ശമ്പള വിതരണത്തിൽ കാലതാമസം; സർവീസ് നിർത്തിവെച്ച് 108 ആംബുലൻസ് ജീവനക്കാർ സമരത്തിൽ; ശമ്പളം നൽകുന്ന സ്വകാര്യ സ്ഥാപനത്തിന് സർക്കാരിൽനിന്ന് ലഭിക്കാനുള്ളത് 90 കോടിയിലേറെ രൂപ
തിരുവനന്തപുരം: ഒക്ടോബർ 30 കഴിഞ്ഞിട്ടും സെപ്റ്റംബർ മാസത്തെ ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് സർവീസ് നിർത്തിവെച്ച് 108 ആംബുലൻസ് ജീവനക്കാർ സമരത്തിൽ. സേവനം നിലച്ചതോടെ അടിയന്തര ഘട്ടങ്ങളിൽ പൊതുജനത്തിന് സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട അവസ്ഥയായി.
പ്രശ്നത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന മുറവിളി ഉയർന്നുതുടങ്ങി. ബുധനാഴ്ച രാവിലെ എട്ടുമുതലാണ് സർവിസ് നിർത്തിവെച്ച് സിഐടിയു സമരം ആരംഭിച്ചത്. ശമ്പള വിതരണത്തിലെ കാലതാമസം സംബന്ധിച്ച് സിഐടിയു പ്രതിനിധികളും സ്വകാര്യ കമ്പനി അധികൃതരും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം.
ഇതിനിടെ, നവംബർ ഒന്നിന് സെപ്റ്റംബർ മാസത്തെ പകുതി ശമ്പളം നൽകാമെന്നും ബാക്കി പിന്നീടെന്നുമാണ് കരാർ കമ്പനി പറഞ്ഞത്. നിലവിൽ രണ്ടുമാസത്തെ ശമ്പളം കുടിശ്ശികയാണ്. ഒരാശുപത്രിയിൽനിന്ന് മറ്റൊന്നിലേക്കുള്ള രോഗികളുമായുള്ള യാത്ര മുടക്കി ചൊവ്വാഴ്ച മുതൽ ബിഎംഎസ് പ്രതിഷേധ രംഗത്തുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശമ്പളം നൽകിയില്ലെങ്കിൽ 108 ആംബുലൻസ് സേവനം പൂർണമായും നിലക്കുന്ന അവസ്ഥയാണ്. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനമാണ് ശമ്പളം നൽകുന്നത്. 90 കോടിയിലേറെ രൂപ സർക്കാറിൽനിന്ന് ലഭിക്കാനുണ്ടെന്നാണ് ശമ്പളം വൈകാനുള്ള കാരണമായി പറയുന്നത്.