ജില്ലാ ജഡ്ജി നിയമന നടപടികളിലെ അപാകതകൾ ഉടൻ പരിഹരിക്കണം: അഭിഭാഷക പരിഷത്ത്


സ്വന്തം ലേഖകൻ

കോട്ടയം: നിലവിലുള്ള സംവിധാനമനുസരിച്ച് ഹൈക്കോടതി നടത്തുന്ന ജുഡിഷ്യൽ ഓഫീസർമാരുടെ നിയമനങ്ങളെല്ലാം ഉന്നത കോടതിയുടെ ഇടപെടൽ ആവശ്യമുള്ളതായി വരുന്നത് ശ്രദ്ധിക്കണമെന്ന് കോട്ടയം അഭിഭാഷക പരിഷത്ത് ജില്ലാ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇരുപത്തഞ്ചു ശതമാനം മാത്രമാക്കി ചുരുക്കിയ അഭിഭാഷകർക്കായുള്ള ജില്ലാ ജഡ്ജി പദവികളിലേക്ക് ഒരു കോടതി ഉത്തരവുമില്ലാതെ ജുഡിഷ്യൽ ഓഫീസർമാരെ തിരുകിക്കയറ്റുന്നതിനുള്ള നടപടികൾ റദ്ദാക്കി ഇക്കാര്യത്തിൽ സുതാര്യത ഉറപ്പു വരുത്തുന്നതിനു യുക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള പ്രമേയം ജില്ലാ സമ്മേളനത്തിൽ അംഗീകരിച്ചു. ബഹു: ഹൈക്കോടതി അഭിഭാഷകരെ കൂടുതലായി ഉൾപ്പെടുത്തുവാൻ ഉത്തരവിട്ടിട്ടും വീണ്ടും ജുഡീഷ്യൽ ഓഫീസർമാരെ തിരുകിക്കയറ്റുകയായിരുന്നുവെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യം വിജ് ഞാപനത്തിൽ രേഖപ്പെടുത്തിയിരുന്നേയില്ല. മുൻസിഫ് മജിസ്‌റ്റ്രേട്ട് നിയമനങ്ങളും മുൻ വർഷങ്ങളിലെ ജില്ല ജഡ്ജിനിയമനങ്ങളും സുപ്രീം കോടതിയിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. പ്രമേയങ്ങൾ ഗവർണർക്കും ചീഫ് ജസ്റ്റിസിനും സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രക്ഷോഭ സംബന്ധമായ തീരുമാനങ്ങൾ ഉടൻ കൈക്കൊള്ളുമെന്ന് സംസ്ഥാന സെക്രട്ടറി ബി അശോക് പറഞ്ഞു.

കോട്ടയത്ത് നടന്ന അഭിഭാഷക പരിഷത്ത് ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി അഡ്വ. ബി അശോക് പള്ളിക്കത്തോട് ഉദ്ഘാടനം ചെയ്തു. അഡ്വ.ഡോ. വി. ടി. റെജിമോൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. അനിൽ ഐക്കര (ജില്ലാ പ്രസിഡന്റ്) അഡ്വ. ശ്രീനിവാസ് പൈ (ജില്ലാ സെക്രട്ടറി) അഡ്വ. ഗിരീഷ് കുമാർ (ട്രഷറർ) എന്നിവരെയും മറ്റു ഭാരവാഹികളെയും തെരഞ്ഞെടുത്തു. അഡ്വ. രോഹിത് ആർ, അഡ്വ ജോഷി ചീപ്പുങ്കൽ, അഡ്വ. രമേഷ് വി ജി, അഡ്വ.സോണി ജേക്കബ്, അഡ്വ. രശ്മി കെ എം, അഡ്വ. അരവിന്ദാക്ഷ മേനോൻ വൈക്കം തുടങ്ങിയവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group