സാദാ പൊലീസ് എത്ര വെയിൽ കൊണ്ടാലും, മുന്തിയ കാക്കിക്ക് സല്യൂട്ട് കിട്ടിയാൽ മതി..!

സാദാ പൊലീസ് എത്ര വെയിൽ കൊണ്ടാലും, മുന്തിയ കാക്കിക്ക് സല്യൂട്ട് കിട്ടിയാൽ മതി..!

സ്വന്തം ലേഖകൻ

കോട്ടയം: സാദാ പൊലീസുകാർ എത്ര വെയിൽ കൊണ്ടാലും ശരി, റോഡിൽ ഗതാഗതക്കുരുക്കുണ്ടാകാതിരുന്നാൽ മതി. പച്ച വെള്ളം പോലുമില്ലാതെ സാദാ പൊലീസുകാർ നഗരമധ്യത്തിൽ പൊള്ളും വെയിലിലാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ആരും യാതൊരു കരുണയും കാട്ടാതെ, പച്ചവെള്ളം പോലും കുടിക്കാൻ നൽകാതെയാണ് കൊടും വെയിലിൽ ഈ കാക്കിക്കാർ ഗതാഗതം നിയന്ത്രിക്കുന്നത്. ഗതാഗതക്കുരുക്ക് ഉണ്ടായാൽ അതിന്റെയും പഴി ഈ സാദാ പൊലീസുകാരന്.
പൊരിവെയിലിൽ കൂലിപ്പണിക്കാർ പോലും വിശ്രമം അനുവദിക്കണമെന്ന ചട്ടം നിലനിൽക്കുന്ന നാട്ടിലാണ് സാമാന്യം ഭേദപ്പെട്ട നിലയിൽ ജോലി ചെയ്യുന്ന പൊലീസുകാർ വെയിലേറ്റ് വാടുന്നത്. കോട്ടയത്തെ മിക്ക ട്രാഫിക് ഐലൻഡുകൾക്കും കേരള പൊലീസിനേക്കാൾ പ്രായമുണ്ട്. റോഡുകൾ പല തവണ ടാർ ചെയ്തിട്ടും, വാഹനങ്ങൾ മാറി മാറി വന്നിട്ടും പല ട്രാഫിക് ഐലൻഡുകളും ഒന്ന് പെയിന്റ് അടിക്കുക പോലും ചെയ്തിട്ടില്ല. നാഗമ്പടം, പുളിമൂട് ജംഗ്ഷൻ, നാഗമ്പടം നെഹ്‌റു സ്റ്റേഡിയം, എന്നിവിടങ്ങളിലെ ട്രാഫിക് ഐലൻഡുകൾക്ക് മേൽക്കൂര പോലും നിലവിലില്ല. ലോഗോസ്, കളക്ടറേറ്റ്,, മനോരമ ജംഗ്ഷൻ എന്നിവിടങ്ങളിലാകട്ടെ ഐലൻഡുകളും മേൽക്കൂര ഇടിഞ്ഞ് എപ്പോൾ വേണമെങ്കിലും തലയിൽ വീഴാവുന്ന സ്ഥിതിയിലാണ്. പൊരിവെയിലിൽ ഈ ഇത്തിരി തണലിൽ നിന്നാണ് പൊലീസ് ഉദ്യോഗസ്ഥർ ഗതാഗതം നിയന്ത്രിക്കുന്നത്. ഇതാവട്ടെ ഇങ്ങനെയുമാണ്.
നഗരസഭ അധികൃതരാണ് ഈ ട്രാഫിക് ഐലൻഡുകൾ മിനുക്കി ക്രമീകരിക്കേണ്ടത്. എന്നാൽ, ഇവരാകട്ടെ ഈ പാവം പൊലീസുകാരുടെ ഗതികേടിലേയ്ക്ക് തിരിഞ്ഞ് നോക്കാറുപോലുമില്ല. ്ട്രാഫിക് ഐലൻഡിലെ പൊടിയും ചൂടുമേറ്റ് കഴിയുന്ന പൊലീസുകാർ പലരും ഇപ്പോൾ റോഡിൽ ഇറങ്ങി നിന്നാണ് ട്രാഫിക് നിയന്ത്രിക്കുന്നത്.
നേരത്തെ ട്രാഫിക് ഐലൻഡിലും, ട്രാഫിക് ഡ്യൂട്ടിയിലും ഉള്ള പൊലീസുകാർക്ക് കൃത്യമായി സമയക്രമം നിശ്ചയിച്ച് നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അടക്കം നിർദേശിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഇതെല്ലാം ഉന്നത ഉദ്യോഗസ്ഥർ മറന്ന മട്ടാണ്. മഴക്കാലത്ത് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്ക് മഴക്കോട്ടും, വേനലിൽ കുപ്പിവെള്ളവും ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു. ഇത്തവണ ചൂടേറിയിട്ടും കുപ്പിവെള്ളം എന്നത് കേൾക്കാൻ പോലും ഇല്ലാത്ത അവസ്ഥയിലാണ് പാവം പൊലീസുകാർ.