വത്തിൽ നടത്തിയ റെയിഡിലാണ് സംഘം പിടിയിലായത്.

പന്തളം മണികണ്ഠനാൽത്തറയ്ക്ക് സമീപമുളള ഹോട്ടലിൽ വെച്ചാണ് എംഡിഎംഎ കച്ചവടം നടത്തുന്നതിനിടെ സംഘം പിടിയിലായത്. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

വെള്ളിയാഴ്ച രാഹുലും ഷാഹിനയുമാണ് പന്തളത്തെ ലോഡ്ജിൽ മുറിയെടുത്തത്. സംഘത്തിലെ മറ്റുള്ളവർ പിന്നീട് ഇവിടേക്ക് വരികയായിരുന്നു. പിടിച്ചെടുത്ത എംഡിഎംഎയിൽ നാല് ഗ്രാം മാത്രമാണ് ഒരാളിൽനിന്ന് കണ്ടെടുത്തത്. ബാക്കിയെല്ലാം മുറിയിലുണ്ടായിരുന്ന ബാഗിൽനിന്നാണ് കണ്ടെടുത്തത്.

സംഘത്തിലുണ്ടായിരുന്ന യുവതിയും ലഹരി ഉപയോഗിക്കാറുണ്ടെന്ന് പൊലീസ് പറയുന്നു. മുറിയിലെ അലമാരയിൽനിന്നാണ് കഞ്ചാവും ഗർഭനിരോധന ഉറകളും ലൈംഗിക ഉത്തേജന മരുന്നുകളും പൊലീസ് പിടിച്ചെടുത്തത്.അറസ്റ്റിലായവർക്ക് മറ്റ് ജോലിയൊന്നും ഇല്ലെന്നും, ഇവർ ലഹരിമരുന്ന് വിൽപ്പനയിലൂടെയാണ് പണമുണ്ടാക്കിയിരുന്നതെന്നും പൊലീസ് പറയുന്നു.

ബംഗളുരു, കോഴിക്കോട് എന്നിവിടങ്ങളിൽനിന്ന് എത്തിക്കുന്ന ലഹരിമരുന്ന് പത്തനംതിട്ടയിലെ ആവശ്യക്കാർക്ക് എത്തിച്ചുനൽകുകയാണ് ഇവർ ചെയ്തിരുന്നത്. കേസിൻറെ തുടരന്വേഷണ ചുമതല പന്തളം എസ്എച്ച്ഒയ്ക്കാണ്.

തിരുവനന്തപുരം ആക്കുളത്ത് വാടകവീട്ടിൽനിന്ന് നൂറ് ഗ്രാം എംഡിഎംഎയുമായി നാലുപേരെ പൊലീസ് പിടികൂടി. കണ്ണൂർ പാനൂർ സ്വദേശി അഷ്‌കർ, തിരുവനന്തപുരം ആക്കുളം സ്വദേശി മുഹമ്മദ് ഷാരോൺ, ആറ്റിങ്ങൽ സ്വദേശി സീന, കോഴിക്കോട് കൊടുവള്ളി സ്വദേശി ഫഹദ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ബെംഗളൂരുവിൽനിന്ന് ആക്കുളത്തേക്ക് ലഹരിമരുന്ന് എത്തിച്ചതായി ശ്രീകാര്യം പൊലീസിന് വിവരം ലഭിച്ചിരുന്നു.

തുടർന്ന് ആക്കുളം നിഷിന് സമീപത്തെ വാടകവീട്ടിൽ പൊലീസ് സംഘം പരിശോധന നടത്തുകയും എംഡിഎംഎ പിടിച്ചെടുക്കുകയുമായിരുന്നു.വാടക വീട്ടിലുണ്ടായിരുന്ന മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിൽ ആക്കുളത്തെ മറ്റൊരു വീട്ടിൽനിന്നാണ് ഷാരോണിനെ കസ്റ്റഡിയിലെടുത്തത്.

കേസിലെ ഒന്നാംപ്രതിയായ അഷ്‌കർ ഒരു ഗർഭിണിയുമായി എത്തിയാണ് ആക്കുളത്ത് വാടകയ്ക്ക് വീട് എടുത്തതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ഇയാൾ തുമ്പ ഭാഗത്ത് താമസിക്കുമ്പോൾ ലഹരിമരുന്ന് വിൽപന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.