കെവിന്റെ മരണം; ശരീരത്തിലെ മുറിവുകളില്‍ ദുരൂഹത

കെവിന്റെ മരണം; ശരീരത്തിലെ മുറിവുകളില്‍ ദുരൂഹത

കോട്ടയം: മലയാളിയുടെ മനസാക്ഷിയെ ഞെട്ടിച്ച കെവിന്‍ കൊലക്കേസില്‍ ദുരൂഹതകള്‍ തീരുന്നില്ല. മരിച്ച കെവിന്റെ ശരീരത്തില്‍ എങ്ങനെ ഇത്രയും മുറിവുകളുണ്ടായെന്നതാണ് ഇപ്പോഴത്തെ സംശയം. ഇത് സംബന്ധിച്ച് വ്യക്തത വരുത്താനായി പൊലീസ് സര്‍ജന്മാരുടെ സംഘം മൃതദേഹം കാണപ്പെട്ട സ്ഥലം പരിശോധിക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ തിരുവനന്തപുരത്തു ചേര്‍ന്ന ആരോഗ്യ വകുപ്പു മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനം. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും ഉന്നത പൊലീസ് സര്‍ജന്മാരുടെ സംഘം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വിശകലനം ചെയ്‌തെങ്കിലും മരണകാരണം സംബന്ധിച്ച അന്തിമ തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞില്ല.

കെവിന്റെ ശരീരത്തില്‍ 16 മുറിവുകളും ക്ഷതങ്ങളും ഏറ്റിട്ടുണ്ടെന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഈ ക്ഷതങ്ങളും മുറിവുകളും ഉണ്ടാകാനുള്ള സാഹചര്യം കെവിന്റെ മൃതദേഹം കണ്ടെത്തിയ തെന്മല ചാലിയക്കര പുഴയിലും പരിസര പ്രദേശങ്ങളിലുമുണ്ടോയെന്നു കണ്ടെത്തുകയാണ് സ്ഥലപരിശോധനയുടെ ഉദ്ദേശ്യം.

തട്ടിക്കൊണ്ടുപോയ ഗുണ്ടാ സംഘത്തില്‍നിന്നു രക്ഷപ്പെടാന്‍ ഓടിയ കെവിന്‍ മേയ് 27നു രാവിലെ തെന്മല ചാലിയക്കരയില്‍ പുഴയില്‍ മുങ്ങിമരിച്ചുവെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തലും പോസ്റ്റ്‌മോര്‍ട്ടത്തിലെ സൂചനയും. എന്നാല്‍ രക്ഷപ്പെടാനുള്ള ഇരുട്ടിലൂടെയുള്ള ഓട്ടത്തില്‍ പുഴയില്‍ ചാടിയ കെവിന്‍ മരിച്ചതാണോ അതോ ഗുണ്ടാ സംഘത്തിന്റെ അടിയേറ്റ് അബോധാവസ്ഥയിലായ കെവിനെ മരിച്ചുവെന്നു കരുതി പുഴയില്‍ തള്ളിയതാണോ എന്നും സംശയമുണ്ട്. ഈ സംശയങ്ങള്‍ തീര്‍ക്കുന്നതിനാണ് അന്വേഷണ സംഘം മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ വിലയിരുത്തല്‍ നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെന്മല സ്വദേശി നീനു ചാക്കോയുമായുള്ള പ്രണയവിവാഹത്തിന്റെ പേരില്‍ നീനുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയ നട്ടാശേരി സ്വദേശി കെവിന്റെ മൃതദേഹമാണ് ചാലിയക്കരയില്‍ പുഴയില്‍ കണ്ടെത്തിയത്.