
കൊല്ലം: ഷാർജയിൽ ജീവനൊടുക്കിയ വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റുമോർട്ടം നടത്തി. മരണ കാരണം ശ്വാസംമുട്ടിയാണെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. ശരീരത്തിലുണ്ടായിരുന്ന പാടുകള്‍ എംബാം ചെയ്തപ്പോഴുണ്ടായതാണെന്നും ഫൊറൻസിക് ഡോക്ടർമാരുടെ സംഘം പൊലിസിനെ അറിയിച്ചു. മൃതദേഹം ഇന്ന് കൊല്ലം കേരളപുരത്തെ വീട്ടു വളപ്പിൽ സംസ്കരിക്കും.
ഷാർജയിലെ ഫ്ലാറ്റിലാണ് വിപഞ്ചികയെയും കുഞ്ഞിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് നിതീഷ് സ്ത്രീധനത്തിൻെറ പേരിൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും, മരണത്തിൽ ദുരൂഹതയുണ്ടെന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം.
കുഞ്ഞിൻെറ മൃതദേഹം വിദേശത്ത് സംസ്കരിച്ചു. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിച്ച വിപഞ്ചികയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഫൊറൻസിക് ഡോക്ടർമാരുടെ സംഘം വീണ്ടും പോസ്റ്റുമോർട്ടം ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്വാസംമുട്ടിയാണ് മരണം, ഇൻക്വസ്റ്റിൽ ശരീരത്തിൽ ചില പാടുകള്‍ കണ്ടിരുന്നു. ഇത് എംപാം ചെയ്തപ്പോൾ ശരീരത്തിൽ കുത്തിവയ്പ്പ് നടത്തിയതാണെന്നുമാണ് ഡോക്ടർമാരുടെ നിഗമനം. ആത്മഹത്യ പ്രേരണക്കും സ്ത്രീധനപീഡനത്തിനും കുണ്ടറ പൊലിസ് നിതീഷിനെതിരെ കേസെടുത്തിട്ടുണ്ട്. നിതീഷിനെ നാട്ടിലെത്തിക്കാൻ പൊലിസ് നടപടി തുടങ്ങി.
ശാസ്താംകോട്ട ഡിവൈഎസ്പിയാണ് അന്വേഷണ ചുമതല. ഷാർജ പൊലീസിൻെറ അന്വേഷണത്തെക്കാള്‍ കേരള പൊലിസ് നടത്തുന്ന അന്വേഷണത്തിലാണ് കുടുംബത്തിന് കൂടുതൽ വിശ്വാസമെന്ന് സഹോദരൻ പറഞ്ഞു.