കൈയിൽ നയാ പൈസയില്ല ജയിലിൽ മട്ടൻകറി ഉൾപ്പെടെയുള്ളവ പകരം നൽകി ലഹരിവസ്തുക്കൾ വാങ്ങും; ഗോവിന്ദച്ചാമിയുടെ മൊഴി പുറത്ത്; ഗോവിന്ദച്ചാമിക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തു

Spread the love

കണ്ണൂർ: ജയിലിൽനിന്ന് രക്ഷപ്പെടാനായി ഇരുമ്പഴി മുറിച്ചതിന് ഗോവിന്ദച്ചാമിയുടെ പേരിൽ പൊതുമുതൽ നശിപ്പിച്ചതിന് പോലീസ് കേസെടുത്തു. ബി സെല്ലിലെ ഇരുമ്പഴിയുടെ അടിഭാഗം അരം പോലുള്ള ആയുധമുപയോഗിച്ച് മുറിച്ചുമാറ്റിയാണ് വെള്ളിയാഴ്ച പുലർച്ചെ 1.35-ന് ഇയാൾ പുറത്തുകടന്നത്. ജയിൽച്ചാടി പിടിയിലായ ഗോവിന്ദച്ചാമിയെ കണ്ണൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തതിനെത്തുടർന്ന് വെള്ളിയാഴ്ച വൈകീട്ട് തിരിച്ചെത്തിച്ചിരുന്നു.

അതെ സമയം ജയിൽച്ചാട്ടത്തിൽ മറ്റ് സഹായങ്ങൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ്. പ്രാഥമിക അന്വേഷണ നിഗമനമാണ് പുറത്തുവന്നത്. നാല് സഹതടവുകാർക്ക് ജയിൽ ചാടുന്നത് അറിയാമെന്നും കണ്ടെത്തൽ.

സെല്ലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ജയിൽ ചാടാൻ താമസിച്ചത് മറ്റ് സഹായങ്ങൾ ഇല്ലാത്തതുകൊണ്ടെന്നാണ് കണ്ടെത്തൽ. ജയിലിന് പുറത്തും സഹായം ലഭിച്ചില്ലെന്നും പൊലീസ് കണ്ടെത്തലിലുണ്ട്. വിശദമായ മൊഴി രേഖപ്പെടുത്താൻ പൊലീസ് തടവുകാരുടെ പട്ടിക തയ്യാറാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെൻട്രൽ ജയിലിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ യഥേഷ്ടം ലഭിക്കുമെന്ന് പോലീസിന്റെ ചോദ്യംചെയ്യലിൽ ഗോവിന്ദച്ചാമി മൊഴിനൽകിയിട്ടുണ്ട്. ജയിൽ ചാടിയ ദിവസം രാത്രിയിലും കഞ്ചാവ് വലിച്ചിരുന്നു. കഞ്ചാവ്, മാഹിയിൽനിന്നുള്ള മദ്യം എന്നിവ എത്തിച്ചുനൽകാൻ പ്രത്യേകം ആളുകളുണ്ടെന്നും ഇയാൾ പറഞ്ഞു.

കൈയിൽ പണമില്ലാത്തതിനാലും പുറത്തുനിന്ന് ഗൂഗിൾപേ വഴി പണം അയച്ചുനൽകാൻ ആളില്ലാത്തതിനാലും ലഹരിവസ്തുക്കൾ കിട്ടാറില്ല. മട്ടൻകറി ഉൾപ്പെടെയുള്ളവ പകരം നൽകിയാണ് താൻ സഹതടവുകാരിൽനിന്ന് കഞ്ചാവ് വാങ്ങുന്നതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. മൊഴി പോലീസ് പൂർണമായി മുഖവിലക്കെടുത്തിട്ടില്ല.