വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതോടെ ഭാര്യ ആശുപത്രിയിലാക്കി; ആശുപത്രിയിലെ ആറ് നില കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്; രക്ഷരായി ഫയർഫോഴ്സും
സ്വന്തം ലേഖിക
മലപ്പുറം: കോട്ടക്കല്‍ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയുടെ ആറു നില കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ മലപ്പുറം അഗ്‌നിരക്ഷാ സേന അനുനയിപ്പിച്ചു താഴെ ഇറക്കി.
മാനസിക അസ്വസ്ഥ്യമുള്ള യുവാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്നാണ് ഭാര്യയോടൊപ്പം ചികിത്സക്ക് വേണ്ടി ആശുപത്രിയില്‍ എത്തിയത്. ഐ സി യു- വില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു യുവാവ് പെട്ടെന്ന് ഓടിപ്പോയി ആശുപത്രിയുടെ മുകളില്‍ കയറിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആറ് നിലയുള്ള കെട്ടിടത്തിന്റെ ഷീറ്റ് മേഞ്ഞ മുകള്‍ നിലയിലെ സീലിംഗ് തകര്‍ത്ത് അകത്തു കയറി അതിനുള്ളിലൂടെ പുറത്തെ അപകടകരമായ ചെരിഞ്ഞ സണ്‍ ഷെയ്ഡിലേക്ക് ഇറങ്ങി നിന്ന യുവാവ് ആത്മഹത്യാഭീഷണി മുഴക്കി. ഈ സമയം നാട്ടുകാരും ആശുപത്രി അധികൃതരും ചേര്‍ന്ന് യുവാവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഈ ശ്രമങ്ങളൊന്നും വിജയിച്ചില്ല.
ഒടുവില്‍ മലപ്പുറം അഗ്‌നിരക്ഷാ നിലയത്തില്‍ നിന്ന് സേനാംഗങ്ങള്‍ എത്തി. നാട്ടുകാരുടെ സഹായത്തോടെ താഴെ ഭാഗത്ത് വല വിരിക്കുകയും ചെയ്തു. കെട്ടിടത്തിന് മുകള്‍ നിലയില്‍ കയറിയ സേനാഗംങ്ങള്‍, ഒന്നര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ ശാന്തനാക്കി.
പിന്നീട് ഇയാളെ കയറിന്റെയും സുരക്ഷാ ബെല്‍റ്റിന്റെയും സഹായത്തോടെ ഉള്ളിലേക്ക് കയറ്റാനുള്ള ശ്രമം നടത്തി. എന്നാല്‍ ഏറെ നേരം പരിശ്രമിച്ചിട്ടും ഇത് പരാജയപ്പെട്ടു. അപകടകരമായ സ്ഥലത്തായിരുന്നു യുവാവ് നിലയുറപ്പിച്ചത്. കാല്‍ തെറ്റിയാല്‍ താഴേക്ക് പതിക്കുന്ന രീതിയിലുള്ള ചെരിഞ്ഞ സണ്‍ ഷൈഡില്‍ ഒരാള്‍ക്ക് കൂടി നില്‍ക്കാനോ രക്ഷാപ്രവര്‍ത്തനം നടത്താനോ ഉള്ള സ്ഥലം ഇല്ലായിരുന്നു.
ഒടുവില്‍ വെന്റിലേഷനിലൂടെ കൈ പിടിച്ച് അകത്തു കടത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.