
പന്തളം: പമ്പയിലെപ്പോലെ പന്തളത്തും കുളിക്കടവുകളിലും അച്ചൻകോവിലാറ്റിലും തീർഥാടകർ വസ്ത്രങ്ങളുപേക്ഷിക്കുന്നു. പന്തളം വലിയകോയിക്കൽ ക്ഷേത്രക്കടവിൽ ഇത്തരത്തിൽ ഉപേക്ഷിച്ച വസ്ത്രങ്ങൾ പലയിടങ്ങളിലായി കൂടിക്കിടക്കുന്നുണ്ട്. മുൻവർഷങ്ങളിൽ വസ്ത്രം ഉപേക്ഷിക്കുന്നുണ്ടായിരുന്നെങ്കിലും, വളരെ കുറഞ്ഞ ദിവസത്തിനുള്ളിൽ ഇത്രയധികം തുണികൾ കൂട്ടിയിടുന്നത് ആദ്യമായാണ്.
ശബരിമലനട തുറന്ന് ഒരാഴ്ചയായപ്പോഴേക്കുമാണ് ഇത്രയധികം വസ്ത്രങ്ങൾ ഉപേക്ഷിച്ചനിലയിൽ കണ്ടത്. കറുപ്പുമുണ്ടും കാവിമുണ്ടും തോർത്തും ഷാളും മാലയും എല്ലാം ഉപേക്ഷിച്ചവയുടെ കൂട്ടത്തിലുണ്ട്. ഇത് നീക്കംചെയ്യാത്തതുകാരണം, എത്തുന്ന തീർഥാടകർക്കും ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. പമ്പയിലെപ്പോലെ, വസ്ത്രങ്ങൾ ഉപേക്ഷിക്കരുതെന്ന ബോർഡുവെച്ച് ബോധവത്കരണം നടത്തുകയും പരിശോധന നടത്തുകയും ചെയ്തില്ലെങ്കിൽ ഇത് പരിസ്ഥിതിപ്രശ്നത്തിന് വഴിതെളിക്കും.
തീർഥാടകരുടെ സുരക്ഷിതത്വത്തിനായി കടവിൽ വേലികെട്ടിയിരിക്കുന്നതുകാരണം, വെള്ളത്തിലിടുന്ന തുണിത്തരങ്ങൾ ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുകയും ഒഴുക്ക് തടസ്സപ്പെടുകയും ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group



