തിരുവാർപ്പ് പഞ്ചായത്തിലെ തിരുവായിക്കരി – ഇറമ്പം ഭാഗത്ത് 15 കുട്ടികൾ സ്കൂളിൽ പോയിട്ട് മൂന്നാഴ്ച; വഴി കണ്ടെത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം

Spread the love

കോട്ടയം (കുമരകം): തിരുവാർപ്പ് പഞ്ചായത്തിലെ തിരുവായിക്കരി ഇറമ്പം ഭാഗത്തെ 30 വീടുകളിലെ 15 കുട്ടികൾ റോഡ് ഇല്ലാത്തതു മൂലം സ്കൂളിൽ പോയിട്ട് മൂന്നാഴ്ചയായി. 80 ലേറെ വീട്ടുകാർക്കു വികസനം എന്നത് വെറും വാക്ക്. 50 വീട്ടുകാർക്കു നേരിട്ടു വരാൻ മാർഗമില്ല. പഴുക്കാനിലം ഭാഗത്തു കൂടി നാട്ടകം പള്ളം വഴി വളഞ്ഞു ചുറ്റി തിരുവാർപ്പിൽ എത്തേണ്ട ഗതികേടാണ് ഇവർക്ക്.

വീടാണ് ഇപ്പോൾ ഇവർക്ക് ക്ലാസ് മുറി. എൽകെജി മുതൽ 8ാം ക്ലാസ് വരെ ഉള്ള കുട്ടികളാണു പഠിക്കാൻ പോകാൻ കഴിയാതെ വീട്ടിൽ കഴിയുന്നത്.

തിരുവായിക്കരി പാടശേഖരത്തിന്റെയും ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്തിന്റെയും നടുവിലൂടെ(വല്യവീട്ടിൽ ക്ഷേത്രത്തിനു സമീപം) ഉള്ള 3 കിലോമീറ്റർ നീളമുള്ള റോഡാണ് 30 വീട്ടുകാരുടെ യാത്ര മാർഗം. പാടശേഖരത്തിന്റെ പുറം ബണ്ടാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

4–5 മാസമായി പാടശേഖരത്ത് വെള്ളം കയറി കിടന്നതിനാൽ വീട്ടുകാർ കുട്ടികളെ വള്ളത്തിൽ മലരിക്കൽ എത്തിച്ചു കിളിരൂർ എസ്എൻഡിപി സ്കൂളിൽ എത്തിച്ചിരുന്നു. പാടശേഖരം കൃഷിക്കു വറ്റിച്ചതോടെ പുറം ബണ്ടിലെ റോഡാണ് പിന്നെ ആശ്രയം. മാസങ്ങളായി യാത്ര ഇല്ലാതിരുന്ന റോഡ് നിറയെ കാട് വളർന്നു. 2 കിലോമീറ്റർ നീളമാണു കാട് വളർന്നു നിൽക്കുന്നത്. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. ഒരു കിലോമീറ്റർ നീളം റോഡ് ചെളിക്കുണ്ടായി . കാട്ടിലൂടെ കുട്ടികളെ വിടാൻ വീട്ടുകാർക്കു ഭയമാണ്. അതിനാൽ കുട്ടികളെ സ്കൂളിൽ വിടുന്നില്ല

മലരിക്കൽ ഇറമ്പത്തെ കുട്ടികൾക്ക് സ്കൂളിൽ പോകാൻ ഗതാഗത യോഗ്യമായ  വഴി കണ്ടെത്തി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് തിരുവാർപ്പ് പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. പഞ്ചായത്തിൽ ഒട്ടേറെ തവണ പരാതി നൽകിയിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് കമ്മിഷന്റെ ഇടപെടൽ. ഇറമ്പം പഴക്കാനിലത്ത് നിന്ന് മലരിക്കലിലേക്ക് വള്ളത്തിൽ തോട്ടിലൂടെ വരാനും കഴിയുന്നില്ല. തോടിനു കുറുകെ നടപ്പാലങ്ങൾ ഇട്ടിരിക്കുന്നതിനാൽ വള്ളം കടന്നു പോകില്ല. പാലം ഉയർത്തി ഇടണമെന്ന ആവശ്യം പോലും അധികൃതർ ചെയ്തില്ലെന്നാണു വീട്ടുകാരുടെ പരാതി.

കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജില്ലാ കലക്ടറും വിഷയം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണം. പട്ടിക ജാതി വിഭാഗത്തിലുള്ളവരാണ് ഇവിടെ താമസിക്കുന്നത്.