കോണ്‍ഗ്രസില്‍ തമ്മിലടി തുടരുന്നു; മുല്ലപ്പള്ളിയെ അനുകൂലിച്ച് പോസ്റ്റര്‍

കോണ്‍ഗ്രസില്‍ തമ്മിലടി തുടരുന്നു; മുല്ലപ്പള്ളിയെ അനുകൂലിച്ച് പോസ്റ്റര്‍

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് പണയപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ കോണ്‍ഗ്രസിലെ തര്‍ക്കം പോസ്റ്റര്‍ യുദ്ധത്തിലേക്കും. തിങ്കളാഴ്ച്ച ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയില്‍ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രനെ വേണ്ടെന്ന് ഒരു വിഭാഗം പറഞ്ഞതിന് പിന്നാലെ മുല്ലപ്പള്ളിക്ക് അനുകൂല പോസ്റ്ററുകളും ചൊവ്വാഴ്ച്ച പ്രത്യക്ഷപ്പെട്ടു തുടങ്ങി.
മുല്ലപ്പളളി രാമചന്ദ്രനെ അനുകൂലിച്ച് ഇന്ദിരാഭവന്റെയും തിരുവനന്തപുരം ഡിസിസി ഓഫിസിന്റെയും മുന്നിലുമാണ് പോസ്റ്ററുകള്‍. മുല്ലപ്പള്ളിയെ കെപിസിസി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ടാണു പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ച മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റാക്കുന്നതിനെതിരെ ഇന്ദിരാഭവനു മുന്നില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അനുകൂല പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നതും ശ്രദ്ധേയം.
പാലക്കാട് നഗരത്തിലും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജീര്‍ണിച്ച നേതൃത്വത്തിനു വിശ്രമം നല്‍കണം, ജനസ്വാധീനമില്ലാത്ത ആസ്ഥാനമോഹികളെ മാറ്റി നിര്‍ത്തണമെന്നും പോസ്റ്ററിലുണ്ട്. സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.