
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ചുമതലയും ഏറ്റെടുക്കുമെന്ന് മുന്‍ എംഎല്‍എയും തിരുവനന്തപുരം നഗരസഭാ മേയര്‍ സ്ഥാനാര്‍ഥിയുമായ കെ.എസ് ശബരീനാഥന്‍. താന്‍ പാർട്ടിക്കാരനാണന്നും പാര്‍ട്ടി നല്‍കുന്ന ഏത് ചുമതലയും ഏറ്റെടുക്കുമെന്നും ഒന്നാമത് എത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ പഞ്ച് ഡയലോഗ് അടിക്കുന്ന ആളോ, വിസ്ഫോടനം നടത്തുന്ന ആളോ അല്ല. ഉള്ളിന്റെ ഉളളില്‍ ഞാനൊരു പാര്‍ട്ടിക്കാരനാണ്. രണ്ടുതവണ എംഎല്‍എയായി, ഒരു തവണ പരാജയപ്പെട്ടു. അതിനുശേഷം കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റായി. കെപിസിസി ജനറല്‍ സെക്രട്ടറിയായി. ഇതൊക്കെ പാര്‍ട്ടി നല്‍കിയതാണ്’ – ശബരീനാഥന്‍ പറഞ്ഞു
കവടിയാറില്‍ നിന്നാണ് താന്‍ മത്സരിക്കുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് രണ്ടും കല്‍പ്പിച്ചാണ് ഇത്തവണയിറങ്ങുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
100 സീറ്റുകളുണ്ടായിരുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പത്ത് അംഗങ്ങളാണ് യുഡിഎഫിനുള്ളത്. ബിജെപി-സിപിഎം പോരാട്ടമായി ചുരുങ്ങാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും. കോണ്‍ഗ്രസിന്റെ ആദ്യപട്ടിക നാളെ തിങ്കളാഴ്ച പുറത്തിറക്കും.



