നാലില്‍ മൂന്നു സംസ്ഥാനങ്ങളിലെ ജയത്തോടെ ബിജെപി സ്വന്തമായി 12 സംസ്ഥാനങ്ങളിൽ ഇനി അധികാര കസേരയിൽ ; കോണ്‍ഗ്രസ് ഉയര്‍ത്തി പിടിച്ച ജാതി സെൻസസ് വാദം ഹിന്ദി ബെല്‍റ്റിലെ വോട്ടര്‍മാരില്‍ പ്രതികരണം ഉണ്ടാക്കിയില്ല; കോണ്‍ഗ്രസ് വീണതോടെ വിലപേശലുമായി ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍

Spread the love

സ്വന്തം ലേഖകൻ 

ന്യൂഡല്‍ഹി: നാലില്‍ മൂന്നു സംസ്ഥാനങ്ങളിലെ ജയത്തോടെ, ബിജെപി സ്വന്തമായി 12 സംസ്ഥാനങ്ങളിലാണ് ഇനി അധികാരത്തിലിരിക്കുക.

രണ്ടാമത്തെ ഏറ്റവും വലിയ ദേശീയ കക്ഷിയായ കോണ്‍ഗ്രസ് ഛത്തീസ്‌ഗഡും, രാജസ്ഥാനും നഷ്ടമായതോടെ മൂന്നിലേക്ക് ചുരുങ്ങും. ഉത്തരാഖണ്ഡ്, ഹരിയാന, യുപി, ഗുജറാത്ത്, ഗോവ, അസം, ത്രിപുര, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, എന്നിവയ്ക്ക് പുറമേ മധ്യപ്രദേശ് നിലനിര്‍ത്തുകയും, രാജസ്ഥാനും, ഛത്തീസ്‌ഗഡും പിടിച്ചെടുക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹാരാഷ്ട്ര, മേഘാലയ, നാഗാലാൻഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ ഭരണ സഖ്യത്തിന്റെ ഭാഗവുമാണ് ബിജെപി. കോണ്‍ഗ്രസാകട്ടെ, സ്വന്തമായി അധികാരത്തിലിരിക്കുന്നത് കര്‍ണാടക, ഹിമാചല്‍ പ്രദേശ്, ഇപ്പോള്‍ തെലങ്കാനയും. രണ്ടുസംസ്ഥാനങ്ങള്‍ പോയപ്പോള്‍ ഒന്നുപുതുതായി കിട്ടി. ബിഹാറിലും, ഝാര്‍ഖണ്ഡിലും കോണ്‍ഗ്രസ് ഭരണസഖ്യത്തിന്റെ ഭാഗമാണ്. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിന് ഒപ്പമെങ്കിലും, സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമല്ല.

ഇന്നുരാവിലെ വരെ ഛത്തീസ്‌ഗഡും, രാജസ്ഥാനും നിലനിര്‍ത്താമെന്നും, മധ്യപ്രദേശില്‍ ജയിക്കാമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. ഫലം വന്നപ്പോള്‍, ആകെ സന്തോഷിക്കാൻ ഉള്ളത് തെലങ്കാനയില്‍ മാത്രവും. കോണ്‍ഗ്രസിന് സംഭവിച്ച ക്ഷീണം ഇന്ത്യ സഖ്യത്തില്‍ അസ്വസ്ഥതകള്‍ തലപൊക്കി കഴിഞ്ഞു.

‘ ഇത് ബിജെപിയുടെ വിജയമല്ല, കോണ്‍ഗ്രസിന്റെ പരാജയമാണ്’ തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് പ്രതികരിച്ചു. കോണ്‍ഗ്രസ് അവരുടെ മാടമ്ബി മനോഭാവത്തില്‍ നിന്ന് പുറത്തുവരണം. മമതയെ പോലുള്ള മുതിര്‍ന്ന നേതാക്കളുടെ അനുഭവപരിചയം പങ്കിടാൻ മനസ്ഥിതി കാട്ടണം’ അദ്ദേഹം പറഞ്ഞു.

‘ കോണ്‍ഗ്രസിന്റെ പരാജയം ഇന്ത്യ സഖ്യത്തിന്റെ പരാജയമല്ല’, ജനതാദള്‍ യുണൈറ്റഡ് നേതാവ് കെ സി ത്യാഗി പറഞ്ഞു. കോണ്‍ഗ്രസിന് ബിജെപിയോട് മല്ലിടാൻ ആവില്ലെന്ന് വ്യക്തമായി കഴിഞ്ഞു. ഈ സിൻഡ്രോമില്‍ നിന്ന് കോണ്‍ഗ്രസ് പുറത്തുവരണം’, ത്യാഗി അഭിപ്രായപ്പെട്ടു. ഇന്ത്യ സഖ്യത്തിലെ കക്ഷികളില്‍ നിന്ന് കോണ്‍ഗ്രസ് അകന്നുവെന്നും ഡിസംബര്‍ ആറിന് കോണ്‍ഗ്രസ് വിളിച്ച യോഗം കൊണ്ട് എന്ത് കാര്യമെന്നും അദ്ദേഹം ചോദിച്ചു. ‘വിളകള്‍ ഉണങ്ങി കഴിഞ്ഞിട്ട് മഴ പെയ്തിട്ട് എന്തുകാര്യം? ത്യാഗി പരിഹസിച്ചത് ഇങ്ങനെ.

അതേസമയം, എൻസിപിയുടെ മുതിര്‍ന്ന നേതാവ് ശരദ് പവാര്‍ കുറച്ചുമയത്തിലാണ് പ്രതികരിച്ചത്. ഈ ജനവിധി ഇന്ത്യ സഖ്യത്തില്‍ പ്രത്യാഘാതമൊന്നും ഉണ്ടാക്കില്ലെന്നാണ് പവാര്‍ പറഞ്ഞത്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തി കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം പ്രതികരിക്കാമെന്നാണ് പവാറിന്റെ നിലപാട്. കോണ്‍ഗ്രസ് തെലങ്കാനയില്‍ ഉണ്ടാക്കിയ നേട്ടം രാഹുലിന്റെ ഭാരത് ജോഡോ യാത്രയുടെ നേട്ടമാണെന്ന് അഭിനന്ദിക്കാനും പവാര്‍ മറന്നില്ല.

എന്തായാലും, ഹിന്ദി ഹൃദയ ഭൂമിയിലെ കോണ്‍ഗ്രസ് പരാജയത്തോടെ, ഇന്ത്യ സഖ്യത്തിന് തന്ത്രങ്ങള്‍ പുനരാവിഷ്‌കരിക്കേണ്ടി വരും. കോണ്‍ഗ്രസ് ഉയര്‍ത്തി പിടിച്ച ജാതി സെൻസസ് വാദം ഹിന്ദി ബെല്‍റ്റിലെ വോട്ടര്‍മാരില്‍ പ്രതികരണം ഉണ്ടാക്കിയില്ല എന്നതും കണക്കിലെടുക്കേണ്ടി വരും. ബിജെപി ദളിത്-ആദിവാസി വിരുദ്ധമെന്ന് ആരോപിച്ചാണ് ജാതി സെൻസസിനായി പ്രതിപക്ഷം മുറവിളി കൂട്ടിയത്. മധ്യപ്രദേശിലും, ഛത്തീസ്‌ഗഡിലും, ബിജെപി ആധിപത്യം പുലര്‍ത്തുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗ മേഖലകളില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായില്ല. കോണ്‍ഗ്രസിന്റെ എസ്‌എസി എസ്ടി സീറ്റുകള്‍ കുറഞ്ഞപ്പോള്‍, ബിജെപി പട്ടികയിലെ എണ്ണം കൂട്ടുകയും ചെയ്തു.

അതേസമയം, ഇത് താല്‍ക്കാലിക തിരിച്ചടിയാണെന്നും, ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ക്കൊപ്പം, പ്രവര്‍ത്തിച്ച്‌ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ പറഞ്ഞു.

എരിതീയില്‍ എണ്ണയൊഴിച്ച്‌ ആം ആദ്മി പാര്‍ട്ടി

രാജസ്ഥാനിലും, ഛത്തീസ്‌ഗഡിലും, മധ്യപ്രദേശിലും, കോണ്‍ഗ്രസിന് തിരിച്ചടിയേറ്റതോടെ, തങ്ങളാണ് വടക്കേന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയെന്ന അവകാശവാദവുമായി എഎപി രംഗത്തെത്തി. ബുധനാഴ്ച ഇന്ത്യ സഖ്യ യോഗം നടക്കാനിരിക്കെയാണ് മുതുര്‍ന്ന എഎപി നേതാവ് ജാസ്മിൻ ഷായുടെ ട്വീറ്റ്. ‘ ഇന്നത്തെ ഫലത്തിന് ശേഷം, എഎപി രണ്ടും സംസ്ഥാന സര്‍ക്കാരുകളിലെ ഭരണത്തിനൊപ്പം, വടക്കേന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായി മാറി.

ഇന്ത്യ സഖ്യത്തിലെ അധികാരക്രമം നിയമസഭാ തിരഞ്ഞെടുപ്പോടെ മാറുമെന്നാണ് എഎപി നേതാക്കള്‍ പറയുന്നത്. കോണ്‍ഗ്രസ് ഛത്തീഗഡിലും, മധ്യപ്രദേശിലും ജയിച്ചിരുന്നെങ്കില്‍, അവര്‍ക്ക് മേല്‍ക്കൈ കിട്ടിയേനെ. എന്നാല്‍, ഫലം മറിച്ചായതോടെ, സാഹചര്യങ്ങള്‍ മാറി. ഇന്ത്യ സഖ്യം മുന്നോട്ടു പോകണമെങ്കില്‍, കോണ്‍ഗ്രസിന് 2024 ല്‍ മത്സരിക്കുന്ന സീറ്റുകളില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങേണ്ടി വരുമെന്നാണ് എഎപി നേതാക്കള്‍ പറയുന്നത്.