ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം കേരളത്തിലെത്തിച്ചു;റീ പോസ്റ്റ്മോർട്ടതിനു ശേഷം കൊല്ലത്തേക്ക് കൊണ്ടുപോകും

Spread the love

ദുബായ്: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മൃതദേഹം കേരളത്തിലെത്തിച്ചു.മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളേജിൽ റീ പോസ്റ്റ്മോർട്ടതിനു ശേഷം കൊല്ലത്തേക്ക് കൊണ്ടുപോകും.

മൃതദേഹം വൈകിട്ട് 5.40ന് ദുബൈയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ നാട്ടിലേക്ക് അയക്കുകയായിരുന്നു. കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ഷാർജയിലെ അല്‍ നഹ്ദയില്‍ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിലെ എച്ച്.ആർ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്തിരുന്നത്.

ഭർത്താവ് നിതീഷും യുഎഇയിലാണ് താമസിക്കുന്നത്. വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ വിപഞ്ചികയുടെ മാതാവ് ഷൈലജ ഉൾപ്പെടെയുള്ള കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിലാണ് സംസ്കരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജബൽ അലിയിലെ ന്യൂ സോനാപൂർ ശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്. രണ്ട് കുടുംബങ്ങളും സംസ്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഹൈന്ദവ ആചാരപ്രകാരമുള്ള സംസ്കാരമാണ് നടന്നത്.

തനിക്ക് യാത്രാ വിലക്കുള്ളതിനാല്‍ വൈഭവിയുടെ മൃതദേഹം യുഎഇയില്‍ സംസ്കരിക്കണമെന്നത് വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിന്‍റെ ആവശ്യമായിരുന്നു. ഇന്ത്യൻ കോൺസുലേറ്റ് ചർച്ചയിലാണ് വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്കെത്തിക്കാനും മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കാനും തീരുമാനമായത്.

കുഞ്ഞിന്‍റെ മൃതദേഹം ഷാര്‍ജയില്‍ സംസ്കരിക്കണമെന്ന ഭർത്താവിന്‍റെ കുടുംബത്തിന്റെ ആവശ്യത്തിന് വിപഞ്ചികയുടെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു. തർക്കത്തിൽ പെട്ട് സംസ്കാരം അനിശ്ചിതമായി നീളുന്നത് ഒഴിവാക്കാൻ കൂടിയായിരുന്നു തീരുമാനം.