നുഴഞ്ഞുകയറ്റം തടയാന്‍ ഇന്ത്യ: അതിര്‍ത്തിയില്‍ ലേസര്‍ മതില്‍

നുഴഞ്ഞുകയറ്റം തടയാന്‍ ഇന്ത്യ: അതിര്‍ത്തിയില്‍ ലേസര്‍ മതില്‍

ന്യൂഡല്‍ഹി: പഠാന്‍കോട്ട് ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്ത്യ തയാറായി കഴിഞ്ഞു. ഇനി രാജ്യത്തേക്ക് നുഴഞ്ഞു കയറിയാല്‍ ഭീകരര്‍ വിവരമറിയുമെന്നുറപ്പ്. ത്രിപുരയില്‍ ബംഗ്ലദേശുമായുള്ള അതിര്‍ത്തി സുരക്ഷയ്ക്കു ലേസര്‍ രശ്മികളും ഉപയോഗിക്കാനാണ് ബിഎസ്എഫ് പദ്ധതി. അതിര്‍ത്തിയില്‍ കമ്പിവേലികള്‍ സ്ഥാപിക്കാന്‍ കഴിയാത്ത ചതുപ്പു പ്രദേശങ്ങളിലും നദിയിലും ലേസര്‍ അധിഷ്ഠിത അദൃശ്യ അതിരുകള്‍ സ്ഥാപിക്കുന്നതു പരിഗണനയിലാണെന്നു ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു. പിന്നീടു കമ്പി വേലികള്‍ ഉള്ളിടത്തേക്കും ലേസര്‍ കാവല്‍ വ്യാപിപ്പിക്കും. അതിര്‍ത്തിയെ ലേസര്‍ രശ്മികള്‍ കൊണ്ടു സുരക്ഷിതമാക്കാന്‍ ഇസ്രയേല്‍ സാങ്കേതിക വിദ്യയാവും ഇന്ത്യ ഉപയോഗിക്കുക. ലേസര്‍ രശ്മിയുടെ അദൃശ്യ സുരക്ഷാവലയം ഭേദിച്ചാലുടന്‍ സെന്‍സറുകള്‍ ഇതു തിരിച്ചറിയുകയും കണ്‍ട്രോള്‍ റൂമില്‍ അപായസന്ദേശം നല്‍കുകയും ചെയ്യും. ലേസര്‍ തടസ്സപ്പെടുത്തുന്ന നീക്കത്തിന്റെ ചിത്രങ്ങള്‍ ക്യാമറകള്‍ കണ്‍ട്രോള്‍ റൂമിലെത്തിക്കും. രാത്രിയിലും കടുത്ത മൂടല്‍മഞ്ഞിലും പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ ഇതിനായി സ്ഥാപിക്കും.

നുഴഞ്ഞുകയറ്റം തടയാന്‍ അസമിലെ രാജ്യാന്തര അതിര്‍ത്തിയായ ധൂബ്രിയിലും സമാന സുരക്ഷ ഒരുക്കുന്നതു പരിഗണനയിലുണ്ട്. പഞ്ചാബ്, ജമ്മു എന്നിവിടങ്ങളില്‍ പാക്കിസ്ഥാനുമായുള്ള അതിര്‍ത്തി മേഖലകളില്‍ ലേസര്‍ അതിരുകള്‍ നേരത്തേ സജ്ജമാക്കിയിരുന്നു. നുഴഞ്ഞുകയറ്റം തടയാന്‍ ഇത് ഏറെ സഹായിച്ചുവെന്നാണു വിലയിരുത്തല്‍.

ത്രിപുരയില്‍ 856 കിലോമീറ്റര്‍ നീളമുള്ള ബംഗ്ലദേശ് അതിര്‍ത്തിയില്‍ 840 കിലോമീറ്ററില്‍ കമ്പിവേലി സ്ഥാപിക്കാനുള്ള പദ്ധതിക്കു കേന്ദ്രം നേരത്തേ പച്ചക്കൊടി കാട്ടിയിരുന്നു. ഇതിനു പുറമേയാണു ലേസര്‍ കാവല്‍ കൂടി ഒരുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :