
മലപ്പുറം: വിധവകളേയും നിരാലംബരായ സ്ത്രീകളേയും ഫോണിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും സമ്പത്ത് കവരുന്നത് പതിവാക്കിയ ആളെ മലപ്പുറം പോത്ത് കല്ലില്‍ പൊലീസ് പിടികൂടി. മണവാളൻ റിയാസ്, മുജീബ് എന്നീ പേരുകളിൽ അറിയപ്പെടുന്ന മലപ്പുറം എടപ്പറ്റ സ്വദേശി മുഹമ്മദ് റിയാസാണ് സ്ത്രീയുടെ പരാതിയില്‍ പൊലീസ് പിടിയിലായത്.
സെപ്റ്റംബർ രണ്ടാം തീയതി പോത്തുകല്ല് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി മണവാളൻ റിയാസ് പിടിയിലായത്. വിധവകളേയും നിരാലംബരായ സ്ത്രീകളേയും ഫോണിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും അവരുടെ സ്വർണ്ണവും പണവും കവരുന്നതുമാണ് മണവാളന്‍റെ രീതി.
ഇങ്ങനെ കിട്ടുന്ന പണമുപയോഗിച്ച് ചെന്നൈ, വയനാട് എന്നിവിടങ്ങളിൽ ആഢംബര ജീവിതമാണ് മുഹമ്മദ് റിയാസ് നയിച്ചിരുന്നത്. വയനാട് പനമരത്തുള്ള ഭാര്യയുടെ കൂടെ ഒളിവിൽ താമസിക്കുന്നതിനിടെയിലാണ് പോത്തുകല്ല് പൊലീസ് പ്രതിയെ പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മലപ്പുറം ജില്ലക്ക് പുറമേ പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും മുഹമ്മദ് റിയാസിന് സമാനമായ രീതിയിലുള്ള കേസ്സുകളുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഇയാള്‍ കബളിപ്പിച്ച ഏഴ് സ്ത്രീകളുടെ വിവരം പൊലീസിന് കിട്ടിയിട്ടുണ്ട്. അറസ്റ്റ് വിവരങ്ങള്‍ പുറത്തു വരുന്നതോടെ മണവാളൻ റിയാസിനെതിരെ കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി എത്തുമെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്