നീരവ് മോദി യു.കെയില്‍ നിന്നും മുങ്ങി: റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിട്ട് ഇന്റര്‍പോള്‍

നീരവ് മോദി യു.കെയില്‍ നിന്നും മുങ്ങി: റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിട്ട് ഇന്റര്‍പോള്‍

ലണ്ടന്‍: കോടികളുടെ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്നും മുങ്ങിയ നീരവ് മോദി ഒളിത്താവളങ്ങള്‍ മാറ്റുന്നു. യുകെയില്‍ അഭയം പ്രാപിച്ച നീരവ് അവിടെ സുരക്ഷിതമല്ലെന്ന് അറിഞ്ഞതോടെ ബ്രസല്‍സിലേക്ക് മുങ്ങിയെന്ന് പുതിയ റിപ്പോര്‍ട്ട്. മോദിയെ വിട്ട് കിട്ടണമെന്ന നിലപാട് ഇന്ത്യ കര്‍ശനമാക്കിയതോടെ ബ്രിട്ടന്‍ സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് ഇയാള്‍ ബ്രസില്‍സിലേക്ക് മുങ്ങിയതെന്നും സൂചനയുണ്ട്. സിംഗപ്പൂര്‍ പാസ്‌പോര്‍ട്ടില്‍ മുങ്ങിയ തട്ടിപ്പുകാരന് വേണ്ടി ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം നേടാനുള്ള മോദിയുടെ രഹസ്യനീക്കമാണ് ഇതോടെ പാളിയിരിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,578 കോടി രൂപ അടിച്ച് മാറ്റിയായിരുന്നു മോദി ഇന്ത്യ വിട്ടത്.

ചൊവ്വാഴ്ചയോ അല്ലെങ്കില്‍ ബുധനാഴ്ചയോ യുകെയില്‍ നിന്നും ഒരു പ്ലെയിനില്‍ കയറി മോദി ബ്രസല്‍സിലേക്ക് മുങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലണ്ടനില്‍ രാഷ്ട്രീയ അഭയം തേടാന്‍ മോദി ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ പത്രങ്ങളുടെ മുന്‍ പേജുകളില്‍ നിറഞ്ഞ് നില്‍ക്കുന്ന അവസരത്തിലാണ് അയാള്‍ പലായനം ചെയ്തിരിക്കുന്നത്. മോദി ബ്രിട്ടനിലുണ്ടെന്ന ഔപചാരിക സ്ഥിരീകരണം ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ നിന്നും ഇന്ത്യന്‍ കാത്തിരിക്കുമ്‌ബോഴാണ് അയാള്‍ മുങ്ങിയിരിക്കുന്നതെന്നതും ഗൗരവകരമാണ്. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബാങ്കിങ് തട്ടിപ്പ് നടത്തിയ മോദിയെ തിരിച്ച് കൊണ്ടു വരാന്‍ ഇന്ത്യ അങ്ങേയറ്റം ശ്രമിക്കുന്നതിനിടയിലാണ് അയാള്‍ കടന്ന് കളഞ്ഞിരിക്കുന്നത്.

മോദിക്കും സഹോദരനും ബെല്‍ജിയം പൗരനുമായ നിഷാലിനുമെതിരെ ഒരു റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ സിബിഐ തിങ്കളാഴ്ച തന്നെ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരുന്നു. മുംബൈയിലെ ഒരു പ്രത്യേക കോടതി മോദിക്കും കുടുംബത്തിനുമെതിരെ ചൊവ്വാഴ്ച ഒരു ജാമ്യരഹിത വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. മോദി ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ബ്രസല്‍സിലേക്ക് കടന്നുവെന്ന് ഇന്ത്യന്‍ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട ഒരു ഉറവിടമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. സിംഗപ്പൂര്‍ പാസ്‌പോര്‍ട്ടിലാണ് മോദി കടന്നിരിക്കുന്നതെന്ന് ഇന്ത്യ ഇന്റര്‍പോളിനെ അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയാള്‍ സിംഗപ്പൂര്‍ പാസ്‌പോര്‍ട്ടിലാണ് കടന്നതെങ്കില്‍ അയാളുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് മേല്‍ പുറപ്പെടുവിച്ചിരിക്കുന്ന ജാമ്യരഹിത വാറന്റിന്റെ ബലത്തില്‍ മോദിക്കെതിരെ ഇന്ത്യക്ക് ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ് സംജാതമാകുക. അങ്ങനെ വരുമ്‌ബോള്‍ ഇന്ത്യക്ക് ഇക്കാര്യത്തില്‍ സിംഗപ്പൂരിന് മേല്‍ സമ്മര്‍ദം ചെലുത്തേണ്ടി വരും. ഇത് ഇന്ത്യക്കും ഇന്റര്‍പോളിനുമിടയില്‍ പ്രശ്‌നത്തിന് വഴിയൊരുക്കുമെന്നും ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഉറവിടം വിശദീകരിക്കുന്നു. മോദി ഇന്ത്യന്‍ പാസ്‌പോര്‍ട്ടുപയോഗിച്ചാണോ മുങ്ങിയതെന്ന് അറിയില്ലെന്നാണ് ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ പ്രതികരിച്ചിരിക്കുന്നത്. യുകെയിലെ ഹോം ഓഫീസ് സംഭവത്തോട് പ്രതികരിച്ചിട്ടില്ല.

Tags :