ജീപ്പിനു തീപിടിച്ചു വ്യാപാരി മരിച്ചു

ജീപ്പിനു തീപിടിച്ചു വ്യാപാരി മരിച്ചു

അടിമാലി: ജീപ്പിനു തീപിടിച്ച് വാഹന ഉടമയായ വ്യാപാരി മരിച്ചു. ഇടുക്കി വെള്ളത്തൂവലിനു സമീപം പൊന്മുടി കോലോത്ത് ബേബി മാത്യു (ബേബിച്ചന്‍53) ആണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് ആറുമണിയോടെ വെള്ളത്തൂവല്‍കൊന്നത്തടി റോഡില്‍ വിമലാസിറ്റിക്കു സമീപമാണ് സംഭവം നടന്നത്. ആനച്ചാലില്‍ കെ.എം. ട്രേഡേഴ്‌സ് എന്ന പേരില്‍ പെയിന്റ് വ്യാപാരി കൂടിയായ ബേബി തിങ്കളാഴ്ച്ച വൈകിട്ട് ആനച്ചാലില്‍ നിന്നും ഇന്‍വേര്‍ഡര്‍ ജീപ്പില്‍ വീട്ടിലേക്കു പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. വീട്ടിലെ ആവശ്യങ്ങള്‍ക്കായി വാഹനത്തില്‍ പെട്രോള്‍ വാങ്ങി വച്ചിരുന്നതായി ഇദ്ദേഹവുമായി ബന്ധമുള്ളവര്‍ പറഞ്ഞു. വിമലാസിറ്റിയില്‍ റോഡുവക്കില്‍ വാഹനം നിര്‍ത്തിയ നിലയില്‍ തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാരാണ് സംഭവം പോലീസില്‍ അറിയിച്ചത്. വെള്ളത്തൂവല്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി.കെ. ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയപ്പോള്‍ വാഹനത്തിന്റെ ഡ്രൈവിംങ് സീറ്റില്‍ ചെരിഞ്ഞ് ചാരിയിരിക്കുന്ന തരത്തില്‍ കത്തിയെരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. വാഹനത്തില്‍ തീ ആളിക്കത്തുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാഹനം പൂര്‍ണമായി കത്തിയമര്‍ന്ന നിലയിലാണ്.
വാഹനത്തില്‍ തീപിടിച്ച ശേഷവും ബേബി വാഹനത്തില്‍ നിന്നും ഇറങ്ങി രക്ഷപെടാന്‍ ശ്രമിക്കാതിരുന്നതിനാല്‍ സംഭവത്തില്‍ ദുരൂഹതയുള്ളതായി സൂചനയുണ്ട്. ഇതിനിടെ വാഹനത്തിലുണ്ടായിരുന്ന പെട്രോളിന് തീപിടിച്ച് പൊടുന്നനെയുണ്ടായ സ്‌ഫോടനത്തില്‍ മരിക്കുകയായിരുന്നുവെന്നും സംശയമുണ്ട്. ഇന്‍ക്വസ്റ്റ് തയാറാക്കിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൊന്മുടി കദളിക്കാട്ടില്‍ ആശയാണ് ഭാര്യ. അമല്‍ (ഡിഗ്രി വിദ്യാര്‍ഥി, മുരിക്കാശേരി കോളജ്), ജോസഫ് (പ്ലസ് വണ്‍ വിദ്യാര്‍ഥി, ക്രിസ്തുജ്യോതി സ്‌കൂള്‍ രാജാക്കാട്)എന്നിവര്‍ മക്കളാണ്. സംസ്‌കാരം വെള്ളത്തൂവല്‍ സെന്റ് ജോസഫ് പള്ളിയില്‍.