അറുപറ ദമ്പതി തിരോധാനം: അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് പൊലീസ്
കോട്ടയം: ഹര്‍ത്താല്‍ ദിനത്തില്‍ അറുപറയില്‍നിന്ന് കാണാതായ ദമ്പതികളുടെ കേസ് സംബന്ധിച്ച് അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് പൊലീസ്. കുമ്മനം അറുപുറ ഒറ്റക്കണ്ടത്തില്‍ ഹാഷിമിനെയും (42) ഭാര്യ ഹബീബയെയും (37) കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് അബ്ദുല്‍ഖാദര്‍ നല്‍കിയ കേസിന്റെ വാദത്തിനിടെയാണ് പൊലീസ് ഹൈക്കോടതിയില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം, ഇത്രയും നാളായിട്ടും കണ്ടെത്താന്‍ പര്യാപ്തമായ തെളിവുകള്‍ എന്തെങ്കിലുമുണ്ടോയെന്ന് ചോദ്യത്തിന് വ്യക്തമായ മറുപടി കിട്ടിയില്ല.
ഈസാഹചര്യത്തില്‍ കേസ് കൂടുതല്‍ പഠിക്കുന്നനതിന് ഇതുമായി ബന്ധപ്പെട്ട പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണറിപ്പോര്‍ട്ട്, കേസ് ഡയറി എന്നിവ വാങ്ങി. സഞ്ചരിച്ച വാഹനം ഉള്‍പ്പെടെയുള്ളവ ചതുപ്പില്‍ അകപ്പെട്ടാല്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്ന് പൊലീസിനുവേണ്ടി ഹാജരായി ഗവ. പ്ലീഡര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ആയതിനാല്‍ കേസ് അന്വേഷണത്തിന് കൂടുതല്‍ സമയംവേണമെന്ന ആവശ്യവും മുന്നോട്ടുവെച്ചു. 2017 ഏപ്രില്‍ ആറിന് രാത്രി 9.15ന് പുതിയകാറില്‍ വീട്ടില്‍നിന്നും ഭക്ഷണംവാങ്ങാന്‍ പുറപ്പെട്ട ദമ്പതികളെ പിന്നീടാരും കണ്ടിട്ടില്ല. കാണാതായ സമയത്ത് ഹാഷിം മൊബൈല്‍ ഫോണ്‍, എ.ടി.എം കാര്‍ഡ്, പഴ്‌സ്, ലൈസന്‍സ് എന്നിവ എടുത്തിരുന്നില്ല. ലോക്കല്‍ പൊലീസിന്റെ നേതൃത്വത്തില്‍ ഇടുക്കി, കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വ്യാപകരതെരച്ചില്‍ നടത്തിയെങ്കിലും സൂചന ലഭിച്ചില്ല. ഇതിനിടെ, ആറ്റില്‍പോയതാണെന്ന അഭ്യൂഹവും പരന്നതോടെ താഴത്തങ്ങാടി ആറ്റിലും സമീപത്തെ കൈതോടുകളിലും തെരച്ചിലിന് നേവിയുടെ സംഘമെത്തി. സി ഡാക്കിന്റെ സഹായത്തോടെ ജില്ലയിലെ വിവിധ ജലാശയങ്ങളില്‍ ആധുനികയന്ത്രങ്ങളുടെ സഹായത്തോടെയും പരിശോധന നടത്തിയെങ്കിലും കാര്യമായ സൂചനകിട്ടിയില്ല. ജലാശയത്തില്‍ കാര്‍ ഉള്‍പ്പെടെ മുങ്ങിയതാകാമെന്ന നിഗമനത്തില്‍ സ്‌കാനര്‍ ഉപയോഗിച്ച് രണ്ടുതവണയാണ് പരിശോധന നടത്തിയത്. ഈസാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ദമ്പതികളെ കണ്ടുവെന്ന തരത്തില്‍ ചില സൂചനകളും സി.സി.ടി.വി ദൃശ്യവും ക്രൈംബ്രാഞ്ചിന് ലഭിച്ചതോടെ അജ്മീര്‍ കേന്ദ്രീകരിച്ച് ഒരാഴ്ചയോളം പരിശോധന നടത്തിയിരുന്നു.രണ്ടാഴ്ചക്കുള്ളില്‍ കേസ് വീണ്ടും പരിഗണിക്കും. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. ടോം ജോസ് പടിഞ്ഞാറേക്കര ഹാജരായി.